പ്രിയങ്കയുടെ സഹായിക്കും യുപി കോൺഗ്രസ് അധ്യക്ഷനുമെതിരേ വഞ്ചനക്കുറ്റം
ലക്നൗ: ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു, പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി സന്ദീപ് സിങ് എന്നിവർക്കെതിരേ യുപി പൊലീസ് വഞ്ചനക്കുറ്റത്തിനു കേസെടുത്തു. കുടിയേറ്റ തൊഴിലാളികളെ വീട്ടിലെത്തിക്കാൻ കോൺഗ്രസ് സജ്ജമാക്കിയെന്ന് അവകാശപ്പെട്ട് കോൺഗ്രസ് നൽകിയ 1000 ബസുകളുടെ ലിസ്റ്റിൽ ഓട്ടോറിക്ഷകളും കാറുകളും ട്രക്കുകളുമൊക്കെ അടങ്ങിയിട്ടുണ്ടെന്ന് യുപി സർക്കാർ വ്യക്തമാക്കിയതിനു പിന്നാലെയാണിത്.
ലിസ്റ്റിലെ നൂറോളം വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ ബസുകളുടേതല്ലെന്ന് സംസ്ഥാന സർക്കാർ വക്താവ് പറഞ്ഞു. ശേഷിച്ച ബസുകളിൽ 297 എണ്ണത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റോ ഇൻഷ്വറൻസ് പേപ്പറുകളോ ഇല്ല- സർക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, രാജസ്ഥാൻ- യുപി അതിർത്തിയിൽ അകത്തു കടക്കാൻ സർക്കാർ അനുമതി കാത്തുകിടക്കുകയാണ് ബസുകളെന്നു കോൺഗ്രസ് നേതാക്കൾ പറയുന്നു. ആഗ്രയിലേക്കു വരാനാണ് അവ കാത്തുകിടക്കുന്നത്.
അജയ്കുമാർ ലല്ലുവിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച പ്രതിഷേധവുമായി ആഗ്ര അതിർത്തിയിലെത്തിയ കോൺഗ്രസ് പ്രവർത്തകർ ഇതേച്ചൊല്ലി പൊലീസുമായി തർക്കത്തിൽപ്പെട്ടു. ധർണ നടത്തിയ സ്ഥലത്തു നിന്ന് ലല്ലുവിനെ പൊലീസ് വലിച്ചിഴച്ചു കാറിൽ കയറ്റി ആഗ്ര പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഓടിക്കാൻ യോഗ്യതയുണ്ടെന്ന് സംസ്ഥാന സർക്കാർ കണ്ടെത്തിയ ബസുകളിലെങ്കിലും കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പിന്നീട് ട്വീറ്റ് ചെയ്തു.
879 ബസുകൾ നിയമപരമായി ഓടിക്കാൻ കഴിയുന്നതാണെന്ന് സംസ്ഥാന സർക്കാർ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും പ്രിയങ്ക. എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാരെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ലോക് ഡൗണിൽ കുടുങ്ങി നാട്ടിലെത്താൻ കഴിയാതെ കഷ്ടപ്പെടുന്ന കുടിയേറ്റ തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികളാണ് യോഗി ആദിത്യനാഥ് സർക്കാരിന്റേതെന്നും പ്രിയങ്ക.
ബസുകളിൽ യുപി സർക്കാരിന്റെയും ബിജെപിയുടെയും പോസ്റ്ററുകൾ പതിച്ചിട്ടായാലും വേണ്ടില്ല കുടിയേറ്റ തൊഴിലാളികളെ ഉടൻ നാട്ടിലെത്തിക്കൂ എന്നാണു പ്രിയങ്കയുടെ ട്വീറ്റ്. കുടിയേറ്റ തൊഴിലാളികളെ യുപിയിലെത്തിക്കാൻ താത്പര്യമില്ലാത്ത സംസ്ഥാന സർക്കാർ കോൺഗ്രസിനെതിരേ ആരോപണം ഉന്നയിച്ചു രാഷ്ട്രീയം കളിക്കുകയാണെന്ന് പാർട്ടിയുടെ സംസ്ഥാന നേതാക്കളും ആരോപിക്കുന്നു.
അതേസമയം, കോൺഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നാണ് ബിജെപി തിരിച്ചടിക്കുന്നത്. കോൺഗ്രസ് ബസ് കുംഭകോണമാണു നടത്തുന്നതെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് ആരോപിച്ചു. സ്വയം കുഴിച്ച കുഴിയിൽ കോൺഗ്രസ് വീണു എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. യുപി സർക്കാരിന് കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ 1000 ബസുകൾ അനുവദിക്കാമെന്ന് മേയ് 16നു പ്രിയങ്ക
വാഗ്ദാനം നൽകിയതോടെയാണ് ഇതു സംബന്ധിച്ച വിവാദം ഉടലെടുക്കുന്നത്. പാർട്ടിയുടെ വാഗ്ദാനം യുപി സർക്കാർ അവഗണിക്കുന്നു എന്നായിരുന്നു ആദ്യ പരാതി. അതിനു പിന്നാലെ കോൺഗ്രസിന്റെ ലിസ്റ്റ് സ്വീകരിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ബസുകളുടെയും ഡ്രൈവർമാരുടെയും കണ്ടക്റ്റർമാരുടെയും ലിസ്റ്റ് നൽകാൻ സർക്കാർ ആവശ്യപ്പെട്ടു. കോൺഗ്രസ് സമർപ്പിച്ച ലിസ്റ്റിൽ വഞ്ചന നടത്തിയെന്നാണ് സംസ്ഥാന സർക്കാരിന്റെ ആരോപണം.
500 ബസുകൾ ഗാസിയാബാദിലും 500 ബസുകൾ നോയിഡയിലും എത്തിക്കാനായിരുന്നു യുപി അഡീഷനൽ ചീഫ് സെക്രട്ടറി അവനീഷ് അവാസ്തി കോൺഗ്രസിനോട് ആവശ്യപ്പെട്ടത്. ഈ ബസുകൾ ഉപയോഗിച്ച് കുടിയേറ്റക്കാരെ നാട്ടിലെത്തിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്യാൻ ജില്ലാ മജിസ്ട്രേറ്റുമാർക്ക് അവാസ്തി നിർദേശവും നൽകി. ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇൻഷ്വറൻസും ഡ്രൈവിങ് ലൈസൻസും പരിശോധിക്കാനും നിർദേശിച്ചു.
ഇതിനു പിന്നാലെയാണ് തട്ടിപ്പു നടത്തിയെന്ന ആരോപണം സംസ്ഥാന സർക്കാർ ഉന്നയിച്ചത്.
മോട്ടോർ സൈക്കിളുകൾ, ഓട്ടോറിക്ഷകൾ, സ്വകാര്യ കാറുകൾ, ഒരു ആംബുലൻസ് എന്നിവ ലിസ്റ്റിലുണ്ടെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാർ വെളിപ്പെടുത്തി. യുപി കോൺഗ്രസ് വക്താവ് അശോക് സിങ് ഇതിനെ വെല്ലുവിളിച്ചു. ആയിരത്തിലേറെ ബസുകൾ ഒരുക്കിയിട്ടുണ്ട്. സർക്കാരിനു വേണമെങ്കിൽ നേരിട്ടു പരിശോധിക്കാം- അദ്ദേഹം പറയുന്നു. ഇന്നു വൈകുന്നേരം നാലു വരെ ബസുകൾ തയാറാക്കി നിർത്തുമെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.