ലക്ഷം പിന്നിട്ട് കൊവിഡ് ബാധിതർ; മഹാരാഷ്ട്രയിൽ അതീവ ഗുരുതരം
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഇന്നു രാവിലത്തെ കണക്കുപ്രകാരം വൈറസ് ബാധിച്ചവർ 1,01,139 പേരാണ്. രാജ്യത്തെ ഇതുവരെയുള്ള കൊവിഡ് മരണങ്ങൾ 3,163 ആയും ഉയർന്നു. 39,174 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
അവസാന 24 മണിക്കൂറിൽ 4970 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 134 പേർ കൂടി മരിച്ചു.
35,058 രോഗബാധിതരും 1249 മരണവുമായി മഹാരാഷ്ട്ര തന്നെയാണ് സംസ്ഥാനങ്ങളിൽ ഏറ്റവും മുന്നിൽ. 1249 പേരാണ് മഹാരാഷ്ട്രയിൽ ഇതുവരെ മരിച്ചിട്ടുള്ളത്. മുംബൈയിൽ മാത്രം 21,152 പേർക്കു രോഗബാധയുണ്ട്. പുതുതായി 2033 പേർക്കു കൂടിയാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതീവ ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്തെന്ന് ആരോഗ്യ വിദഗ്ധർ.
രാജ്യത്തുള്ള മൊത്തം കൊവിഡ് ബാധിതരിൽ 30 ശതമാനത്തിലേറെയും മഹാരാഷ്ട്രയിലാണ്. അതിൽ തന്നെ പകുതിയിലേറെ കേസുകളും മുംബൈയിൽ. കഴിഞ്ഞ 24 മണിക്കുറിൽ 1,185 പേർക്കാണ് മുംബൈയിൽ രോഗം സ്ഥിരീകരിച്ചത്. 23 പേർ കൂടി നഗരത്തിൽ മരിക്കുകയും ചെയ്തു. ഇതുവരെ മുംബൈയിൽ മരിച്ചവർ 757. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ മൊത്തം രോഗബാധിതർ 1327 ആയിട്ടുണ്ട്. 56 പേർ മരിച്ചുകഴിഞ്ഞു. പുതുതായി 85 പേർക്കാണ് ഇന്നലെ ഇവിടെ രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ മൊത്തം രോഗബാധിതർ 11,760 ആയി ഉയർന്നു. ഗുജറാത്തിൽ 11,745 പേർക്കാണു രോഗബാധയുണ്ടായത്. ഡൽഹിയിൽ 10,054 പേർക്കും രാജസ്ഥാനിൽ 5507 പേർക്കും മധ്യപ്രദേശിൽ 5236 പേർക്കും യുപിയിൽ 4605 പേർക്കും വൈറസ് ബാധയുണ്ട്.
ഗുജറാത്തിൽ 694 പേരും മധ്യപ്രദേശിൽ 252 പേരും പശ്ചിമ ബംഗാളിൽ 244 പേരും ഡൽഹിയിൽ 168 പേരും രാജസ്ഥാനിൽ 138 പേരും യുപിയിൽ 118 പേരും തമിഴ്നാട്ടിൽ 81 പേരും ആന്ധ്രയിൽ 50 പേരും ഇതുവരെ മരിച്ചു.
ഇതിനിടെ, നാലാം ഘട്ടം ലോക് ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട് സംസ്ഥാന സർക്കാരുകൾ. ഡൽഹിയിൽ ടാക്സി സർവീസ് ഇന്നു പുനരാരംഭിക്കുകയാണ്. ഒരു സമയം ഒരു കാറിൽ രണ്ടു യാത്രക്കാരേ പാടുള്ളൂ എന്ന നിബന്ധനയോടെയാണിത്. ടാക്സി ഡ്രൈവർമാർക്ക് ഇൻഷ്വറൻസ് പോളിസി കൊണ്ടുവരുമെന്നും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുജറാത്തിൽ പാൻ, ചായ ഷോപ്പുകൾ തുറക്കാൻ അനുമതി നൽകി. വാങ്ങാനെത്തുന്നവർ തമ്മിൽ ആറടി അകലം പാലിക്കണം, ഒരു സമയം അഞ്ചിലധികം പേരുണ്ടാവാൻ പാടില്ല തുടങ്ങിയ നിബന്ധനകളോടെയാണിത്. മുംബൈയിലെ രോഗവ്യാപനം കൂടുതലുള്ള ചില മേഖലകളിൽ അഞ്ചു കമ്പനി സിഐഎസ്എഫ്, സിആർപിഎഫ് സേനകളെ വിന്യസിച്ചിട്ടുണ്ട്.
ബിഹാറിൽ ഡൽഹിയിൽ നിന്നു തിരിച്ചെത്തിയ 835 കുടിയേറ്റ തൊഴിലാളികളുടെ സാംപിൾ പരിശോധനയിൽ 218 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ രോഗവ്യാപനം തീവ്രവാണ് എന്നതിന്റെ സൂചനയാണിതെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ അവസരത്തിൽ കൂടുതൽ ഇളവുകൾ രാജ്യതലസ്ഥാനത്ത് അനുവദിക്കുന്നത് ആരോഗ്യ വിദഗ്ധരുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്.