സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം-6, തൃശൂർ-4, തിരുവനന്തപുരം-3, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, കാസർഗോഡ് എന്നീ ജില്ലകളിൽ രണ്ടു വീതവും എറണാകുളം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല. ഇന്ന് സ്ഥിരീകരിച്ച 29 പേരിൽ 21 പേരും വിദേശത്ത് നിന്നും വന്നവരാണ്. ഏഴു പേർ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. ഇതൊരു ആരോഗ്യപ്രവർത്തകയാണ്.
സംസ്ഥാനത്ത് ഇതുവരെ 630 പേർക്ക് രോഗം സ്ഥിരീകരിച്ചു. 130 പേർ നിലവിൽ ചികിത്സയിലാണ്. 67,789 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. ഇതിൽ 67,316 പേർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 473 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നു. ഇന്ന് 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതുവരെ 45,905 സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. 44651 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാവിഭാഗത്തിൽപ്പെട്ട 5154 സാമ്പിളുകൾ ശേഖരിച്ചതിൽ 5082 എണ്ണം നെഗറ്റീവായിട്ടുണ്ട്.