സംസ്ഥാനങ്ങളുടെ വായ്പാപരിധി ഉയർത്തി; പൊതുമേഖലാ സ്ഥാപനങ്ങൾ കുറയും
ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ വായ്പാപരിധി ഉയർത്തിയും പൊതുമേഖലാ സ്ഥാപനങ്ങൾ തന്ത്രപ്രധാന മേഖലകളിൽ മാത്രമാക്കുമെന്നു പ്രഖ്യാപിച്ചും ധനമന്ത്രി നിർമല സീതാരാമൻ. ദേശീയ തൊഴിലുറപ്പു പദ്ധതിക്കു 40,000 കോടി രൂപ അധിക വിഹിതവും അനുവദിച്ചു. കമ്പനി നിയമത്തിൽ ഭേദഗതികൾ, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനു സൗകര്യങ്ങൾ തുടങ്ങിയവയും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
20 ലക്ഷം കോടിയുടെ മെഗാ സാമ്പത്തിക പാക്കെജിന്റെ അവസാന സെറ്റ് പദ്ധതികൾ ഇന്നു രാവിലെ പ്രഖ്യാപിക്കുകയായിരുന്നു നിർമല. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചു ശതമാനം വരെ സംസ്ഥാനങ്ങൾക്കു കടമെടുക്കാം. ഇപ്പോഴത് മൂന്നു ശതമാനമാണ്. കൊവിഡ് പ്രതിസന്ധി പരിഗണിച്ച് ഈയൊരു വർഷത്തേക്കു മാത്രമാണ് ഈ ഇളവ്. അതും നിബന്ധനകളോടെ.
വായ്പയെടുക്കുന്നതിനുള്ള പരിധി ഉയർത്തണമെന്നത് കേരളം അടക്കം സംസ്ഥാനങ്ങളുടെ ആവശ്യമായിരുന്നു. എന്നാൽ, നിബന്ധനകൾ ഏർപ്പെടുത്തിയത് പല സംസ്ഥാനങ്ങൾക്കും രുചിക്കണമെന്നില്ല. പരിധി കൂട്ടുന്നതു വഴി സംസ്ഥാനങ്ങൾക്ക് 4.28 ലക്ഷം കോടി രൂപ അധികമായി സമാഹരിക്കാനാവുമെന്ന് ധനമന്ത്രി പറഞ്ഞു. നിലവിലുള്ള മൂന്നു ശതമാനം പരിധിയുടെ 14 ശതമാനം മാത്രമേ ഇതുവരെ സംസ്ഥാനങ്ങൾ വായ്പയെടുത്തിട്ടുള്ളൂ എന്നും നിർമല.
മൂന്നര ശതമാനം വരെ വായ്പയെടുക്കാൻ യാതൊരു നിബന്ധനകളുമില്ല. മൂന്നര മുതൽ നാലര വരെയുള്ള ഒരു ശതമാനം നൽകുക കാൽ ശതമാനം വീതമുള്ള നാലു ഘട്ടങ്ങളായാണ്. ചില പ്രത്യേക ലക്ഷ്യങ്ങൾക്കു വേണ്ടിയേ അതെടുക്കാനാവൂ. നാലു മേഖലകളിലെ പരിഷ്കരണത്തിനോ വികസനത്തിനോ ആവും അത്. ഈ നാലിൽ മൂന്നിലെങ്കിലും ലക്ഷ്യം കൈവരിച്ചാലേ അവസാന അര ശതമാനം ലഭ്യമാകൂ. സംസ്ഥാനങ്ങൾ അധിക വായ്പയെടുക്കുന്നത് ഫലവത്താക്കുക എന്നതാണു ലക്ഷ്യം.
നേരത്തേ തന്നെ കേന്ദ്ര ബാങ്ക് സംസ്ഥാനങ്ങളുടെ വേയ്സ് ആൻഡ് മീൻസ് അഡ്വാൻസ് പരിധി 60 ശതമാനം ഉയർത്തിയിട്ടുണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ഓവർഡ്രാഫ്റ്റ് സൗകര്യം 14ൽ നിന്ന് 21 ദിവസമായി ഉയർത്തിയെന്നും മന്ത്രി വിശദീകരിച്ചു. ഒരു പാദത്തിൽ ഓവർഡ്രാഫ്റ്റിൽ നിൽക്കാനുള്ള ദിവസങ്ങൾ 32ൽ നിന്ന് 50 ദിവസമായി ഉയർത്തിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങൾ ഏതൊക്കെ മേഖലകളിൽ വേണമെന്നതു സംബന്ധിച്ച് പിന്നീട് നയപ്രഖ്യാപനമുണ്ടാകും.
തന്ത്രപ്രധാന മേഖലകളിൽ ഒരു പൊതുമേഖലാ സ്ഥാപനമെങ്കിലുമുണ്ടാകും. പരമാവധി നാലെണ്ണമേ കാണൂ. അതിൽ കൂടുതലുള്ളത് ലയിപ്പിക്കുകയോ സ്വകാര്യവത്കരിക്കുകയോ ചെയ്യും. ഏതൊക്കെയാണു തന്ത്രപ്രധാന മേഖലകൾ, ഏതാണ് അല്ലാത്തത് എന്നതിൽ തീരുമാനം പിന്നീടു വരും. തന്ത്രപ്രധാന മേഖലകളിലും സ്വകാര്യ മേഖലയുടെ പ്രവർത്തനമുണ്ടാവുമെന്നും ധനമന്ത്രി. രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളിലും പകർച്ചവ്യാധി പ്രതിരോധ ബ്ലോക്കുകളുണ്ടാക്കും.
ബ്ലോക്കുതലത്തിൽ പൊതുമേഖലാ ലാബുകളുണ്ടാവും. ഓരോ ക്ലാസിനും ഓരോ ചാനൽ എന്ന നിലയിൽ 12 പുതിയ ടിവി വിദ്യാഭ്യാസ ചാനലുകൾ വരും. പ്രമുഖ 100 വാഴ്സിറ്റികൾ ഓൺലൈൻ കോഴ്സുകൾ തുടങ്ങും. കാഴ്ച- കേഴ്വി കുറവുള്ളവർക്ക് ഇ കണ്ടന്റ് അടക്കം ഇ- വിദ്യ പ്ലാറ്റ്ഫോം വികസിപ്പിക്കും.
കമ്പനി നിയമപ്രകാരം പാപ്പരായി പ്രഖ്യാപിക്കുന്ന നടപടികൾ ഒരു വർഷത്തേക്കു നീട്ടിവയ്ക്കും. കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ കുടുംബാംഗങ്ങളെ പാപ്പരായി പ്രഖ്യാപിക്കുന്ന നിയമങ്ങളിൽ നിന്ന് ഒഴിവാക്കും. കമ്പനികളുടെ ചെറിയ സാങ്കേതിക പിഴവുകൾ ക്രിമിനൽ നടപടിച്ചട്ടമനുസരിച്ച് കുറ്റകരമല്ലാതാക്കും- ധനമന്ത്രി പറഞ്ഞു.