കാർഷിക മേഖലയിൽ ബിഗ് ടിക്കറ്റ് പരിഷ്കാരങ്ങൾ
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ പ്രഖ്യാപിച്ച കാർഷിക മേഖലയിലെ പരിഷ്കാരങ്ങൾ ദൂരവ്യാപകമായ പ്രതിഫലനങ്ങളുണ്ടാക്കുന്നതാണെന്നു വിദഗ്ധർ. കർഷകർക്കും സംസ്കരണ- വിതരണ ശൃംഖലകൾക്കും വിപണന രംഗത്ത് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുകയാണ്. ലോക് ഡൗൺ സൃഷ്ടിച്ച താത്കാലിക പ്രതിസന്ധി മറികടക്കുക എന്നതിനപ്പുറം വിലങ്ങുകൾ തകർത്തു പുറത്തുകടക്കാൻ കാർഷിക മേഖലയെ പര്യാപ്തമാക്കുകയെന്ന ലക്ഷ്യം ഇതിനു നിർവഹിക്കാനാവുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
20 ലക്ഷം കോടിയുടെ മെഗാ സാമ്പത്തിക പാക്കെജ് തയാറാക്കും മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഷിക മേഖലയിൽ വരുത്തേണ്ട പരിഷ്കാരങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തിയിരുന്നു. ബന്ധപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം പങ്കെടുത്ത ചർച്ചകളിൽ കാർഷിക വിപണിയെ ബന്ധനങ്ങളിൽ നിന്നു മോചിപ്പിക്കുക മുഖ്യ നിർദേശവുമായിരുന്നു. അതിന് ഉചിതമായ നിയമ നിർമാണങ്ങളും ശുപാർശ ചെയ്യപ്പെട്ടു.
കർഷകർക്കു കൂടുതൽ വായ്പാ സൗകര്യം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയിൽ ഫലപ്രദമായ ഇടപെടലുണ്ടാവണം എന്ന നിർദേശങ്ങളും പ്രധാനമന്ത്രിക്കു ലഭിച്ചിരുന്നു. അവശ്യ സാധന നിയമ ഭേദഗതിയടക്കം ധനമന്ത്രി പ്രഖ്യാപിച്ച നിയമ നിർമാണങ്ങളും ഒരു ലക്ഷം കോടി രൂപയുടെ കാർഷിക അടിസ്ഥാന സൗകര്യ വികസന ഫണ്ടും ഇതിന്റെ ഭാഗമാണ്.
മൊത്തം 1.63 ലക്ഷം കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ എല്ലാം ദീർഘകാല ലക്ഷ്യങ്ങളുള്ളവ. ഗ്രാമീണ മേഖലയുടെ അസ്വസ്ഥതകൾ ദീർഘകാലാടിസ്ഥാനത്തിൽ പരിഹരിക്കാനുതകുന്നതാണ് പദ്ധതികൾ.
വില നിയന്ത്രിക്കാനും സ്റ്റോക്ക് പരിമിതപ്പെടുത്താനും സർക്കാരിനെ അനുവദിക്കുന്ന ആറരപ്പതിറ്റാണ്ട് പഴക്കമുള്ള അവശ്യ സാധന നിയമമാണ് കർഷകർക്കും വിപണിക്കും അനുകൂലമായി ഭേദഗതി ചെയ്യുന്നത്.
അന്തർ സംസ്ഥാന അതിർത്തി തടസങ്ങൾ ഒഴിവാക്കി ഉചിതമായ വിപണി തെരഞ്ഞെടുക്കാൻ കർഷകരെ അനുവദിക്കുന്നതിനുള്ള പുതിയ നിയമവും വരുന്നു. കാർഷികോത്പന്നങ്ങളുടെ ഇ- ട്രെഡിങ് സൗകര്യം കർഷകർക്ക് ലഭ്യമാക്കുകയും ചെയ്യും. വിത്തിറക്കുമ്പോൾ തന്നെ വില നിർണയിക്കാൻ കർഷകരെ സഹായിക്കുന്നതിനുള്ള നിയമ സംവിധാനവും പുതിയ പരിഷ്കാരങ്ങളുടെ ഭാഗമാണ്. എന്തു വില കിട്ടുമെന്ന് ഏതാണ്ടുറപ്പിച്ച് കൃഷിയിറക്കാനായാൽ കർഷകരുടെ ഓപ്ഷനുകൾ അതിനനുസരിച്ചാവാം.
ഇതിന് സംഭരണക്കാർ, വിതരണക്കാർ, കയറ്റുമതിക്കാർ തുടങ്ങി പല വിഭാഗങ്ങളുമായും മുൻകൂട്ടി ചർച്ച നടത്തി ധാരണയിലെത്തുന്നതിനാവും കർഷകർക്ക് അവസരമുണ്ടാവുകയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതുവരെ കാർഷികോത്പന്നങ്ങൾ വിൽക്കാൻ കർഷകർക്കുള്ള സ്വാതന്ത്ര്യം ഏതാനും കുറച്ചുപേരിൽ മാത്രം ഒതുങ്ങിനിൽക്കുകയായിരുന്നു.
അതിൽ നിന്ന് ഇന്ത്യൻ കർഷകനു മോചനം നൽകുന്ന പരിഷ്കാരങ്ങൾ കാർഷിക മേഖലയുടെ ബന്ധനങ്ങളഴിക്കുമെന്ന് ഫിക്കി പ്രസിഡന്റ് സംഗീത റെഡ്ഡി പറഞ്ഞു. അവശ്യ സാധന നിയമ ഭേദഗതി കാർഷിക- മൂല്യവർധിത ഉത്പന്ന ശൃംഖലയുടെ ആവേശം വർധിപ്പിക്കുമെന്നും അവർ. ബിഗ് ടിക്കറ്റ് പരിഷ്കാരങ്ങളും അടിസ്ഥാന സൗകര്യ മേഖലയിലെ പദ്ധതികളും കാർഷിക മേഖലയെ കരുത്തുറ്റതാക്കുമെന്നാണ് കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ഡയറക്റ്റർ ജനറൽ ചന്ദ്രാജി ബാനർജി അഭിപ്രായപ്പെട്ടത്.
കാർഷിക മേഖലയിൽ ഒരുപാട് നിയന്ത്രണങ്ങളുണ്ട്. അതിന്റെയെല്ലാം പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ അവശ്യ സാധന നിയമ ഭേദഗതിയും വിപണന പരിഷ്കാരങ്ങളും സ്വാഗതാർഹമാണ്. സംസ്ഥാന സർക്കാരുകളും ഈ ചിന്താഗതിയിൽ വരുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം.
കാർഷിക മേഖലയ്ക്കു പുതിയ ദിശ നൽകുന്നതാണു ധനമന്ത്രി പ്രഖ്യാപിച്ച പരിഷ്കാരങ്ങളും പദ്ധതികളുമെന്ന് അസോചം സെക്രട്ടറി ജനറൽ ദീപക് സൂദ് ചൂണ്ടിക്കാട്ടി. ഭക്ഷ്യസുരക്ഷയ്ക്കും ഗ്രാമീണ മേഖലയിലെ അസ്വസ്ഥതകൾ പരിഹരിക്കാനും പുതിയ നടപടികൾ ഉപകരിക്കുമെന്നാണ് പിഎച്ച്ഡി ചേംബർ പ്രസിഡന്റ് ഡി..കെ. അഗർവാൾ അഭിപ്രായപ്പെട്ടത്.
കാർഷിക മേഖലയ്ക്കായി ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച പദ്ധതികൾ ഇങ്ങനെ:
1. കോൾഡ് ചെയിൻ (ശീതശൃംഖല), യാർഡുകൾ തുടങ്ങി കാർഷിക വസ്തുക്കളുടെ സംഭരണത്തിനു സൗകര്യങ്ങൾ വർധിപ്പിക്കാൻ ലക്ഷം കോടിയുടെ കാർഷിക ഇൻഫ്രാ ഫണ്ട്.
2. സൂക്ഷ്മ ഭക്ഷ്യ സംരംഭങ്ങൾക്കായി 10,000 കോടിയുടെ പദ്ധതി. നാമമാത്ര സംരംഭങ്ങളെ ആഗോള ബ്രാൻഡാക്കാൻ സഹായിക്കും. രണ്ടു ലക്ഷം സൂക്ഷ്മ ഭക്ഷ്യ സംരംഭങ്ങൾക്ക് സഹായകം.
3. മത്സ്യോത്പാദനവും കയറ്റുമതിയും ലക്ഷ്യമിട്ട് മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ 20,000 കോടി.
4. അമ്പത്തി മൂന്നു കോടി വരുന്ന കന്നുകാലികൾക്ക് കുളമ്പുരോഗം നിയന്ത്രിക്കാനുള്ള കുത്തിവയ്പ്പിന് 13,343 കോടിയുടെ പദ്ധതിക്കു തുടക്കമിട്ടിട്ടുണ്ട്.
5. മൃഗസംരക്ഷണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ 15,000 കോടിയുടെ വികസന ഫണ്ട്.
6. ഔഷധ സസ്യ കൃഷി പ്രോത്സാഹിപ്പിക്കാൻ 4,000 കോടി. രണ്ടു വർഷത്തിനകം 10 ലക്ഷം ഹെക്റ്റർ ഭൂമിയിൽ ഔഷധ സസ്യ കൃഷി ലക്ഷ്യം.
7. തേനീച്ച വളർത്തൽ പ്രോത്സാഹിപ്പിക്കാൻ 500 കോടി. ഗ്രാമീണ മേഖലകളിലെ രണ്ടു ലക്ഷത്തോളം തേനീച്ച വളർത്തലുകാർക്ക് നേട്ടമാകും.
8. തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയ്ക്കു മാത്രമായി നടപ്പാക്കിയിരുന്ന ഓപ്പറേഷൻ ഗ്രീൻ പദ്ധതിയിൽ മുഴവൻ പച്ചക്കറികളെയും പഴങ്ങളെയും ഉൾപ്പെടുത്തി. ഇതിനായി 500 കോടിയുടെ അധിക ഫണ്ട്. അധികമുള്ള വിപണികളില് നിന്ന് ദൗര്ലഭ്യമുള്ള വിപണികളിലേക്കു പഴങ്ങളും പച്ചക്കറികളും എത്തിക്കുന്നതിനുള്ള ഗതാഗതച്ചെലവിലും സ്റ്റേറെജ് ചെലവിലും 50 ശതമാനം സബ്സിഡി ലഭിക്കും.
9. ധാന്യങ്ങൾ, ഭക്ഷ്യ എണ്ണകൾ, എണ്ണക്കുരുക്കൾ, പയർ വർഗങ്ങൾ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുൾപ്പെടെ ഭക്ഷ്യവസ്തുക്കളെ അവശ്യവസ്തുക്കളുടെ പട്ടികയിൽ നിന്നൊഴിവാക്കാൻ അവശ്യ സാധന നിയമം ഭേദഗതി ചെയ്യും. കാർഷികോത്പന്നങ്ങൾ സ്റ്റോക്ക് ചെയ്യാവുന്ന പരിധി ഇതോടെ ഒഴിവാകും. ദേശീയ ദുരന്തങ്ങൾ, ക്ഷാമം തുടങ്ങിയ അപൂർവ പ്രതിസന്ധി ഘട്ടങ്ങളിൽ മാത്രമേ സ്റ്റോക്കിന് പരിധി ഏർപ്പെടുത്തൂ.
10. അന്തർ സംസ്ഥാന വ്യാപാരത്തിന് കർഷകർക്ക് സ്വാതന്ത്ര്യം നൽകുന്നതിനു നിയമ നിർമാണം. കൂടുതൽ ആകർഷകമായ വിലയ്ക്ക് ഉത്പന്നങ്ങൾ വിൽക്കാൻ കർഷകർക്ക് ഇതുവഴി അവസരം. സംസ്ഥാന അതിർത്തികൾ ബാധകമാവില്ല. ഉത്പന്നങ്ങളുടെ ഇ- ട്രേഡിങ് ചട്ടക്കൂടും കർഷകർക്ക് ഉപയോഗിക്കാം.
11. കൃഷിയിറക്കുമ്പോൾ തന്നെ വിളകൾക്ക് എന്തു വില കിട്ടുമെന്ന് കർഷകർക്ക് നിർണയിക്കാനുള്ള നിയമസംവിധാനം ഏർപ്പെടുത്തും. സംഭരിക്കുന്നവർ, ചില്ലറ വ്യാപാരികൾ, കയറ്റുമതിക്കാർ തുടങ്ങിയവരുമായി ഇടപെട്ട് വില നിശ്ചയിക്കുന്നതിനുള്ള സാഹചര്യം ഒരുക്കും.