തൊഴിലാളിവിരുദ്ധ നടപടികള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ പിന്മാറണം; മന്ത്രി ടി പി രാമകൃഷ്ണന്
തിരുവനന്തപുരം: കൊവിഡ് 19ന്റെ മറവില്‍ കടുത്ത തൊഴിലാളിവിരുദ്ധനടപടികള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് കേന്ദ്രഗവണ്മെന്റും സംസ്ഥാന സര്‍ക്കാരുകളും പിന്മാറണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ. തൊഴില്‍നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തി തൊഴില്‍സുരക്ഷയും തൊഴിലാളികളുടെ അവകാശങ്ങളും നിഷേധിക്കാനുള്ള ഒരു നീക്കവും ഇടതുപക്ഷജനാധിപത്യ മുന്നണി ഗവണ്മെന്റ് അംഗീകരിക്കില്ല. തൊഴിലാളികളെ ക്രൂരമായ ചൂഷണത്തിന് ഇരകളാക്കുന്ന ഇത്തരം നടപടികളെ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ ട്രേഡ്യൂണിയനുകളും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും കേന്ദ്രഗവണ്മെന്റിന്റെ ആശിര്‍വാദത്തോടെ പല സംസ്ഥാനസര്‍ക്കാരുകളും ജോലി സമയം എട്ടില്‍ നിന്ന് 12 മണിക്കൂറാക്കിയതും തൊഴില്‍നിയമങ്ങള്‍ ആയിരം ദിവസത്തേക്ക് മരവിപ്പിച്ചതും അടക്കമുള്ള കടുത്ത തൊഴിലാളിവിരുദ്ധനടപടികള്‍ തുടര്‍ച്ചയായി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്തിരുന്ന തൊഴിലാളി 72 മണിക്കൂര്‍ ജോലിചെയ്യണമെന്ന വ്യവസ്ഥ തൊഴിലാളികളെ അടിമത്വത്തിലേക്ക് തള്ളിനീക്കും.
ചില സംസ്ഥാനങ്ങള്‍ തൊഴില്‍ നിയമങ്ങള്‍ അടുത്ത ആയിരം ദിവസങ്ങളിലേക്ക് മരവിപ്പിക്കാന്‍ തീരുമാനിച്ചു. ഇതോടെ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കാനുള്ള ബാധ്യതയില്‍ നിന്ന് എല്ലാ തൊഴില്‍സ്ഥാപനങ്ങളും ഒഴിവാക്കപ്പെടുകയാണ്. ഗുജറാത്ത്, യുപി, ഹരിയാന, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ ഇത്തരത്തിലുള്ള നടപടികള്‍ കൈക്കൊണ്ടുവരികയാണ്. തൊഴില്‍സ്ഥാപനങ്ങളില്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക് തൊഴില്‍വകുപ്പ് ഇടപെടാന്‍ പാടില്ലെന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ മധ്യപ്രദേശടക്കം ചില സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഒരു തൊഴിലാളിക്ക് 80 രൂപ വീതം ലേബര്‍ വെല്‍ഫയര്‍ ബോര്‍ഡില്‍ അടയ്ക്കുന്നതില്‍ നിന്ന് എല്ലാ തൊഴിലുടമകളെയും മധ്യപ്രദേശ് സര്‍ക്കാര്‍ ഒഴിവാക്കി. കോര്‍പറേറ്റ് താല്പര്യങ്ങള്ക്കനുസൃതമായി തൊഴില്‍നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. തൊഴിലാളികള്‍ നിരന്തര സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും കവരാനും അവരെ ചൂഷണം ചെയ്യാനും കൊവിഡ് കാലം അവസരമാക്കുന്നത് മനുഷ്യത്വരഹിതമാണ്. ലോക്ഡൗണിനു ശേഷം തൊഴില്നഷ്ടത്തെതുടര്ന്ന് വരുമാനമില്ലാതായതും വേതനം വലിയതോതില്‍ വെട്ടിക്കുറക്കപ്പെട്ടതും മൂലം രാജ്യത്ത് കോടിക്കണക്കിന് തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമാണ്.
താമസസ്ഥലങ്ങളില്‍ നിന്ന് ഇറക്കിവിടപ്പെട്ട ആയിരക്കണക്കിന് തൊഴിലാളികളും കുടുംബാംഗങ്ങളും പെരുവഴിയിലാണ്. മതിയായ ആഹാരം പോലും ലഭിക്കാത്ത ലക്ഷക്കണക്കിന് തൊഴിലാളികളുണ്ട്. ഇവര്‍ക്ക് ആശ്വാസം പകരാനുള്ള അടിയന്തരനടപടികളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടാകേണ്ടത്. തൊഴിലാളിവിരുദ്ധനയങ്ങള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരുന്ന കേന്ദ്രഗവണ്മെന്റ് കൊവിഡ് 19 രോഗബാധയും തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള അവസരമായി ഉപയോഗപ്പെടുത്തുകയാണ്.
തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്നതിനും തൊഴിലവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമല്ല, കോര്‍പറേറ്റുകളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനാണ് കേന്ദ്രഗവണ്മെന്റ് പരിഗണന നല്‍കുന്നതെന്ന് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നും വേതനം വെട്ടിക്കുറച്ചും തൊഴിലാളികളെ വഴിയാധാരമാക്കിയും വികസനത്തെക്കുറിച്ച് അവകാശപ്പെടുന്നതില്‍ അര്‍ഥമില്ല.
തൊഴില്‍സുരക്ഷിതത്വം അപകടപ്പെടുത്താനും തൊഴിലാളികളുടെ സാമൂഹ്യസുരക്ഷയും ആനുകൂല്യങ്ങളും നിഷേധിക്കാനുമുള്ള ഒരു നടപടിക്കും സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്ന് വ്യക്തമാക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി വരുന്ന തൊഴിലാളിക്ഷേമനടപടികള് കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറയുന്നു.