കൊവിഡ്: ചൈനയെയും പെറുവിനെയും മറികടന്ന് ഇന്ത്യ
ന്യൂഡൽഹി: മൊത്തം കൊവിഡ്ബാധിതരുടെ എണ്ണത്തിൽ ചൈനയെയും പെറുവിനെയും മറികടന്ന് ഇന്ത്യ. ആരോഗ്യ മന്ത്രാലയത്തിന്റെ ഇന്നു രാവിലത്തെ കണക്കനുസരിച്ച് രാജ്യത്ത് 85,940 രോഗബാധിതരാണുള്ളത്. കൊവിഡ് വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ട ചൈനയിൽ അവരുടെ ഔദ്യോഗിക കണക്കനുസരിച്ച് 82,941 പേർക്കാണു രോഗബാധയുണ്ടായത്. പെറുവിൽ 84,495 പേർ രോഗബാധിതരായിട്ടുണ്ട്.
1,16,635 പേർക്കു രോഗം ബാധിച്ച ഇറാനാണ് ഇപ്പോൾ ഇന്ത്യയ്ക്കു തൊട്ടുമുന്നിലുള്ളത്. രോഗബാധിതരുടെ എണ്ണത്തിൽ ലോകത്തു പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യയിപ്പോൾ. അമെരിക്ക, സ്പെയ്ൻ, റഷ്യ, യുകെ, ഇറ്റലി, ബ്രസീൽ, ഫ്രാൻസ്, ജർമനി, തുർക്കി, ഇറാൻ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യയിലേതിനെക്കാൾ കൂടുതൽ പേർക്കു രോഗബാധയുള്ളത്. മരണ നിരക്കിൽ ചൈനയെക്കാൾ വളരെ ഭേദമാണ് ഇന്ത്യ. ചൈനയിൽ 5.5 ശതമാനമായിരുന്നു, ഇന്ത്യയിൽ 3.2 ശതമാനവും.
ഇന്ത്യയിലെ മൊത്തം കൊവിഡ് മരണം 2752 ആയിട്ടുണ്ട്. 53,035 പേരാണ് ഇപ്പോൾ വൈറസ് ബാധിച്ച് ചികിത്സയിലുള്ളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. മുപ്പതിനായിരത്തിലേറെ പേർ രോഗവിമുക്തരായി. ഇന്നു രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 3970 പേർക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഈ മണിക്കൂറുകളിൽ 103 പേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്കു രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ 29,100 പേരാണ് വൈറസ് ബാധിച്ചവർ. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 10,108. ഗുജറാത്തിൽ 9931 പേർക്കാണു രോഗബാധ. ഡൽഹിയിൽ 8895 പേർക്കും രാജസ്ഥാനിൽ 4727 പേർക്കും രോഗം ബാധിച്ചിട്ടുണ്ട്. മധ്യപ്രദേശിലും 4500ലേറെ വൈറസ്ബാധിതരുണ്ട്.