യുഎസില്‍ കൊവിഡ് യുദ്ധം ശാസ്ത്രീയമല്ല, രാഷ്ട്രീയം
വാഷിങ്ടണ്‍: യുഎസില്‍ കൊവിഡ് മരണം ഒരു ലക്ഷം തൊടാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, സാമ്പത്തിക ജാലകം തുറക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തിടുക്കം രാഷ്ട്രീയ നേട്ടത്തിനെന്നു നിരീക്ഷകര്‍. " പരമാവധി സുരക്ഷിതം ഉറപ്പാക്കുകയാണു ലക്ഷ്യം. പക്ഷേ, പരമാവധി വേഗത്തില്‍ രാജ്യം തുറക്കുന്നതിനാണ് ഊന്നല്‍.' കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയതിങ്ങനെ. കൊവിഡ് മരണം അതീവ ഗുരുതരം തന്നെയാണ്. പക്ഷേ, അതിനെക്കാള്‍ ഗുരുതരമാണ് രാജ്യത്തു പെരുകുന്ന തൊഴില്‍ നഷ്ടമെന്നും ട്രംപ് പറയുന്നത് രാജ്യത്തെ നിയന്ത്രണങ്ങള്‍ വൈകാതെ പിന്‍വലിക്കുന്നതിന്റെ സൂചന തന്നെ. എന്നാല്‍ വൈറ്റ് ഹൗസിലെ ഉന്നതതല വിദഗ്ധ സംഘാംഗങ്ങളെല്ലാം ട്രംപിന്റെ തീരുമാനത്തെ എതിര്‍ക്കുകയാണ്. ശാസ്ത്രീയമായ അവലോകനമല്ല, രാഷ്ട്രീയ തീരുമാനങ്ങളാണു പ്രധാനമെന്നും ട്രംപ്.
വൈസ്പ്രസിഡന്റ് മൈക്ക് പെന്‍സ്, വൈറ്റ് ഹൗസ് ഉപദേഷ്ടാക്കളും കൊവിഡ് പ്രതിരോധ സേനയിലെ അതിവിദഗ്ധരുമായ ഡോ. ആന്റണി ഫൗസി, സിഡിസി ഡയറക്റ്റര്‍ ഡോ. റോബര്‍ട്ട് റെഡ്ഫീല്‍ഡ്, ഫുഡ് ആന്‍ഡ് ഡ്രഗ്സ് കമ്മിഷണര്‍ ഡോ. സ്റ്റീഫന്‍ വാന്‍, വൈസ് പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി കാതി മില്ലര്‍ തുടങ്ങിയ വിവിഐപികളെല്ലം നിരീക്ഷണത്തിലും ക്വാറന്റൈനിലും ഒക്കെയാണ്. ഇവരെല്ലാം വൈറ്റ്ഹൗസ് നിയന്ത്രിക്കുന്നവരാണെന്നിരിക്കെ, സ്വയം രക്ഷ. ഒരുക്കാന്‍ കഴിയാത്തവര്‍ എങ്ങനെ സാധാരണ പൗരന്മാരുടെ ജീവന് സംരക്ഷിക്കുമെന്നാണ് യുഎസില്‍ ഉയരുന്ന രാഷ്ട്രീയ ചോദ്യം. ഈ ചോദ്യമുന്നയിച്ചാണ് ട്രംപിനെതിരേ മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബിഡന് ജനങ്ങളെ നേരിടുന്നത്. ഈ ചോദ്യം ട്രംപിനു വലിയ വെല്ലുവിളിയുമാണ്.
കൊവിഡ് പ്രതിരോധത്തില്‍ ഇതാദ്യമായി ട്രംപ് രാഷ്ട്രീയം കലര്‍ത്തുകയും ചെയ്തു. രാജ്യം തുറക്കുന്നതിനെ എതിര്‍ക്കുന്നത് പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റുകളാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അവരതു നവംബര്‍ മൂന്ന് വരെ നീട്ടിക്കൊണ്ടുപോകും. അന്നാണല്ലോ തെരഞ്ഞെടുപ്പ്. പക്ഷേ, രാജ്യത്തിന്റെ സാമ്പത്തിക നഷ്ടം വച്ചു രാഷ്ട്രീയം കളിക്കരുതെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. കൊവിഡ് വ്യാപിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് യുഎസിലാണ്. മരണസംഖ്യ ഇതിനകം 85,000 പിന്നിട്ടു. അതു ഭയാനകം തന്നെയാണ്. എന്നാല്‍ രാജ്യത്തെ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം ഫെബ്രുവരിയില്‍ 3.5 ശതമാനമായിരുന്നത് മേയ് പകുതി ആയപ്പോഴേക്കും 14.7 ശതമാനമായി വളര്‍ന്നു. ഈ മാസം അവസാനത്തോടെ ഇത് 20 ശതമാനം കവിയുമെന്നാണു കണക്ക്. ഇതിനു പുറമേ, മാര്‍ച്ച് മുതല്‍ 40 ശതമാനം തൊഴിലുകളും ലേ ഓഫിലുമാണ്. ഇതുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി ഉടനൊന്നും പരിഹരിക്കാന്‍ കഴിയില്ലെന്നും ട്രംപ്. നിയന്ത്രണം നീളുന്തോറും പ്രതിസന്ധിയും നീളും.
നവംബര്‍ മൂന്നിനാണ് യുഎസില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. രണ്ടാമതൊരൂഴത്തിനുള്ള പരിശ്രമത്തിലാണ് ട്രംപ്. സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കന്മാര്ക്കിടയില്പ്പോലും തുടക്കത്തില്‍ ട്രംപിനെതിരേ വലിയ എതിര്‍പ്പുണ്ടായിരുന്നു. അന്താരാഷ്ട്ര നയങ്ങളിലും യുഎസിന്റെ പ്രതിച്ഛായ നിലനിര്‍ത്തുന്നതിലും ട്രംപ് പരാജയമാണെന്നായിരുന്നു എതിരാളികളുടെ ആക്ഷേപം. പറയുന്ന കാര്യങ്ങളില്‍ സ്ഥിരതയില്ലാത്തതും പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ ശക്തമായി നയിക്കുന്ന കാര്യത്തിലുമൊക്കെ ട്രംപ് വേണ്ടത്ര വിജയിക്കുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു. എന്നാല്‍, യുഎസിന്റെ സ്വദേശിവല്‍ക്കരണവും ആദ്യം അമേരിക്ക, പിന്നെ മാത്രം ലോകം എന്ന ദേശീയതാത്പര്യങ്ങളുമൊക്കെ ട്രംപിനു തുണയാകുന്നുണ്ട്. 2016ലെ തെരഞ്ഞെടുപ്പില്‍, മുന്‍ഗാമികളായ റിപ്പബ്ലിക്കന്മാരുടെ യുദ്ധക്കൊതിയും വിദേശ അധിനിവേശവും അതുമൂലം യുഎസിനുണ്ടായ അധിക സാമ്പത്തിക ബാധ്യതയുമൊക്കെ ട്രംപ് എണ്ണിപ്പറഞ്ഞിരുന്നു. അതിനു ലഭിച്ച അംഗീകാരമാണ് അന്നു ലഭിച്ച പ്രസിഡന്റ് പദവി. മൂന്നു സെനറ്റര്‍മാരുടെ ഭൂരിപക്ഷം മാത്രമേ ഇപ്പോഴും ട്രംപിനുള്ളൂ. അന്നത്തെ നേരിയ മാര്‍ജിനെങ്കിലും 2020ല്‍ മറികടക്കാന്‍ ട്രംപിനു കളഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിയുന്നില്ലെങ്കില്‍ തുടര്‍ച്ചയായ രണ്ടാം ഭരണത്തിന് അവസരം കിട്ടാതെ വൈറ്റ്ഹൗസ് വിട്ടുപോകുന്ന പ്രസിഡന്റ് എന്ന മാനക്കേടുണ്ടാക്കും.
നൂറംഗ സെനറ്റില്‍ ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 53 സീറ്റും പ്രധാന പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റുകള്‍ക്ക് 45 സീറ്റുമാണുള്ളത്. ആകെയുള്ള അന്‍പതു സംസ്ഥാനങ്ങളില്‍ 26 എണ്ണം റിപ്പബ്ലിക്കന്മാര് ഭരിക്കുമ്പോള്‍ 24 എണ്ണമാണു ഡെമോക്രാറ്റുകള്‍ക്കുള്ളത്. ഈ സംസ്ഥാനങ്ങളിലെല്ലാം കൊവിഡ് രൂക്ഷമാണ്. കൊവിഡ് പ്രതിരോധം മുഖ്യവിഷയമാക്കി നില കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്നാണ് ഡെമോക്രാറ്റുകളുടെ മനസിലിരിപ്പ്.
ലോക്ക് ഡൗണ്‍ വെട്ടിക്കുറയ്ക്കുന്നതിനു തങ്ങളാണു തടസമെന്ന ട്രംപിന്റെ വാദം ഡെമോക്രാറ്റുകള്‍ തള്ളുന്നു. യുഎസിലെ കൊവിഡ് അതിതീവ്ര സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കാലിഫോര്‍ണിയ. ഡെമോക്രാറ്റ് പാര്‍ട്ടിയിലെ ഗാവിസ് ന്യൂസം ആണ് അവിടെ മുഖ്യമന്ത്രി. രോഗവ്യാപനം തടയാന്‍ കഴിഞ്ഞ മാര്‍ച്ച് 29ന് സംസ്ഥാനം ലോക്ഡൗണ്‍ ചെയ്തു. ഫലപ്രദമായ നടപടികളിലൂടെ യുഎസില്‍ കൊവിഡ് കര്‍വ് മാറ്റി വര നേരേയാക്കിയ (ഫ്ളാറ്റനിങ് ദ കര്‍വ്) ആദ്യത്തെ യുഎസ് സംസ്ഥാനമാണ് കാലിഫോര്‍ണിയ. ഇവിടെ നിയന്ത്രണങ്ങള്‍ക്കു വിധേയമായി കൂടുതല്‍ ഷോപ്പിങ് കോംപ്ലക്സുകളും മറ്റും തുറക്കുമെന്നും ഗാവിസ് ന്യൂസം. എന്നാല്‍ രോഗവ്യാപനം അതിവേഗത്തിലായ സംസ്ഥാനങ്ങളില്‍ ജനങ്ങളുടെ ജീവനാണു പ്രഥമ പരിഗണനയെന്നും ഡെമോക്രാറ്റിക് സെനറ്റര്‍മാരും ഗവര്‍ണര്‍മാരും വ്യക്തമാക്കുന്നു.