പോക്കറ്റടിക്കും ഇനി ബസ് യാത്ര
കൊവിഡ് ലോക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പരിഷ്കാരങ്ങള്‍ സാധാരണ മലയാളിയുടെ പോക്കറ്റ് കാലിയാക്കും. പൊള്ളുന്ന യാത്രാക്കൂലിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കേരളത്തിലെ ഉള്‍ഗ്രാമങ്ങള്‍ വരെ സജീവമായിരുന്ന ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്. സാമൂഹ്യ അകലം പാലിക്കും വിധം ആളുകളെ കയറ്റിയാത്ര അനുവദിക്കുന്ന രീതിയിലാണ് ഏറ്റവും പുതിയ ഉത്തരവും ഇറങ്ങയിരിക്കുന്നത്.
കൊവിഡ് ഭീഷണി ഒഴിവാകുന്നവരെ ഈ രീതിയില്‍ യാത്ര എന്നുമാത്രമാണ് ഗതാഗത വകുപ്പ് പറയുന്നത്. അതിനാല്‍ വലിയ വണ്ടികള്‍ ഓടിക്കില്ല. മുതലാവില്ല എന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്. ചുരുക്കത്തില്‍ കൊവിഡിന് മരുന്നോ , വാക്സിനോ എത്തുന്നിടം വരെ മലയാളിക്ക് യാത്ര കൈ പൊളിക്കുന്ന നിരക്കിലായിരിക്കും. വീട്ടില്‍ കാറുണ്ട് എന്നു കരുതി വീട്ടുകാര്‍ക്ക് എല്ലാം കൂടി ഒരു കാറില്‍ പോകാന്‍ പറ്റില്ല. അങ്ങേയറ്റം നാലുപേരില്‍ കൂടുതല്‍ ഇനി കുറച്ചു കാലത്തേക്ക് അനുവദിക്കില്ല.
ഓട്ടോറിക്ഷയില്‍ ഒന്നിലധികം യാത്രക്കാര്‍ക്ക് അനുമതി കിട്ടണമെങ്കില്‍ പോലും കുറഞ്ഞത് രണ്ടുമാസം കൂടി കഴിയേണ്ടിവരും. അതുമാത്രമല്ല ഓട്ടോ റിക്ഷകളും , ടാക്സി കാറുകളും ഇനി ട്രാന്‍സ്പരന്റായ ഷീറ്റുകൊണ്ട് മറച്ച് യാത്രക്കാരും ഡ്രൈവറും രണ്ടായി ഇരിക്കേണ്ടിവരും. വാഹനങ്ങള്‍ അണുനശീകരണം നടത്തണം എന്ന നിര്‍ദദേശം കൂടി എത്താന്‍ ഇടയുണ്ട് അതും വന്നാല്‍ കാശു പോവുക യാത്രക്കാരന്റെ കീശയില്‍ നിന്ന് ആയിരിക്കും.
നിലവില്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് അനുസരിച്ച് കോണ്ട്രാക്റ്റ് ക്യാരേജ് പോലെയാണ് കെ എസ് ആര് ടി സി സര്‍വീസ്. ഇപ്പോള്‍ വാങ്ങുന്ന ബസ് ചാര്‍ജിന്റെ ഇരട്ടി ആകാത്ത തുക വാങ്ങാം. അതായത് ഏറ്റവും കുറഞ്ഞത് 15 രൂപയെങ്കിലും മിനിമം കൂലി നല്‍കേണ്ടി വരും. ദിവസവും അത് നല്കി യാത്ര ചെയ്യുക പ്രയാസമായി മാറും. അതുപോലെ ബുദ്ധമുട്ടാവുക സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രയാണ്. കണ്സഷന് നിരക്കില്‍ ഇനി കുട്ടികളെ ബസില്‍ കയറ്റാന്‍ ഉടമകള്‍ തയാറാവില്ല. അത് അവരുടെ യോഗങ്ങളില്‍ അവര്‍ പ്രകടിപ്പിച്ചു കഴിഞ്ഞു.
കുറഞ്ഞ എണ്ണം ആളുകള്‍ മാത്രമാണ് ബസില്‍ കയറുക എങ്കില്‍ വിദ്യാര്‍ത്ഥികളും മുഴുവന്‍ യാത്രക്കൂലിയും നല്‍കണം എന്നുള്ളതാണ് ബസ് ഉടമകളുടെ ആവശ്യം. ഇത് അംഗീകരിച്ചില്ലങ്കില്‍ സര്‍വീസിനില്ല എന്നാണ് ഇവര്‍ പറയുന്നത്. ഇത് അംഗീകരിക്കപ്പെട്ടാല്‍ പലരുടെയും കുടുബ ബജറ്റ് തകരും. ഓട്ടോ , ടാക്സി വാഹനങ്ങള്‍ കുറഞ്ഞ ആള് എണ്ണത്തില്‍ സര്‍ക്കാര്‍ നിരക്കില്‍ ഓടില്ല എന്ന് ഉറപ്പിക്കാം. ജീവിത ചിലവ് കൈവിടുന്ന നിലയിലേക്കാണ് കോവിഡനാന്തരകേരളം നീങ്ങുന്നത്.