മൂന്നിൽ രണ്ടു രോഗബാധിതരും നാലു സംസ്ഥാനങ്ങളിൽ; ആശങ്കയേറ്റി തമിഴ്നാട്
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കൂടുതൽ ഉയരുന്നു. ഇന്നു രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 3525 പേർക്കു രോഗം സ്ഥിരീകരിച്ചു. 122 പേരാണ് ഈ മണിക്കൂറുകളിൽ മരിച്ചത്. ഇതോടെ ഇന്ത്യയിലെ മൊത്തം രോഗബാധിതർ 74,281 ആയി ഉയർന്നിട്ടുണ്ട്. മൊത്തം കൊവിഡ് മരണം 2,415 ആയി. ഇപ്പോൾ ചികിത്സയിലുള്ളത് 47,480 പേരാണ്. 32.83 ശതമാനം പേർ രോഗമുക്തരായി.
മൊത്തം രോഗബാധിതരിൽ ഏതാണ്ട് മൂന്നിൽ രണ്ടും നാലു സംസ്ഥാനങ്ങളിലായാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കിൽ മഹാരാഷ്ട്രയിൽ 24,427 പേരും, ഗുജറാത്തിൽ 8,903 പേരും തമിഴ്നാട്ടിൽ 8718 പേരും ഡൽഹിയിൽ 7639 പേരുമാണ് വൈറസ് ബാധിച്ചവർ. ഈ നാലു സംസ്ഥാനങ്ങളിലായി 49,687 പേർ. രാജസ്ഥാൻ (4126), മധ്യപ്രദേശ് (3986), ഉത്തർപ്രദേശ് (3664) എന്നീ സംസ്ഥാനങ്ങൾ കൂടി കൂട്ടിയാൽ രാജ്യത്തെ മൊത്തം രോഗബാധയുടെ നാലിൽ മൂന്നിലേറെയുമായി.
രണ്ടായിരത്തിലേറെ രോഗബാധിതരുള്ള മറ്റു രണ്ടു സംസ്ഥാനങ്ങൾ പശ്ചിമ ബംഗാളും ആന്ധ്രയുമാണ്.
കൊവിഡ് ബാധിച്ചു രാജ്യത്തു മരിച്ചവരിൽ പകുതിയിലേറെയും രണ്ടു സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ 921 പേരും ഗുജറാത്തിൽ 537 പേരും മരിച്ചു. മധ്യപ്രദേശ് (225), പശ്ചിമ ബംഗാൾ (198), രാജസ്ഥാൻ (117), ഡൽഹി (86), തമിഴ്നാട് (61), ആന്ധ്ര (46) എന്നിങ്ങനെയാണ് കൂടുതൽ മരണങ്ങളുണ്ടായ സംസ്ഥാനങ്ങൾ. അവസാന 24 മണിക്കൂറിൽ മഹാരാഷ്ട്രയിൽ 53 പേരാണു മരിച്ചത്.
ഗുജറാത്തിൽ 24. ഡൽഹിയിൽ 13 പേരും തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും എട്ടു വീതം പേരും രാജസ്ഥാനിലും മധ്യപ്രദേശിലും നാലു വീതം പേരും മരിച്ചിട്ടുണ്ട്. ചെന്നൈ കോയമ്പേട് മാർക്കറ്റിൽ പുതിയ ക്ലസ്റ്റർ കണ്ടുപിടിച്ചതിനു ശേഷം രോഗബാധിതരുടെ എണ്ണം അതിവേഗം ഉയരുന്ന തമിഴ്നാടാണ് ഇപ്പോൾ കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നത്. ചെന്നൈ നഗരത്തിൽ ദിവസവും നിരവധി പേർക്ക് രോഗം സ്ഥിരീകരിക്കുന്നു. ചൊവ്വാഴ്ച 716 പേർക്കാണ് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചത്.
വന്ദേ ഭാരത് മിഷൻ പ്രകാരം കഴിഞ്ഞദിവസം വിദേശത്തുനിന്നു വിമാനത്തിൽ മടങ്ങിയെത്തിയ നാലു പ്രവാസികൾക്ക് കൊവിഡ് സ്ഥിരീകരിച്ചത് സംസ്ഥാന സർക്കാരിനു പുതിയ തലവേദനയായിട്ടുണ്ട്. അകത്തെ ക്ലസ്റ്ററുകളിൽ രോഗനിയന്ത്രണം സാധ്യമാകാതെ നിൽക്കുമ്പോഴാണ് പുതിയ ക്ലസ്റ്ററുകൾ ഉണ്ടാവുന്നതും. എവിടെനിന്നു വന്നവർക്കാണു രോഗം സ്ഥിരീകരിച്ചതെന്നു വ്യക്തമാക്കിയിട്ടില്ല. ചെന്നൈ നഗരത്തിലെ മാത്രം രോഗബാധിതർ 4,882 ആണ്. 510 കേസുകളാണ് ചൊവ്വാഴ്ച നഗരത്തിൽ സ്ഥിരീകരിച്ചത്.