സഫിയ അജിത്ത് സ്മാരക അവാര്‍ഡ് നാസ് വക്കത്തിനും ജോണ്സണ് കീപ്പള്ളിലിനും
ദമ്മാം: നവയുഗം കേന്ദ്രകമ്മിറ്റി വൈസ്പ്രസിഡന്റും, ജീവകാരുണ്യപ്രവര്ത്തകയുമായിരുന്ന ശ്രീമതി സഫിയ അജിത്തിന്റെ ഓര്‍മ്മയ്ക്കായി, സൗദി അറേബ്യയിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യരംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്കിയ വ്യക്തിത്വങ്ങള്‍ക്ക്, നവയുഗം സാംസ്കാരികവേദി കോബാര്‍ മേഖലകമ്മിറ്റി ഏര്‍പ്പെടുത്തിയ സഫിയ അജിത്ത് സ്മാരക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാമൂഹിക , ജീവകാരുണ്യവിഭാഗത്തില്‍ ശ്രീ. നാസ് വക്കവും, സാംസ്കാരിക, വിദ്യാഭ്യാസ വിഭാഗത്തില്‍ ശ്രീ. ജോണ്സണ് കീപ്പള്ളിലും അവാര്‍ഡിന് അര്‍ഹരായി.
തിരുവനന്തപുരം വക്കം സ്വദേശിയായ നാസ് വക്കം, കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തിലധികമായി സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, ജീവകാരുണ്യമേഖലയില്‍ നിറസാന്നിദ്ധ്യമാണ്. തൊഴില്‍, വിസ നിയമകുരുക്കുകളില്‍ കുടുങ്ങിയ വിവിധ സംസ്ഥാനക്കാരായ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികളെ, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച നാസ് വക്കം, ദമാമിലെ ഇന്ത്യന്‍ എംബസ്സിയുടെ കരുത്തനായ വോളന്റീറുമാണ്. ഇന്‍ഡ്യാക്കാരടക്കം വിവിധരാജ്യക്കാരായവരുടെ ആയിരത്തിലധികം മൃതദേഹങ്ങള്‍ നാടുകളിലെത്തിയ്ക്കാനും, ഇവിടെത്തന്നെ കബറടക്കാനുമുള്ള, നിയമക്കുരുക്കുകള്‍ അഴിച്ചു കൊടുത്തിട്ടുള്ള നാസ് വക്കം, കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹികപ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടാറുണ്ട്. മുപ്പത്തിനാല് വര്‍ഷമായി പ്രവാസിയായ നാസ് വക്കത്തിനെ, സാമൂഹിക ജീവകാരുണ്യരംഗങ്ങളിലെ വിലപ്പെട്ട സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് സഫിയ അജിത്ത് സ്മാരക അവാര്‍ഡിന് തെരെഞ്ഞെടുത്തത്.
ആലപ്പുഴ കുടശ്ശനാട് സ്വദേശിയായ ജോണ്സണ് കീപ്പള്ളില്‍, ഇരുപത്തിമൂന്നു വര്‍ഷമായി സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയമായ വ്യക്തിത്വമാണ്. അല്‍കോബാര്‍ റാക്കയിലെ സണ്‍ഷൈന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അദ്ദേഹം, പ്രവാസലോകത്തെ സാംസ്കാരിക സംഘടനകളിലും, വിദ്യാഭ്യാസവികസന പ്രവര്‍ത്തനങ്ങളിലും സജീവസാന്നിദ്ധ്യമാണ്. നിലവാരമുള്ള വിദ്യാഭ്യാസം പ്രവാസി കുട്ടികള്‍ക്ക് പ്രാപ്യമാക്കിയും, പാവപ്പെട്ട കുട്ടികള്‍ക്ക് സ്ക്കോളര്‍ഷിപ്പുകളും ഫീസിളവും നല്‍കിയും, പ്രവാസലോകത്തില്‍ അദ്ദേഹം നടത്തുന്ന സേവനങ്ങള്‍ വിലപ്പെട്ടവയാണ്. സൗദി അറേബ്യയിലെ പ്രവാസി വിദ്യാഭ്യാസമേഖലയിലും, സാംസ്കാരികരംഗത്തും നല്കിയ സംഭാവനകളെ കണക്കിലെടുത്താണ്, അദ്ദേഹത്തെ സഫിയ അജിത്ത് സ്മാരക അവാര്‍ഡിനായി തെരെഞ്ഞെടുത്തത്.
ഒക്ടോബര്‍ മാസം ഇരുപത്തി ഒന്നാം തീയതി നാല് മണിയ്ക്ക്, ദമ്മാം ക്രിസ്റ്റല്‍ ഹാളില്‍ വെച്ചു നടക്കുന്ന നവയുഗം കോബാര്‍ മേഖല കമ്മിറ്റിയുടെ മെഗാകലാസാംസ്കാരിക പരിപാടിയായ, ‘സര്‍ഗ്ഗപ്രവാസം2016’ന്റെ വേദിയില്‍ വെച്ച്, മുന്‍മന്ത്രി കെ.ഇ. ഇസ്മായില്‍, ഇരുവര്‍ക്കും സഫിയ അജിത്ത് സ്മാരക അവാര്‍ഡുകള്‍ സമ്മാനിയ്ക്കുന്നതാണ്.
കെ.സി.പിള്ള സ്മാരക സാഹിത്യഅവാര്‍ഡുകള്‍, മാപ്പിളപ്പാട്ട്, പ്രസംഗം, ചെസ്സ്,ചിത്രരചന എന്നീ മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ എന്നിവയും ‘സര്‍ഗ്ഗപ്രവാസം2016’ന്റെ വേദിയില്‍ വിതരണം ചെയ്യപ്പെടും. അതിനൊപ്പം കലാപ്രകടനങ്ങള്‍,ഗാന നൃത്തങ്ങള്‍, ഹാസ്യപരിപാടികള്‍, നാടകം, സാംസ്കാരിക സദസ്സ് എന്നിവയൊക്കെ കോര്‍ത്തൊരുക്കിയ ‘സര്‍ഗ്ഗപ്രവാസം2016’, കിഴക്കന്‍ മേഖലയിലെ പ്രവാസികള്‍ക്ക് മറക്കാനാകാത്ത അനുഭവമായിരിയ്ക്കും എന്ന് സംഘാടകസമിതി ചെയര്മാന് ദാസന് രാഘവന്, നവയുഗം കോബാര്‍ മേഖല പ്രസിഡന്റ് അരുണ്‍ ചാത്തന്നൂര്‍, ആക്ടിങ് സെക്രെട്ടറി റഹിം അലനല്ലൂര്‍ എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
2015 ജനുവരി 26ന് ക്യാന്‍സര്‍ രോഗബാധിതയായി മരണമടഞ്ഞ സഫിയ അജിത്തിന്റെ ഓര്‍മ്മയ്ക്കായി, കഴിഞ്ഞ വര്‍ഷം മുതലാണ് നവയുഗം കോബാര്‍ മേഖല കമ്മിറ്റി സഫിയ അജിത്ത് സ്മാരക അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്.