ലോക് ഡൗൺ തുടരണമെന്ന് ഭൂരിഭാഗം മുഖ്യമന്ത്രിമാർ
ന്യൂഡൽഹി: മേയ് 17ന് അവസാനിക്കാനിരിക്കുന്ന ലോക് ഡൗൺ ഈ മാസം അവസാനം വരെ നീട്ടണമെന്ന് നിരവധി സംസ്ഥാന മുഖ്യമന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ. അതേസമയം തന്നെ ലോക് ഡൗണിൽ കൂടുതൽ ഇളവുകൾ വേണമെന്നും മുഖ്യമന്ത്രിമാർ നിർദേശിച്ചു. ഹോട്ട്സ്പോട്ടുകളിൽ കർശന നിയന്ത്രണം തുടരുകയും മറ്റിടങ്ങളിൽ ഇളവുകൾ അനുവദിക്കുകയുമാവും മേയ് 17നു ശേഷമുണ്ടാവുക എന്നതാണ് ഒടുവിൽ പുറത്തുവരുന്ന സൂചനകൾ.
ലോക് ഡൗൺ ഒറ്റയടിക്ക് പിൻവലിക്കാനാവില്ല എന്ന നിലപാടാണ് മുഖ്യമന്ത്രിമാരുമായുള്ള ഇന്നലത്തെ ആശയവിനിമയത്തിൽ പ്രധാനമന്ത്രിയും സ്വീകരിച്ചത്. രോഗവ്യാപനം തടയുന്നതിനും സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും സംതുലിത പ്രധാന്യം നൽകുന്ന സ്ട്രാറ്റജി വേണമെന്നു മോദി പറഞ്ഞു.
ആറു മണിക്കൂറോളം നീണ്ട വിഡിയോ കോൺഫറൻസ് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തുന്നതിനുള്ള അവസരമായി. ജിഎസ്ടിയുടെ വിഹിതം അനുവദിക്കുന്നതടക്കം സാമ്പത്തിക സഹായങ്ങൾ കേന്ദ്രത്തിൽ നിന്ന് അനിവാര്യമെന്ന് ഒട്ടുമിക്ക മുഖ്യമന്ത്രിമാരും പറഞ്ഞു.
രണ്ടാഴ്ച കൂടി ലോക് ഡൗൺ നീട്ടണമെന്നാണ് അസം മുഖ്യമന്ത്രി സർബാനന്ദ സൊനോവാൾ നിർദേശിച്ചത്. അന്തർ സംസ്ഥാന ഗതാഗതം അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്, തെലങ്കാന, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളും ഇപ്പോൾ ട്രെയിൻ ഗതാഗതം ആരംഭിക്കുന്നതിനെ എതിർത്തു. നിയന്ത്രണങ്ങൾ അവസാനിപ്പിക്കാനുള്ള സമയമായിട്ടില്ലെന്നാണ് അവർ പറഞ്ഞത്. ചെന്നൈയിലെ ഗുരുതരമായ സ്ഥിതിവിശേഷം ഓർമിപ്പിച്ച തമിഴ്നാട് മുഖ്യമന്ത്രി പളനി സാമി ഈ മാസം 31 വരെ ട്രെയിനുകളൊന്നും തമിഴ്നാടിനു വേണ്ടെന്ന് പ്രധാനമന്ത്രിയോടു പറഞ്ഞു. പരിശോധനയ്ക്കു കൂടുതൽ പിസിആർ കിറ്റുകൾ, തമിഴ്നാടിന് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ ഉൾപ്പെടെ 3000 കോടിയുടെ കേന്ദ്ര സഹായം എന്നിവ പളനി സാമി ആവശ്യപ്പെട്ടു.
നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കുന്നതിന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടും എതിരായിരുന്നു. റെഡ് സോണിലുള്ളവർ ഗ്രീൻ സോണിൽ കടക്കാൻ അനുവദിക്കരുതെന്ന് അദ്ദേഹം നിർദേശിച്ചു. ലോക് ഡൗൺ നീട്ടേണ്ടത് അനിവാര്യമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും പറഞ്ഞു. ഇതിനൊപ്പം ജനദുരിതം ഏറാതെ ലോക് ഡൗണിൽ നിന്നു പുറത്തുകടക്കാനുള്ള സ്ട്രാറ്റജിയും ആവിഷ്കരിക്കണമെന്ന് അദ്ദേഹം.
ഹൈദരാബാദിൽ നടക്കുന്ന വാക്സിൻ പരീക്ഷണങ്ങൾ ജൂലൈ- ഓഗസ്റ്റോടെ വിജയിക്കുമെന്നു പ്രതീക്ഷിക്കുന്നതായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പറഞ്ഞു. ലോക് ഡൗൺ നീട്ടുന്നതിനെ ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറും അനുകൂലിച്ചു. നിയന്ത്രണങ്ങൾ പിൻവലിച്ചാൽ സംസ്ഥാനത്തേക്ക് വലിയ തോതിൽ ജനങ്ങളുടെ ഒഴുക്കുണ്ടാവും.
അതു രോഗവ്യാപനം കൂട്ടും- അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്ടെയ്മെന്റ് സോണിലും സമീപപ്രദേശങ്ങളിലും നിയന്ത്രണങ്ങൾ തുടരണമെന്നാണ് കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയും നിർദേശിച്ചത്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾ മേയ് അവസാനം വരെയെങ്കിലും അനുവദിക്കരുതെന്ന് അദ്ദേഹം നിർദേശിച്ചു.