സാമ്പത്തിക പാക്കെജ് ഇനി വൈകില്ല
ന്യൂഡൽഹി: ലോക് ഡൗൺ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പാക്കെജ് പ്രഖ്യാപനം വരും ദിവസങ്ങളിലുണ്ടാവുമെന്നു സൂചന. പാക്കെജിലെ ചില നിർദേശങ്ങൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി ആവശ്യമാണ്. രണ്ടാഴ്ചയായി ക്യാബിനറ്റ് ചേർന്നിരുന്നില്ല. ഈ വരുന്ന ബുധനാഴ്ച മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. അതിനു ശേഷം പാക്കെജ് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണു കരുതുന്നത്.
മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിർമല സീതാരാമനും ധനമന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥരുമെല്ലാം പങ്കെടുത്ത യോഗത്തിൽ തന്നെ പാക്കെജിന് ഏതാണ്ട് അന്തിമ രൂപമായതാണ്. പ്രധാനമന്ത്രിയുടെ ഓഫിസ് അതെല്ലാം ഒന്നുകൂടി വിലയിരുത്തി വരികയാണ്. രാഹുൽ ഗാന്ധി അടക്കം പ്രതിപക്ഷ നേതാക്കളും സംസ്ഥാന സർക്കാരുകളും സാമ്പത്തിക വിഗഗ്ധരും എല്ലാം വിശാലമായ പാക്കെജ് തേടുന്നുണ്ട്.
സമൂഹത്തിന്റെ താഴെത്തട്ടിൽ നിൽക്കുന്നവർക്ക് പ്രത്യേക പരിഗണന നൽകിയുള്ള പാക്കെജ് വേണമെന്ന ആവശ്യമാണ് ശക്തം. കുടിയേറ്റ തൊഴിലാളികളും ദിവസ വേതനക്കാരും അനുഭവിക്കുന്ന ദുരിതങ്ങൾ ഒരു വശത്തുണ്ട്. ചെറുകിട ഇടത്തരം വ്യവസായ മേഖലയുടെ തളർച്ച മാറ്റാനുള്ള നിർദേശങ്ങളാണ് മറ്റൊന്ന്. വൻകിട വ്യവസായികളും സർക്കാരിൽ നിന്ന് ഇളവുകൾ ആവശ്യപ്പെടുന്നവരാണ് സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സ്ഥിതി കൊവിഡ് പ്രതിസന്ധി മൂലം മോശമായിട്ടുണ്ട്.
അവരും സാമ്പത്തിക സഹായം ആവശ്യപ്പെടുന്നു. കാർഷിക മേഖലയിൽ കൈത്താങ്ങില്ലാതെ കാര്യങ്ങൾ മുന്നോട്ടുപോവില്ലെന്ന തിരിച്ചറിവ് സർക്കാരിനു തന്നെയുണ്ട്. കർഷകരുടെ കാര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ പ്രധാനമന്ത്രി സീനിയർ മന്ത്രിമാരും ഉദ്യോഗസ്ഥരുമായി വിശദമായി ചർച്ച ചെയ്തിരുന്നു. എല്ലാം ചേർത്തുള്ള ഒരൊറ്റ പാക്കെജ്, ഓരോ മേഖലയ്ക്കും പ്രത്യേകം പാക്കെജുകൾ എന്നിങ്ങനെ അഭിപ്രായങ്ങൾ പലതരത്തിലുണ്ട്. ഓരോ മേഖലയെയും ലക്ഷ്യമിട്ടുള്ള വെവ്വേറെ പാക്കെജുകൾ പല ഘട്ടങ്ങളിലായി എന്നതാണ് സർക്കാരിന്റെ പദ്ധതിയെന്നാണു സൂചനകൾ.
ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ സഹായത്തിനുള്ള പാക്കെജ് ബന്ധപ്പെട്ട മന്ത്രാലയം നേരത്തേ തന്നെ പ്രധാനമന്ത്രിയുടെ ഓഫിസിനു സമർപ്പിച്ചിരുന്നു. ഈ മേഖലയ്ക്കുള്ള പാക്കെജ് ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ആവർത്തിച്ചു പറയുന്നുമുണ്ട്. മേഖലയ്ക്കുള്ള വായ്പ 20 ശതമാനം കൂടി വർധിപ്പിക്കാനുള്ള നടപടികൾ നിർദേശിക്കപ്പെടുന്നുണ്ടെന്നാണു സൂചന.
ഈ 20 ശതമാനം അഡീഷനൽ ഫണ്ടിങ്ങിന് സർക്കാർ ഗ്യാരന്റി നിൽക്കുന്നതിനെക്കുറിച്ചാണ് ആലോചന. സർക്കാർ ഗ്യാരന്റി വായ്പ നൽകാൻ ബാങ്കുകൾക്ക് കൂടുതൽ ധൈര്യം പകരും. ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഈ അധിക വായ്പ ഉപകരിക്കും.
ബാങ്ക് മേധാവികളുമായി നാളെ ധനമന്ത്രി ചർച്ച നടത്തുന്നുണ്ട്. വായ്പകൾ കൂട്ടി പണലഭ്യത വർധിപ്പിക്കുക എന്നതാണ് പ്രധാന ആശയം. ഇതിനു ബാങ്കുകൾ സ്വീകരിക്കുന്ന നടപടികൾ പൊതുമേഖലാ ബാങ്ക് സിഎംഡിമാരും സിഇഒമാരുമായുള്ള ചർച്ചയിൽ നിർമല വിലയിരുത്തും.
വിപണിയിൽ നിന്ന് അധിക വായ്പയെടുത്ത് പാക്കെജ് ശക്തിപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നതെന്ന് കഴിഞ്ഞദിവസം ബന്ധപ്പെട്ട വൃത്തങ്ങൾ സൂചന നൽകിയിരുന്നു. ബജറ്റ് എസ്റ്റിമേറ്റിന്റെ 50 ശതമാനം അധിക വായ്പയെടുക്കുമെന്നാണ് പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ഈ സാമ്പത്തക വർഷം വിപണിയിൽ നിന്നുള്ള സർക്കാരിന്റെ വായ്പാലക്ഷ്യം 7.80 ലക്ഷം കോടി രൂപയാണ് ബജറ്റിൽ. അതു 12 ലക്ഷമായി മാറും എന്നാണു സൂചന. പ്രതിസന്ധി മൂലം സർക്കാരിന്റെ വരവും ചെലവും തമ്മിലുണ്ടായിരിക്കുന്ന വലിയ അന്തരം പരിഹരിക്കാനും വായ്പ അത്യാവശ്യമാണ്.
ധനക്കമ്മി നിയന്ത്രിക്കുന്നതിനെക്കുറിച്ചൊന്നും ഈ സാഹചര്യത്തിൽ ആലോചിക്കേണ്ടതില്ലെന്ന് വിദഗ്ധർ സർക്കാരിന് ഉപദേശം നൽകുന്നുണ്ട്. പരമാവധി പണം ജനങ്ങളിലെത്തിക്കുക എന്നതാണ് സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാൻ അനിവാര്യമായിട്ടുള്ളത്.