പ്രവാസികളുടെ ആദ്യ സംഘമെത്തി; റിയാദ്, ബഹ്റിൻ സർവീസുകൾ ഇന്ന്
കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ ഉഴലുന്ന പ്രവാസികളെ തിരികെ എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യം ഇന്നും തുടരും. വ്യാഴാഴ്ച കേരളത്തിലേക്ക് എത്തിയ ആദ്യസംഘത്തിൽ 363 പേരാണുണ്ടായിരുന്നത്. 68 ഗർഭിണികളും 9 കുഞ്ഞുങ്ങളും അടക്കമുള്ള സംഘത്തെ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു.
ഇരുവിമാനത്താവളങ്ങളിലും നടന്ന പരിശോധനകളിൽ രോഗലക്ഷണങ്ങളുള്ള എട്ട് പേരെ ആശുപത്രികളിലെ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. മറ്റുള്ളവരെ അതാത് ജില്ലകളിലെ നിരീക്ഷണകേന്ദ്രങ്ങളിലുമെത്തിച്ചു. ഇന്ന് റിയാദിൽ നിന്ന് കോഴിക്കോട്ടേക്കും, ബഹ്റിനിൽ നിന്ന് കൊച്ചിയിലേക്കുമാണ് കേരളത്തിലേക്കുള്ള വിമാനസർവീസുകൾ. രാത്രി എട്ടരയ്ക്കാണ് റിയാദ് വിമാനം കരിപ്പൂരിലിറങ്ങുക.
ബഹ്റിൻ വിമാനം രാത്രി 10.50-ന് കൊച്ചിയിലും പറന്നിറങ്ങും. സിംഗപ്പൂരിൽ നിന്ന് രാവിലെ ഒരു വിമാനം ഡൽഹിയിലെത്തുന്നുണ്ട്. ഇതിന് പുറമേ തിരുവനന്തപുരത്ത് നിന്ന് ഇന്നും 11-ാം തീയതിയുമുള്ള ബഹ്റിൻ വിമാനങ്ങളിൽ ആ രാജ്യക്കാർക്കും ബഹ്റിനിലെ സ്ഥിര താമസക്കാർക്കും പോകാം. ഇന്ത്യയിലെ മറ്റ് നഗരങ്ങളിൽ നിന്ന് ശനിയാഴ്ച മുതൽ യുഎസ്, ബ്രിട്ടൻ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കും വിമാനമുണ്ട്.
എയർ ഇന്ത്യ വെബ്സൈറ്റിൽ ഇതിന്റെ മുഴുവൻ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എയർ ഇന്ത്യ ഇന്ന് ചില ആഭ്യന്തരസർവീസുകളും നടത്തുന്നുണ്ട്. കോഴിക്കോട്ട് നിന്ന് മുംബൈയിലേക്ക് ഇന്ന് രാത്രി 9 മണിക്ക് ഒരു വിമാനമുണ്ട്. കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്ക് രാത്രി 9 മണിക്ക് മറ്റൊരു വിമാനവും സർവീസ് നടത്തും.
വിദേശത്ത് നിന്ന് എത്തുന്നവരുടെ തുടർ യാത്രയ്ക്ക് വേണ്ടിയാണ് പ്രാഥമികമായും ഈ സർവീസ് നടത്തുന്നത്. എന്നാൽ മറ്റ് മെട്രൊ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഇതുവരെ വിമാനസർവീസ് തുടങ്ങുന്ന കാര്യം തീരുമാനമായിട്ടില്ല.