പ്രവാസികളുമായി ആദ്യ വിമാനം ഇന്നെത്തും
കൊച്ചി: കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് ഗൾഫ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിനുള്ള വന്ദേ ഭാരത് ദൗത്യത്തിന് ഇന്ന് തുടക്കമാകും. വ്യാഴാഴ്ച രാത്രി 9.40ന് അബുദാബിയിൽ നിന്ന് കൊച്ചി നെടുമ്പാശ്ശേരിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നിറങ്ങുന്നതോടെയാണ് ചരിത്രദൗത്യത്തിന് തുടക്കം കുറിക്കുന്നത്. ദുബായിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം രാത്രി 10.30നുമെത്തും.
ഇവയുൾപ്പെടെ എട്ട് വിമാനങ്ങളാണ് ആദ്യദിനം വിദേശത്തുനിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലെത്തുന്നത്. അബുദാബി-കൊച്ചി വിമാനത്തിൽ 177 പേരും ദുബായിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 170 പേരുമാണ് എത്തുക. പ്രവാസികളെ കൊണ്ടുവരുന്നതിനായി എയർ ഇന്ത്യയുടെ ബോയിങ് 737 വിമാനം ഉച്ചയ്ക്ക് 12 മണിയോടെ രാജ്യത്തു നിന്നും പുറപ്പെടും. ഒരു വിമാനത്തിൽ 200 പേരെയെങ്കിലും കൊണ്ടുപോകാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.
എന്നാൽ സാമൂഹിക അകലം പാലിക്കുക എന്ന നിർദേശത്തിന്റെ ഭാഗമായി എണ്ണം ചുരുക്കുകയായിരുന്നു. കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് യാത്രക്കാരെ കൊണ്ടുവരുന്നത്. യാത്രക്കാർ അഞ്ചു മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണം. വൈറസ് ബാധിതരല്ലെന്ന് ഉറപ്പുവരുത്താൻ കൊവിഡ് 19 റാപ്പിഡ് ടെസ്റ്റ് പൂർത്തിയാക്കുന്നതിനാണിത്.
20 മിനിറ്റാണ് റാപ്പിഡ് ടെസ്റ്റിന് വേണ്ടത്. പരിശോധനാഫലം നെഗറ്റീവ് ആകുന്നവർക്ക് മാത്രമാണ് വിമാനത്തിനുള്ളിലേക്ക് പ്രവേശനാനുമതി. കൊവിഡ് പോസിറ്റീവ് ആവുന്നവർ യുഎഇ നിഷ്കർഷിക്കുന്ന ഐസൊലേഷൻ അടക്കമുള്ള നടപടികൾക്ക് വിധേയരാകേണ്ടിവരും.
പനി, ചുമ, ജലദോഷം തുടങ്ങി പ്രത്യക്ഷ രോഗലക്ഷണങ്ങളുള്ളവർക്കും യാത്രാനുമതിയില്ല. വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് മുഖാവരണം, ഗ്ലൗസ്, അണുനാശിനി എന്നിവയടക്കം ഉൾപ്പെടുന്ന സുരക്ഷാക്കിറ്റുകൾ വിതരണം ചെയ്യും. യാത്രക്കാരെല്ലാം മാസ്ക്കും ഗ്ലൗസും നിർബന്ധമായും ധരിച്ചിരിക്കണം.
വിമാനത്താവളത്തിനുള്ളിൽ സാമൂഹിക അകലം പാലിക്കുകയും മറ്റു സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. യുഎഇയിൽ നിന്നും ആദ്യഘട്ടത്തിൽ മടങ്ങുന്നവരിൽ ജോലി നഷ്ടമായവരും ഗർഭിണികൾ, അവർക്കൊപ്പമുള്ള ബന്ധുക്കൾ, മറ്റ് രോഗങ്ങളുള്ളവർ, പ്രായമായവർ തുടങ്ങി എല്ലാ വിഭാഗങ്ങളിലുള്ളവരും ഉണ്ട്. പ്രവാസികൾ എത്തുന്നത് കണക്കിലെടുത്ത് വിമാനത്താവളത്തിൽ മാധ്യമങ്ങൾക്ക് അടക്കം കർശന നിയന്ത്രണമുണ്ട്.