അന്തർ ജില്ല യാത്രയ്ക്ക് ഇളവ്; പൊതുഗതാഗതം ഉണ്ടാകില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പൊതുവായ ഇളവുകൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുഗതാഗതം അനുവദിക്കില്ല. സ്വകാര്യവാഹനങ്ങളില്‍ ഡ്രൈവറടക്കം മൂന്നു പേര്‍ക്കു യാത്ര ചെയ്യാം. ഇരുചക്രവാഹനങ്ങളില്‍ ഒരാൾ മാത്രമേ സഞ്ചരിക്കാവൂ. വളരെ അത്യാവശ്യമായി പോകുന്ന കാര്യമാണെങ്കിൽ റെഡ് സോണിൽ ഒഴികെ ഇളവ് അനുവദിക്കും. ഹോട്ട്സ്പോട്ടുകളില്‍ ഒഴികെ പ്രത്യേകാനുമതിയോടെ അന്തര്‍ജില്ലാ യാത്രയാകാം.
റെഡ് സോണിലെ ഹോട്ട്സ്പോട്ടുകളിൽ കർശന നിയന്ത്രണം. റെഡ് സോണിൽ അല്ലാത്ത സ്ഥലങ്ങളിൽ ഇളവ് ഉണ്ടാകും. ഒരു സോണിലും പൊതുഗതാഗതം ഉണ്ടാകില്ല. ആളുകള്‍ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. മദ്യവിൽപ്പന ശാലകൾ തുറക്കില്ല. തിയെറ്ററുകള്‍, മാളുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയും അടഞ്ഞുകിടക്കും. ബാര്‍ബര്‍ ഷോപ്പുകൾ, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. ബാർബർമാർക്ക് വീടുകളിൽ പോയി ജോലി ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇളവുകള്‍ ഇങ്ങനെ...
* ഗ്രീന്‍ സോണുകളില്‍ കടകമ്പോളങ്ങള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴരവരെ. അകലം പാലിക്കണം. ആഴ്ചയില്‍ ആറ് ദിവസം തുറക്കാം.
* ഓറഞ്ച് സോണില്‍ നിലവിലുള്ള സ്ഥിതി തുടരണം.
* ഗ്രീന്‍ സോണുകളില്‍ സേവന മേഖലകളില്‍ 50 ശതമാനം ജീവനക്കാരുടെ സേവനം ലഭ്യമാക്കും. ഓറഞ്ച് സോണില്‍ നിലവിലുള്ള സ്ഥിതി തുടരും
* ഹോട്ട് സ്പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ക്ക് പാഴ്സലുകള്‍ നല്‍കാം. നിലവിലുള്ള സമയക്രമം പാലിക്കണം
* ഒന്നിലധികം നിലകളില്ലാത്ത ചെറുകിട തുണിക്കടകള്‍ അഞ്ചില്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്ന് പ്രവര്‍ത്തിക്കാം. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ മാത്രം
* ടാക്സി, യൂബര്‍ ക്യാബ് തുടങ്ങിയവ അനുവദിക്കും. ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രം. റെഡ് സോണില്‍ പാടില്ല.
* ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല.
* അത്യാവശ്യ കാര്യങ്ങള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴര വരെ പുറത്തിറങ്ങാം. ഹോട്ട് സ്പോട്ടുകളില്‍ പ്രത്യേക നിയന്ത്രണം ഉണ്ടാകും.
* 65 വയസിന് മുകളിലും 10 വയസില്‍ താഴെ ഉള്ളവരും വീട്ടില്‍ തന്നെ തുടരണം.
* രാത്രി യാത്ര പാടില്ല
* കൃഷിയുടെയും വ്യവസായത്തിന്റെയും കാര്യത്തില്‍ മുന്‍ ഇളവുകള്‍ തുടരും.
* നിശ്ചിത സ്ഥലങ്ങളില്‍ പ്രഭാതസവാരി അനുവദിക്കും.
* പോസ്റ്റ് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
* മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം.
* ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ പ്രത്യേക അനുവാദത്തോടെ അന്തര്‍ജില്ലാ യാത്രയ്ക്ക് അനുമതി