സര്‍ക്കാര്‍ കാശ് ഇനി ചുമ്മാ ചെലവാക്കില്ല: തോമസ് ഐസക്ക്
കൊച്ചി: സര്‍ക്കാര്‍ ചെലവ് കുറയ്ക്കുന്നതിന്റെ പേരില്‍ നടക്കുന്ന വാട്സ് ആപ്പ് കോലാഹലങ്ങള്‍ക്ക് ചുട്ടമറുപടിയുമായി മന്ത്രി തോമസ് ഐസക്ക്. അനാവശ്യ ചെലവുകള്‍ സംബന്ധിച്ച് പൊതുവില്‍ പുറംതൊലി ചര്‍ച്ചകളും അപവാദപ്രചാരണങ്ങളുമാണ് നടത്തുന്നത്. എന്താണ് ചെലവ് കുറയ്ക്കണമെന്നു പറയുമ്പോള്‍ നമ്മള് ഗൗരവമായി പരിഗണിക്കേണ്ടത്? എന്തെല്ലാമാണ് ഇപ്പോള്‍ എടുത്തുകൊണ്ടിരിക്കുന്ന സുപ്രധാന നടപടികള്‍? എന്നും അദേഹം ഫെയ്സ്ബുക്കിൽ പറയുന്നു.
ആദ്യം പെന്‍ഷനിലെ വെട്ടിപ്പ്
ഇപ്പോള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരിപാടി, ക്ഷേമപെന്‍ഷനുകളുടെ വെട്ടിപ്പ് തടയുന്നതിനുള്ള നടപടിയാണ്. മരണമടഞ്ഞിട്ടും പെന്ഷന് വാങ്ങിക്കൊണ്ടിരിക്കുന്ന ഒരു ലക്ഷത്തിലേറെ പേരുണ്ട്. അത്രതന്നെ ആളുകളെ കണ്ടെത്താനേ കഴിഞ്ഞിട്ടില്ല. ആള്‍മാറാട്ടം നടത്തുന്നവരാണ് ഇവര്‍. സര്‍ക്കാര്‍ പെന്ഷന് കൈപ്പറ്റുന്നവരും ക്ഷേമപെന്ഷന് വാങ്ങുന്നവരുണ്ട്. ഇങ്ങനെ പലരും. ഇങ്ങനെയുള്ളവരെയെല്ലാംകൂടി ചേര്‍ത്താല്‍ 4.5 ലക്ഷത്തോളം പേരുണ്ട്.
ഇതുവരെ മസ്റ്ററിംഗ് നടത്താത്തവര്‍ക്ക് ഒരു അവസരംകൂടി നല്കാന് പോവുകയാണ്. എന്നാലും എന്റെ കണക്കുകൂട്ടല്‍ അനുസരിച്ച് ഏതാണ്ട് മൂന്നേമുക്കാല്‍ ലക്ഷം അനര്‍ഹര്‍ പുറത്തുപോകും. ഏതാണ്ട് 600 കോടി രൂപയുടെ അനാവശ്യ ചെലവ് ഒഴിവാക്കാം.
ഇനിവേണ്ട തോന്നുപടി നിയമനം
രണ്ടാമത്തേത് എയ്ഡഡ് സ്കൂളുകളിലെ നിയമനമാണ്. യുഡിഎഫ് ഭരണകാലത്ത് അധിക അധ്യാപകരെ ഉള്‍ക്കൊള്ളിക്കുന്നതിനു വേണ്ടി അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറച്ചു. അതോടൊപ്പം ധനകാര്യ വകുപ്പിന്റെ അനുമതി ഇല്ലാതെ യുഡിഎഫിന്റെ അവസാനം ഒരു ഉത്തരവിറങ്ങി. അതുപ്രകാരം നിര്‍ദ്ദിഷ്ട നിരക്കിനേക്കാള്‍ ഒരു കുട്ടി കൂടുതലുണ്ടെങ്കില്‍ ഒരു പോസ്റ്റായി. ഇതിന് സര്‍ക്കാരിന്റെ അംഗീകാരം വേണ്ട. ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥന്റെ അനുമതി മതി.
ഇതിന് കോടതിയുടെയും പിന്തുണ കിട്ടി. സര്‍ക്കാര്‍ നേരിട്ടു ഏതാണ്ട് 20,000 തസ്തികകളാണ് സൃഷ്ടിച്ചതെങ്കില്‍ സ്വകാര്യ എയ്ഡഡ് മേഖലയില്‍ 15,000 തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടു. ഇത് അവസാനിപ്പിക്കുന്നത് ഭാവിയിലെങ്കിലും ഭീമന് ചോര്‍ച്ച ഒഴിവാക്കാന്‍ സഹായിക്കും. കോളെജ് അധ്യാപക നിയമനത്തിലും ഇതേ സ്ഥിതിയുണ്ട്. പണ്ട് പ്രീ-ഡിഗ്രി കോളെജുകളില്‍ നിന്നും മാറ്റിയപ്പോള്‍ അധ്യാപക തസ്തികകള്‍ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി ബിരുദാനന്തര ബിരുദ മേഖലയില്‍ ഒരു മണിക്കൂര്‍ പഠിപ്പിച്ചാല്‍ ഒന്നരമണിക്കൂറായി കണക്കാക്കുമെന്ന് നിശ്ചയിച്ചു.
അന്നത് ചെയ്തത് മനസ്സിലാക്കാം. ഇന്ന് സര്‍ക്കാര്‍ 150 ഓളം കോഴ്സുകള്‍ പുതിയതായി ആരംഭിക്കാന്‍ തയ്യാറാകുമ്പോള്‍ യുജിസി വര്‍ക്ക് ലോഡല്ലേ സ്വീകരിക്കേണ്ടത്? നിലവില്‍ നിയമനം ലഭിച്ച ഒരാളുടെയും ഇന്നത്തെ സ്ഥിതിയില്‍ മാറ്റം വരുത്താതെ ഭാവി നിയമനങ്ങള്‍ക്ക് ഇത് ഒഴിവാക്കിയാല്‍ അടുത്തവര്‍ഷം 250-300 കോടി രൂപയുടെ ചെലവ് ചുരുക്കും.
ജീവനക്കാര്‍ താഴേക്ക്
ഇന്ന് പ്രത്യേകിച്ചൊരു പണിയുമില്ലാത്ത 5000 ഉദ്യോഗസ്ഥരെയെങ്കിലും മറ്റിടങ്ങളിലേയ്ക്ക് പുനര്‍വിന്യസിക്കാം. ഇതുമൂലം പോസ്റ്റുകള്‍ നഷ്ടപ്പെടുമെന്ന് ആരും വേവലാതിപ്പെടേണ്ട. ഇതിനകം സൃഷ്ടിച്ച പോസ്റ്റുകള്‍ സര്‍വകാല റെക്കോര്‍ഡാണ്. ഇനി ഹയര്‍ സെക്കണ്ടറികളില്‍, കോളെജുകളില്‍, ആരോഗ്യ മേഖലയില്‍, മറ്റു പല വകുപ്പുകളിലും പോസ്റ്റുകള്‍ സൃഷ്ടിക്കേണ്ടിവരും.
പക്ഷെ, പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാതെ ശമ്പളം വാങ്ങാനുള്ള ഏര്‍പ്പാട് തുടരാനാവില്ല. പെര്‍ഫോമന്‍സ് ഓഡിറ്റും ഡിആര്‍ഡിഎയിലെ ഉദ്യോഗസ്ഥരും താഴേയ്ക്ക് പുനര്‍വിന്യസിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ഇവരുടെ എണ്ണം ഏതാണ്ട് 800 വരും. ഇതുപോലുള്ള കാര്യങ്ങള്‍ക്കാണ് ചെലവു ചുരുക്കാന്‍ പറയുമ്പോള്‍ ഞാന്‍ മുന്‍ഗണന നല്‍കുന്നത്.
ബജറ്റില്‍ ചെറിയൊരു അഴിച്ചുപണി
നിലവില്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള പല സ്കീമുകളും അനിവാര്യമായിട്ടുള്ളവയല്ല. ഇന്ന് കൊവിഡ് കാലത്ത് കൂടുതല്‍ പണം മുടക്കേണ്ട മറ്റുപല സ്കീമുകളുമുണ്ട്. ആദ്യത്തേതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പണം രണ്ടാമത്തേതിലേയ്ക്ക് മാറ്റും. ആസൂത്രണ ബോര്‍ഡ് ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.
ഇതോടൊപ്പം ഇന്നത്തെ അസാധാരണ സാഹചര്യത്തില്‍ നമ്മുടെ പല പദ്ധതിയിതര ചെലവുകളും വെട്ടിക്കുറയ്ക്കുകയോ വേണ്ടെന്നുവയ്ക്കുകയോ ചെയ്യണം. അതിനുള്ള നടപടികള്‍ ധനകാര്യ വകുപ്പ് സ്വീകരിച്ചു വരുന്നു. താമസിയാതെ അതിനുള്ള ഉത്തരവും ഇറങ്ങും.
കാര്യം അറിയാതെ വേണ്ട
ഓഫീസുകളിലേയ്ക്ക് ടൗവ്വല് വാങ്ങുന്നതിനും എയര്‍കണ്ടീഷന്‍ വാങ്ങുന്നതിനും നല്കിയ ഭരണാനുമതികള് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ധൂര്‍ത്താണെന്നു നിലവിളിക്കുന്നവര്‍ മനസ്സിലാക്കേണ്ടത് ഇവയില്‍ പലതിനും ചെയ്തുകഴിഞ്ഞതിനുള്ള പണം അനുവദിക്കലാണ്. അല്ലെങ്കില്‍ പകര്‍ച്ചവ്യാധിക്കു മുന്നേ ഭരണാനുമതികള് നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചവയാണ്. ഇങ്ങനെയുള്ള കാര്യങ്ങളിലെല്ലാം കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും.