താക്കെറെയുടെ മുഖ്യമന്ത്രിസ്ഥാനം തുലാസിൽ
മുംബൈ: നിയമസഭാംഗമല്ലാത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കസേരയിളകുന്നു. ആറു മാസത്തിനുള്ളിൽ നിയമനിർമാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടണമെന്ന വ്യവസ്ഥ പാലിക്കാൻ കൊവിഡ് പശ്ചാത്തലത്തിൽ കഴിയില്ല. ഏപ്രിൽ 24ന് ഒമ്പതു ലെജിസ്ലേറ്റിവ് കൗൺസിൽ സീറ്റുകളിലേക്ക് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് കൊവിഡ് വ്യാപന സാഹചര്യത്തിൽ തെരഞ്ഞെടുപ്പു കമ്മിഷൻ മാറ്റിവച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ലെജിസ്ലേറ്റിവ് കൗൺസിലിലേക്ക് ഗവർണറുടെ പ്രതിനിധിയായി നോമിനേറ്റ് ചെയ്യണമെന്ന ആവശ്യവുമായി എന്സിപി, കോൺഗ്രസ്, ശിവസേനാ നേതാക്കൾ കഴിഞ്ഞദിവസം ഗവർണർ ഭഗത് സിങ് കോഷിയാരിയെ കണ്ടത്. എന്നാൽ, ഇക്കാര്യത്തിൽ ഗവർണർ ഉറപ്പൊന്നും നൽകിയിട്ടില്ല. ഇതോടെയാണ് ഉദ്ധവ് താക്കറെയേക്കു രാജിവയ്ക്കേണ്ടിവരുമെന്ന ആശങ്ക ഉയരുന്നത്.
ബിജെപിയോടു ചേർന്ന് ഗവർണർ രാഷ്ട്രീയം കളിക്കുമെന്ന ആശങ്ക മഹാവികാസ് അഖാഡി സഖ്യത്തിൽ ഉയർന്നുതുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വേഗം നടത്തണമെന്നാവശ്യപ്പെട്ട് ഇലക്ഷൻ കമ്മിഷനെ സമീപിക്കാനും നീക്കമുണ്ട്. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള സംസ്ഥാനമാണു മഹാരാഷ്ട്ര. മുംബൈയിലാണ് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. അവിടെ നിയന്ത്രണങ്ങൾ പൂർണമായി നീക്കാൻ തന്നെ സമയമെടുക്കും.
മേയ് മാസത്തിൽ തെരഞ്ഞെടുപ്പു നടത്തുക എത്രമാത്രം പ്രായോഗികമെന്ന വിഷയമുണ്ട്. കമ്മിഷൻ അതിനു വഴങ്ങിയേക്കില്ല. ഗവർണറും വഴങ്ങിയില്ലെങ്കിൽ രാജിയല്ലാതെ വഴിയില്ല ഉദ്ധവിനു മുന്നിൽ. ഗവർണർക്കു നോമിനേറ്റ് ചെയ്യാവുന്ന രണ്ടു സീറ്റുകൾ ലെജിസ്ലേറ്റിവ് കൗൺസിലിൽ ഒഴിഞ്ഞുകിടക്കുകയാണ്. അതിലൊന്ന് മുഖ്യമന്ത്രിക്കു നൽകണമെന്ന് ഏപ്രിൽ ഒമ്പതിനു തന്നെ സംസ്ഥാന മന്ത്രിസഭ രേഖാമൂലം ഗവർണറോട് അഭ്യർഥിച്ചിരുന്നു.
സാങ്കേതിക പ്രശ്നങ്ങൾ മൂലം ഇതിലൊരു തീരുമാനമെടുത്തിട്ടില്ലെന്നാണ് രാജ്ഭവൻ പിന്നീട് അറിയിച്ചത്. ഇതേത്തുടർന്ന് തിങ്കളാഴ്ച സംസ്ഥാന മന്ത്രിസഭ വീണ്ടും പ്രമേയം പാസാക്കി ഗവർണർക്കു നൽകി. ഇന്നലെ മന്ത്രിമാരുടെ സംഘം ഗവർണറെ കണ്ട് ആവശ്യം ആവർത്തിച്ച് ഉന്നയിച്ചു. എന്സിപിയിലെ അജിത് പവാർ, ജയന്ത് പാട്ടീൽ, ശിവസേനയിലെ ഏകനാഥ് ഷിൻഡെ, അനിൽ പരാബ്, ശിവസേനയിലെ ബാലാ സാഹേബ് തൊറാട്ട്, അസ്ലം ഷേഖ് എന്നിവരായിരുന്നു സംഘത്തിൽ.
തങ്ങൾക്കു പറയാനുള്ളത് കേട്ട ഗവർണർ ഉറപ്പൊന്നും നൽകിയിട്ടില്ലെന്നാണ് ഇവർ പറയുന്നത്. 2019 നവംബർ 27നാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റത്. മേയ് 27ന് മുൻപ് നിയമനിർമാണ സഭയിലെ രണ്ടു സഭകളിലൊന്നിൽ അംഗമാകണം. മേയ് 20നു മുൻപ് ലെജിസ്ലേറ്റിവ് കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പു നടത്തണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെടാനാണ് ഇപ്പോഴത്തെ തീരുമാനം. കൊവിഡ് സാഹചര്യം ചൂണ്ടിക്കാണിച്ച് സുപ്രീം കോടതിയെ സമീപിക്കാനും നീക്കമുണ്ട്.
ഇതിനിടെ, രാജിവച്ച ശേഷം താക്കറെയ്ക്ക് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാമെന്നും പിന്നീട് ആറു മാസത്തെ സമയം കിട്ടുമെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട് ശിവസേനയിൽ. അതല്ലെങ്കിൽ താത്കാലികമായി പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടിവരും. ഉദ്ധവ് താക്കറെ ഒഴിഞ്ഞാൽ ഭരണസഖ്യത്തെ ഇതേപടി മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.