കേരളത്തിൽ ഇന്ന് 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 13 പേർ രോഗമുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം-6, ഇടുക്കി-4, പാലക്കാട്-1, മലപ്പുറം-1, കണ്ണൂർ-1 എന്നിങ്ങനെയാണ് കണക്കുകൾ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്ന് വന്നവരാണ്. ഇന്ന് 13 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ -6, കോഴിക്കോട് -4, തിരുവനന്തപുരം -1, എറണാകുളം -1, മലപ്പുറം -1 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്കുകൾ.
ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ ഒരാൾക്ക് എങ്ങനെയുണ്ടായി എന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ള ആറ് പേർക്ക് സമ്പർക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 481 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 123 പേർ ചികിത്സയിലാണ്. 20301 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇതിൽ 19812 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 489 പേർ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്.
ഇന്നു മാത്രം 104 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 23,271 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതിൽ 22,537 എണ്ണത്തിൽ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ളവർ തുടങ്ങി ഇത്തരത്തിൽ മുൻഗണന ഗ്രൂപ്പിൽ നിന്ന് 875 സാമ്പിളുകൾ ശേഖരിച്ച് അയച്ചിരുന്നു.
ഇതിൽ 611 സാമ്പിളുകൾ നെഗറ്റീവായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് പരിശോധന വ്യാപകമാക്കണമെന്ന് തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി 3056 സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.