കൊച്ചി മെട്രോ: ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള പരീക്ഷണ ഓട്ടം നവംബറില്‍
കൊച്ചി: കൊച്ചി മെട്രോ മുട്ടം മുതല്‍ പാലാരിവട്ടം വരെ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയില്‍ വിജയകരമായി പരീക്ഷണ ഓട്ടം നടത്തിയതിനു പിന്നാലെ ആലുവ മുതല്‍ പാലാരിവട്ടം വരെയും പരമാവധി വേഗതയില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിനുള്ള തയാറെടുപ്പിലാണ് ഡിഎംആര്‍സി അധികൃതര്‍. ഇതു മുന്‍ നിര്‍ത്തിയുള്ള ജോലികള്‍ ഈ മാസം 30നകം പൂര്‍ത്തിയാക്കി നവംബര്‍ ആദ്യവാരം ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13.21 കിലോ മീറ്റര്‍ ദൂരം 90 കിലോമീറ്റര്‍ വേഗതയില്‍ ട്രയല്‍ നടത്താനാണ് നിര്‍മാണ ചുമതല വഹിക്കുന്ന ഡിഎംആര്‍സി ലക്ഷ്യമിടുന്നത്.
ഈ ഭാഗത്തെ ഇരുപാതകളുടേയും നിര്‍മാണം പൂര്‍ത്തിയായി. അടുത്തമാസം നടത്തുന്ന പരീക്ഷണ ഓട്ടം പൂര്‍ണമായും സിഗ്നലിംഗ് സംവിധാനം പ്രവര്‍ത്തിപ്പിച്ചായിരിക്കും നടത്തുക. ഇതു മുന്‍നിര്‍ത്തി ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള പാതയിലെ സിഗ്നലിംഗ് ജോലികള്‍ അതിവേഗം പൂര്‍ത്തിയാക്കി വരികയാണ്.
ഒരു പാതയിലൂടെ തുടര്‍ച്ചയായി ദീര്‍ഘനേരം ട്രയല്‍ നടത്തുകയും പിന്നീട് അടുത്ത പാതയിലൂടേയും ഇതേ തരത്തില്‍ ഓടിക്കുകയും ചെയ്യുന്ന രീതിയാണ് ഇതുവരെ അവലംബിച്ചിരുന്നത്. സിഗ്നലിംഗ് സംവിധാനം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായാല്‍ ഒരു പാതയിലൂടെ വന്ന് മറു പാതയിലൂടെ മടങ്ങാനാകും. കഴിഞ്ഞ മൂന്നിന് ഒരു മെട്രോ ട്രെയിനില്‍ പരമാവധി കയറ്റാന്‍ കഴിയുന്ന 975 പേരുടെ ഭാരത്തിനു ആനുപാതികമായി 66 ടണ്‍ ഭാരമുള്ള മണല്‍ ചാക്കുകള്‍ നിറച്ച് ലോഡ് ട്രയലും നടത്തി. ഈ ട്രയലും വിജയകരമായിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചി മെട്രോയുടെ ഒന്നാം ഫേസ് ആരംഭിക്കുന്ന ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ട്രയല്‍ നടത്താന്‍ തയാറെടുക്കുന്നത്.
പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളജ് വരെയുള്ള നാലു കിലോമീറ്റര്‍ ദൂരത്തില്‍ ഒന്നര കിലോമീറ്റര്‍ ദൂരം ട്രാക്ക് സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയായി. മൂന്നിടങ്ങളിലായിട്ടാണ് ഇത്രയും ദൂരം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ശേഷിക്കുന്ന സ്ഥലങ്ങളിലെ ട്രാക്ക് സ്ഥാപിക്കല്‍ ഒരു മാസം കൊണ്ടു പൂര്‍ത്തിയാക്കാനാണ് ഡിഎംആര്‍സിയുടെ പദ്ധതി. പൂജ അവധിക്ക് നാട്ടില്‍ പോയിരിക്കുന്ന തൊഴിലാളികള്‍ മടങ്ങിയെത്തുന്നതോടെ ജോലികള്‍ക്കു വേഗം കൂടും.
മുട്ടം മുതല്‍ പാലാരിവട്ടം വരെ പലതവണ ട്രയല്‍ നടത്തിയിരുന്നെങ്കിലും മുട്ടത്തിനും ആലുവയ്ക്കും ഇടയിലുള്ള നാലു കിലോമീറ്ററോളം ദൂരത്തില്‍ നേരത്തെ ട്രയല്‍ നടത്തിയിട്ടില്ല. ഇതു കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആദ്യ ട്രയലായിരിക്കും നവംബറില്‍ നടക്കുക.
രാജ്യത്തെ മെട്രോകളുടെ ചരിത്രത്തില്‍ ആദ്യമായാണ് നിര്‍മാണം തുടങ്ങി ഇത്രയും കുറഞ്ഞ സമയം കൊണ്ടു ഇത്രയും ദൂരം ട്രയല്‍ റണ്‍ നടത്തുന്നത്. നിര്‍മാണം തുടങ്ങി 1,204-ാം ദിവസമാണ് മെട്രോ മുട്ടം മുതല്‍ പാലാരിവട്ടം വരെയുള്ള ഒന്‍പത് കിലോമീറ്റര്‍ ഓടിയത്.