കരുതൽ ഭക്ഷ്യധാന്യം ജനങ്ങളിലേക്ക് എത്തിക്കണം: കെ.വി. തോമസ്
കൊച്ചി: കൊവിഡ് ഭീതി നിലനല്‍ക്കുന്ന കാലത്ത് ഭക്ഷ്യസുരക്ഷയ്ക്ക് പ്രധാന്യം നല്‍കണമെന്ന് മുന്‍ മന്ത്രി പ്രൊഫ. കെ.വി. തോമസ്. അതിനുവേണ്ടിയുള്ള പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കേണ്ടതെന്ന് അദ്ദേഹം മെട്രൊ വാര്‍ത്തയോടു പറഞ്ഞു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കൈകളും ശരീരവും ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസര്‍ നിർമാണത്തിന് വേണ്ടി ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും അദ്ദേഹം.
? ഇപ്പോഴത്തെ ആവശ്യം മുന്നില്‍ കണ്ടല്ലേ അത്.
നിലവിലെ കണക്കുസരിച്ച് അത്യുത്പാദനം നടന്ന കരിമ്പിന്റെ മോളാസസില്‍ നിന്ന് കൂടുതല്‍ ആല്‍ക്കഹോള്‍ നിർമിച്ച് സാനിറ്റൈസറിനുള്ള അസംസ്കൃത വസ്തു കണ്ടെത്താവുന്നതാണ്. മാത്രവുമല്ല, ആല്‍ക്കഹോളിന്റെ വലിയൊരു ശേഖരവും ഇപ്പോള്‍ നമുക്കുണ്ട്.
? ഈ രീതിയില്‍ നല്‍കാനുള്ള കരിമ്പുണ്ടോ.
ഉണ്ട്. മാര്‍ച്ച് 20 ലെ കണക്കനുസരിച്ച് 400.37 മെട്രിക് ടണ്‍ കരിമ്പ് നാം ഉത്പാദിപ്പിച്ചിട്ടുണ്ട്. ഇത് മികച്ച ഉത്പാദനമാണ്. പഞ്ചസാര ഉത്പാദനം കഴിഞ്ഞ് ആവശ്യമുള്ളത് മാറ്റാം. കയറ്റുമതി ഒഴിവാക്കിയാല്‍ ഇത് നടക്കും. റെക്കോര്‍ഡ് പഞ്ചസാര ഉത്പാദനം നടക്കുന്നതിനാല്‍ സബ്സിഡി വിലയില്‍ കയറ്റുമതി ചെയ്യുകയാണിപ്പോള്‍.
? ഇന്ത്യയിലെ നിലവിലെ ഭക്ഷ്യസ്ഥിതി വിലയിരുത്തിയിട്ടുണ്ടോ
രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരു വര്‍ഷക്കാലം നൽകാനുള്ള ഭക്ഷ്യധാന്യങ്ങളുടെ കരുതല്‍ ശേഖരമാണ് നമുക്കുള്ളത്. കണക്കനുസരിച്ച് 30.97 മില്യണ്‍ മെട്രിക് ടണ്‍ അരിയും 27.52 മില്യണ്‍ മെട്രിക് ടണ്‍ ഗോതമ്പും 28.70 മില്യണ്‍ മെട്രിക് ടണ്‍ നെല്ലും നാം ശേഖരിച്ചിട്ടുണ്ട്. മാത്രമല്ല, മുന്‍ വര്‍ഷത്തേക്കാള്‍ 17.62 മെട്രിക് ടണ്‍ കൂടുതല്‍ ഭക്ഷ്യധാന്യ ഉത്പാദനവുമുണ്ട്. അത് ഇത്തരം സമയങ്ങളില്‍ ജനങ്ങള്‍ക്ക് കൂടുതലായി നല്‍കണം. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.
? ഏതു രീതിയില്‍.
റേഷന്‍ സംവിധാനത്തിലൂടെ. പാവപ്പെട്ടരില്‍ പാവപ്പെട്ടവര്‍, പാവപ്പെട്ടവര്‍, ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവര്‍ എന്ന വേര്‍തിരിവു കൂടാതെ ഇപ്പോള്‍ വിതരണം ചെയ്യുന്നതിന്റെ അളവ് വര്‍ധിപ്പിച്ച് എല്ലാവര്ക്കും സൗജന്യമായി വിതരണം ചെയ്യണം. എഫ്സിഐ ഗോഡൗണുകളില്‍ നിന്ന് മുന്ന് മുതല്‍ അഞ്ച് ശതമാനം വരെ ധാന്യങ്ങള്‍ ഉപയോഗശൂന്യമായിപ്പോകുന്നു എന്നും ഓര്‍ക്കണം.
? അപ്പോള്‍ വരും കാലത്തേക്കോ.
നിലവിലെ കാലാവസ്ഥ പ്രവചനം അനുസരിച്ച് 2020-21 ല്‍ 117.5 മെട്രിക് ടണ്‍ അരിയും 100.5 മെട്രിക് ടണ്‍ ഗോതമ്പും 25.6 മെട്രിക് ടണ്‍ പയര്‍ വര്‍ഗങ്ങളും നാം ഉത്പാദിപ്പിക്കും. ലോക് ഡൗണ്‍ മേയ് മൂന്നിന് അവസാനിച്ചാലും ജനങ്ങളുടെ ദുരിതം അതും കഴിഞ്ഞും നീളാന്‍ ഇടയുണ്ട്. ആ സാഹചര്യത്തില്‍ എഫ്സിഐ ഗോഡൗണുകളില്‍ ശേഖരിച്ചു വച്ചിരിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് വേണ്ടത്. കാരണം ജനത്തിന്റെ സാമ്പത്തിക നില പാടേ തകര്‍ന്നിരിക്കുകയാണ്.
? കൊവിഡ് കാലത്തിനുശേഷം ഏതു രീതിയിലാവണം.
കൊറോണക്കാലത്തും ശേഷവും രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ രക്ഷപ്പെടുത്താന്‍ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോദ്പാദനം എന്നിവയെക്കൂടി ഉള്‍പ്പെടുത്തി കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. മത്സ്യതൊഴിലാളികള്‍, നെല്ല്, ഗോതമ്പ്, പയര്‍ വര്‍ഗങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍, നാണ്യവിള- സുഗന്ധവിള ഉത്പാദകര്‍ തുടങ്ങിയവര്‍ക്ക് പലിശരഹിത സാമ്പത്തിക സഹായങ്ങള്‍ നൽകണം.
? ശ്രദ്ധവയ്ക്കേണ്ട പ്രധാന മേഖല ഏതാണെന്നു കരുതുന്നു.
സമുദ്രതീര സംസ്ഥാനമായ കേരളം ഫിഷറീസ് മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നൽകുന്നത് നന്നായിരിക്കും. കുളം,കായല്‍, കടല്‍ മത്സ്യകൃഷിക്ക് ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തണം. ഞാന്‍ കേന്ദ്ര കൃഷി,ഫിഷറീസ് മന്ത്രിയായിരിക്കെ വനാമി ചെമ്മീന്‍ കൃഷിക്ക് നൽകിയ പ്രത്യേക പ്രോത്സാഹനം ഇന്ന് ആന്ധ്രയുള്പ്പടെയുള്ള സ്ഥലങ്ങളില്‍ വനാമി ചെമ്മീന്റെ ഉത്പാദനം വ്യാപകമാകുവാന്‍ ഉപകരിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലിനു പ്രാധാന്യം നൽകി മത്സ്യ ഉത്പാദനത്തിന്റെ മൂല്യവര്‍ദ്ധനയോടെ കയറ്റുമതിയെ പ്രോത്സാഹിപ്പിച്ചാൽ കേരളം രക്ഷപ്പെടും.