കൊവിഡിനെ പ്രതിരോധിക്കുന്ന നഴ്സുമാർക്ക് ഫൈവ്സ്റ്റാർ സൗകര്യമൊരുക്കി മഹാരാഷ്ട്രയിലെ ആശുപത്രി
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന് പിന്നാലെ മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. 6400 ൽ പരം പേർക്ക് രോഗം സ്ഥിരീകരിക്കുകയും 280 പേർ ഇതുവരെ മരിക്കുകയും ചെയ്ത അവിടെ വേണ്ട സൗകര്യമില്ലാത്തതിനാൽ നഴ്സ്മാർക്ക് പോലും രോഗം ബാധിക്കുന്ന വാർത്തകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. രോഗം ബാധിച്ചിട്ടും അടിസ്ഥാന സൗകര്യം പോലുമില്ലാതെ കൂട്ടമായി കഴിയുന്ന മലയാളി നഴ്സ്മാരുടെ ലൈവ് വിഡിയോകൾ വരെ നാം കണ്ടുകഴിഞ്ഞു.
ഇതുവരെ ദു:ഖിപ്പിക്കുന്ന വാർത്തകൾ മാത്രമായിരുന്നു അവിടെ നിന്നും വന്നതെങ്കിൽ ജീവനക്കാർക്ക് മികച്ച സൗകര്യങ്ങളൊരുക്കി മാതൃകയായ ഒരു സ്വകാര്യ ആശുപത്രിയുടെ വാർത്തയാണ് ഇപ്പോൾ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ പുറത്തുവിട്ടിരിക്കുന്നത്. മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയാണ് കൊവിഡ് 19 രോഗികളെ പരിചരിക്കുന്ന നഴ്സുമാർക്കും ഡോക്റ്റർമാർ ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.
ഫൈസ്റ്റാർ ഹോട്ടൽ അക്കോമഡേഷൻ ആണ് ഇവർ ജീവനക്കാർക്ക് സജ്ജീകരിച്ചിരിക്കുന്നത്. ഒരു മുറിയിൽ ഒറ്റ നേഴ്സിന് മാത്രമായിട്ടാണ് സൗകര്യമൊരുക്കിയിട്ടുള്ളതിന് പിന്നാലെ ഇവരുടെ വസ്ത്രങ്ങൾ അടക്കം അലക്കി തേച്ച് നൽകുകയും ചെയ്യും. ഭക്ഷണം യഥേഷ്ടം ഓർഡർ ചെയ്ത് മുറിയിലേക്ക് വരുത്തി കഴിക്കാവുന്നതുമാണ്. പിപിഇയും എൻ 95 മാസ്ക്കും അടക്കം സുരക്ഷിതമായ യാത്രാ സൗകര്യങ്ങളും നേഴ്സുമാർക്കായി മാനേജ്മെന്റ് ഒരുക്കിയിട്ടുണ്ട്.
കോവിഡ് 19 നെതിരായ പോരാട്ടത്തിൽ അണിനിരക്കുന്ന നേഴ്സുമാരിൽ ഏറ്റവും സുരക്ഷിതർ ഇന്ത്യയിൽ എച്ച്എൻ റിയലൻസ് ആശുപത്രിയിലെ ജീവനക്കാരാണ് എന്ന് നിസംശയം പറയാമെന്ന് ജാസ്മിൻ ഷാ പറയുന്നു. ഇതിനെല്ലാം പുറമേ മുഴുവൻ ശമ്പളവും ഈ സ്ഥാപനം ജീവനക്കാർക്ക് നൽകുന്നുണ്ട്.
കഴിഞ്ഞ കുറേ ദിവസങ്ങളായി വിഷമങ്ങളുടെയും, പ്രതിസന്ധികളുടെയും കോളുകൾ മാത്രം വന്നിരുന്ന മഹാരാഷ്ട്രയിൽ നിന്നും ഇന്നു വന്ന പോസ്റ്റീവായ വാർത്ത പങ്കുവെയ്ക്കണമെന്ന് തോന്നി. മറ്റു സ്വകാര്യ ആശുപത്രികൾക്ക് ഇത് മാതൃകയാക്കാവുന്നതാണ്.
ജീവനക്കാരുടെ ആത്മാർത്ഥതയും, ആത്മവിശ്വാസവും നൽകാനും, കൊവിഡ് 19 നെതിരെയുള്ള പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കുവാനും ഇത്തരം നടപടികളിലൂടെ കഴിയുന്നതായും യുഎൻഎയുടെ അഭിനന്ദനങ്ങൾ ആശുപത്രി മാനേജ്മെന്റിന് നേരുന്നതായും ജാസ്മിൻ ഷാ പറയുന്നു. എച്ച്എൻ ആശുപത്രിയിലെ നേഴ്സുമാർ നൽകിയ വിവരങ്ങളും ചിത്രങ്ങളും ജാസ്മിൻ ഷാ തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.