വാക്സിൻ ഒരുങ്ങുന്നു, സെപ്റ്റംബറിലേക്ക്
ലണ്ടൻ: ലോകത്തു പലയിടത്തും കൊവിഡിനെതിരായ വാക്സിൻ പരീക്ഷണ ഘട്ടത്തിലാണ്. പല തലങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഗവേഷണങ്ങളും പരീക്ഷണങ്ങളും നടക്കുന്നു. ലോകം ഉറ്റുനോക്കുന്ന അത്ഭുത മരുന്ന് എന്നുവരും എന്നതാണു മെഡിക്കൽ രംഗത്ത് ഉയർന്നു നിൽക്കുന്ന ചോദ്യം.
അതിൽ ഏറ്റവും പ്രതീക്ഷയുള്ള ഉത്തരവുമായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ മുന്നേറ്റം. അവർ കൊവിഡ് വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം തുടങ്ങി. വിജയസാധ്യത 80 ശതമാനമെന്ന് വിദഗ്ധർ. വിജയിച്ചാൽ സെപ്റ്റംബറോടെ പുറത്തിറക്കാനാണു പരിപാടി. അതിനായി ഇപ്പോൾ തന്നെ വൻതോതിൽ വാക്സിൻ നിർമിച്ചു ശേഖരിക്കാനും തുടങ്ങിയെന്നു റിപ്പോർട്ടുണ്ട്.
സെപ്റ്റംബറോടെ പത്തുലക്ഷം ഡോസുകൾ നിർമിച്ചു ശേഖരിക്കാനാണു നീക്കം. പരീക്ഷണ ഘട്ടം കഴിയും മുൻപ് ഇത്രയേറെ ഡോസ് തയാറാക്കുന്നത് അത്രയും ആത്മവിശ്വാസമുള്ളതുകൊണ്ടാണ്. എന്നാൽ, ഇതു വലിയ സാമ്പത്തിക റിസ്കാണെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇപ്പോഴത്തെ അടിയന്തരാവശ്യം മൂലം ഈ റിസ്ക് എടുക്കുകയാണെന്ന് അധികൃതർ.
അതേസമയം, ഈ വർഷം വാക്സിൻ ഇറങ്ങാനുള്ള സാധ്യത വിരളമെന്ന് യുകെ സർക്കാരിന്റെ ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി പറഞ്ഞു. 18 നും 55നും ഇടയിൽ പ്രായവും നല്ല ആരോഗ്യവുമുള്ളവരെയാണ് ആദ്യഘട്ടം ഹ്യൂമൻ ട്രയലിന് തെരഞ്ഞെടുത്തിരിക്കുന്നത്. ഇവരിൽ സുരക്ഷിതമാണെന്നു കണ്ടാൽ പ്രായമായവരിലും പരീക്ഷിക്കും. ഇന്ത്യക്കാരടക്കം പരീക്ഷണത്തിന്റെ പരിധിയിൽ വരും. പ്രത്യാശയുടെ കിരണങ്ങൾ കാണുന്നുണ്ടെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ഓണററി വൈസ് പ്രസിഡന്റ് ഡോ. കൈലാഷ് ചന്ദ് പറഞ്ഞു.
ഓക്സ്ഫോർഡ് വാക്സിൻ ഗ്രൂപ്പിന്റെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടാണ് ക്ലിനിക്കൽ ട്രയൽ നടത്തുന്നത്; വിവിധ സെന്ററുകളിലായി. ഈ വർഷം ജനുവരി 20നു തുടങ്ങിയ ഗവേഷണങ്ങളും പരീക്ഷണങ്ങളുമാണ് അതിവേഗത്തിൽ ക്ലിനിക്കൽ ട്രയലിലെത്തി നിൽക്കുന്നത്. മൃഗങ്ങളിലുള്ള പരീക്ഷണം വിജയമായിരുന്നുവെന്ന് ബന്ധപ്പെട്ടവർ അവകാശപ്പെടുന്നു. അമെരിക്കയിലും ചൈനയിലും ഇപ്പോൾ തന്നെ കൊവിഡ് വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം നടക്കുന്നുണ്ട്.
ഈ മാസം അവസാനത്തോടെ ജർമനിയിലും ക്ലിനിക്കൽ ട്രയൽ ആരംഭിക്കും. ഏഴു പരീക്ഷണങ്ങൾ ഇതുവരെ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലെത്തിയിട്ടുണ്ട്. ആദ്യം ആരു വിജയിക്കും എന്നതാണു ശാസ്ത്ര ലോകം ഉറ്റുനോക്കുന്നത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ മനുഷ്യരിലുള്ള പരീക്ഷണത്തിന് സർവവിധ പിന്തുണയും നൽകി ഒപ്പം നിൽക്കുകയാണ് ബ്രിട്ടീഷ് സർക്കാർ.