സർക്കാരിനെ കടന്നാക്രമിച്ച് സോണിയ
ന്യൂഡൽഹി: രാജ്യത്ത് വർഗീയ മുൻവിധിയുടെയും വെറുപ്പിന്റെയും വൈറസ് പ്രചരിപ്പിക്കുകയാണു ബിജെപിയെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സാമൂഹിക സൗഹാർദത്തിന് ഇതു വലിയ കോട്ടം വരുത്തിയതായും സോണിയ. ഇന്നു രാവിലെ ആരംഭിച്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഓരോ ഇന്ത്യക്കാരനെയും ആശങ്കപ്പെടുത്തേണ്ട ചിലത് ഞാൻ നിങ്ങളോടു പങ്കിടാം. നാം കൊറോണ വൈറസിനെ ഒറ്റക്കെട്ടായി നേരിടുമ്പോഴും വർഗീയ മുൻവിധിയുടെയും വെറുപ്പിന്റെയും വൈറസുകളെ പ്രചരിപ്പിക്കുകയാണ്- അവർ പറഞ്ഞു. ഇതിന്റെ കോട്ടം തീർക്കാൻ ഓരോ കോൺഗ്രസുകാരനും കഠിനാധ്വാനം ചെയ്യണമെന്നും പാർട്ടി അധ്യക്ഷ. കഴിഞ്ഞ മൂന്നാഴ്ചയായി കൊവിഡ് വൈറസ് പടരുന്നത് ആശങ്കാജനകമായാണ്.
വ്യാപകമായ പരിശോധനകൾ വൈറസിനെ തടയാൻ അനിവാര്യം. അതിനു കേന്ദ്ര സർക്കാർ തയാറാകണം. ലോക് ഡൗൺ നടപ്പാക്കിയ ശേഷം നിരവധി ക്രിയാത്മക നടപടികൾ നിർദേശിച്ചുകൊണ്ട് പലതവണ താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. എന്നാൽ, അവർ ഭാഗികമായേ ഉണർന്നു പ്രവർത്തിച്ചുള്ളൂ. കേന്ദ്ര സർക്കാരിൽ നിന്നുണ്ടാവേണ്ടിയിരുന്ന അതിജാഗ്രത അതിവേഗവും കാണാനായില്ല- സോണിയ കുറ്റപ്പെടുത്തി.
ജനങ്ങളുടെ ആരോഗ്യം, ഭക്ഷ്യ സുരക്ഷ, ജീവനോപാധി തുടങ്ങിയ കാര്യങ്ങളിലാകണം കോൺഗ്രസിന്റെ ശ്രദ്ധയെന്നും പാർട്ടി അധ്യക്ഷ നിർദേശിച്ചു. ലോക് ഡൗണിന്റെ ആദ്യ ഘട്ടത്തിൽ 12 കോടിയോളം ആളുകൾക്കു ജോലി പോയി. ചെറുകിട- ഇടത്തരം വ്യവസായ മേഖലയ്ക്ക് ഇനിയും കേന്ദ്ര സർക്കാർ പാക്കെജ് പ്രഖ്യാപിച്ചിട്ടില്ല. കുടിയേറ്റ തൊഴിലാളികൾക്കും തൊഴിൽരഹിതരായി വിവിധയിടങ്ങളിൽ കുടുങ്ങിയിരിക്കുന്നവർക്കും ഭക്ഷണവും സാമ്പത്തിക സുരക്ഷയും നൽകാൻ കേന്ദ്ര സർക്കാർ തയാറാവണം.
ടെസ്റ്റിങ്, ട്രേസിങ്, ക്വാറന്റൈൻ എന്നിവയല്ലാതെ കൊവിഡിനെ നേരിടാൻ മാർഗങ്ങളില്ലെന്ന് കോൺഗ്രസ് പല തവണ പ്രധാനമന്ത്രിയോടു പറഞ്ഞതാണ്. എന്നാൽ ഇപ്പോഴും പരിശോധനകൾ വേണ്ടത്ര നടക്കുന്നില്ല, ടെസ്റ്റിനു കിറ്റുകളില്ല. മേയ് മൂന്നിനു ശേഷം സ്ഥിതിഗതികൾ എങ്ങനെ മാനെജ് ചെയ്യുമെന്ന് കേന്ദ്ര സർക്കാരിന് യാതൊരു പിടിയുമില്ല- സോണിയ കുറ്റപ്പെടുത്തി.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരടക്കം മുതിർന്ന കോൺഗ്രസ് നേതാക്കൾ വിഡിയോ കോൺഫറൻസ് വഴിയുള്ള യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മൂന്നാഴ്ചക്കിടെ ഇതു രണ്ടാം തവണയാണ് പ്രവർത്തക സമിതി ചേരുന്നത്.