ഏഴ് ജില്ലകളിൽ ഇളവുകൾ തിങ്കളാഴ്ച മുതൽ; ജില്ല വിട്ടുള്ള യാത്രകൾ ഇല്ല
തിരുവനന്തപുരം: കേരളത്തിൽ തിങ്കളാഴ്ച (ഏപ്രിൽ 20) മുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വരും. ഗ്രീൻ, ഓറഞ്ച് ബി സോണുകളിലാണ് ഇളവുകൾ വരികയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വാർത്താക്കുറിപ്പിൽ അറിയിച്ചു. കോട്ടയം, ഇടുക്കി ജില്ലകളാണ് ഗ്രീൻ മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളാണ് ഓറഞ്ച് ബി മേഖലയിൽ ഉൾപെടുത്തിയിരിക്കുന്നത്.
ഗ്രീൻ, ഓറഞ്ച് ബി മേഖലയിൽ ജില്ലാ അതിർത്തി കടന്നുള്ള യാത്രകൾ നിരോധിച്ചിട്ടുണ്ട്. മെഡിക്കൽ ആവശ്യങ്ങൾക്കും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങൾക്കും മാത്രമേ ജില്ലാ അതിർത്തിയും സംസ്ഥാന അതിർത്തിയും കടന്നുള്ള യാത്ര അനുവദിക്കൂ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ തിയെറ്ററുകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, പാർക്കുകൾ, ബാറുകൾ മുതലയായവ പ്രവർത്തിക്കില്ല. ജനങ്ങൾ കൂട്ടംകൂടുന്ന എല്ലാതരം പരിപാടികളും നിരോധിച്ചിട്ടുണ്ട്.
ആരാധനാകേന്ദ്രങ്ങളും തുറക്കില്ല. വിവാഹത്തിനും മരണാനന്തരചടങ്ങുകളിലും 20ൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ അനുവദിക്കില്ല. 1, 3, 5, 7, 9 നമ്പറുകളിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറുള്ള വാഹനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ യാത്രാനുമതി നൽകിയിട്ടുണ്ട്. 0, 2, 4, 6, 8 അക്കങ്ങളിൽ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങൾക്ക് അനുമതിയുള്ളത് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ്.
എന്നാൽ ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളവരും തുറന്നുപ്രവർത്തിക്കാൻ അനുമതി ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ഈ ക്രമം ബാധകമല്ല. ഞായറാഴ്ച പ്രവർത്തിക്കുന്ന അടിയന്തരപ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമേ ആ ദിവസം വാഹനം പുറത്തിറക്കാൻ അനുമതിയുള്ളൂ. മൺസൂണിന് മുൻപുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന ആരോഗ്യവകുപ്പ്, തദ്ദേശഭരണ ജീവനക്കാർക്കും പ്രവർത്തനാനുമതിയുണ്ട്.