ഹ്രസ്വദൂര ബസ് സർവീസുകൾ നടത്താം; നിന്ന് യാത്ര ചെയ്യാൻ പാടില്ല, മാസ്ക് നിർബന്ധം
തിരുവനന്തപുരം: ലോക്ക്ഡൗണിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ഓറഞ്ച് ബി, ഗ്രീൻ വിഭാഗങ്ങളിലെ ജില്ലകളിൽ 20 മുതൽ പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച മാർഗരേഖ ചീഫ് സെക്രട്ടറി പുറത്തിറക്കി. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളെയാണ് ഓറഞ്ച് ബി വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോട്ടയം, ഇടുക്കി ജില്ലകളാണ് ഗ്രീൻ വിഭാഗത്തിൽ.
ഓറഞ്ച് എ വിഭാഗത്തിൽപ്പെട്ട പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളിൽ 24 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ ഉൾപ്പെട്ട റെഡ് സോണിൽ മെയ് 3 ന് ശേഷമേ ഇളവുകൾ അനുവദിക്കൂ. വിമാനസർവീസ്, ട്രെയ്ൻ സർവീസ്, പൊതുഗതാഗതം, മെട്രൊ, ജില്ല വിട്ടുള്ള യാത്രകൾ, പൊതുയിടങ്ങളിലെ ഒത്തുചേരൽ തുടങ്ങി സംസ്ഥാനത്തിന് ഒട്ടാകെ ബാധകമായ നിയന്ത്രണങ്ങൾ മേയ് 3 വരെ തുടരും.
ഏപ്രിൽ 20 ന് ശേഷം മാത്രമായിരിക്കും വാഹനങ്ങൾ നിരത്തിലിറങ്ങുക. ഇടവിട്ട ദിവസങ്ങളിൽ വാഹനം ഓടിക്കുന്നതരത്തിലാണ് ക്രമീകരണം ഏർപ്പെടുത്തിയത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ അക്കവാഹനങ്ങളും ഇരട്ട അക്കവാഹനങ്ങൾ മറ്റ് ദിവസങ്ങളിലും ക്രമീകരിക്കും. അവശ്യസർവീസുകൾക്കും സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾക്കും ഈ ക്രമീകരണങ്ങൾ ബാധകമല്ല.
റെഡ് സോൺ ഒഴികെയുള്ള ജില്ലകളിൽ കെഎസ്ആർടിസി വാഹനങ്ങൾ ഓടിക്കാം. ബസിൽ നിന്നുള്ള യാത്രകൾക്ക് നിയന്ത്രണം ഉണ്ടാകും. ടൂവീലറുകളിൽ കുടുംബാംഗങ്ങളാണെങ്കിൽ രണ്ടു പേർക്ക് സഞ്ചരിക്കാം. ഓറഞ്ച് എ, ബി മേഖലകളിൽ സിറ്റി ബസുകൾ ഓടിക്കാം. ഒരു ട്രിപ്പ് 60 കിലോമീറ്ററിൽ കൂടരുത്. അതിർത്തി കടക്കാനും പാടില്ല. യാത്രക്കാർ നിർബന്ധമായി മാസ്ക് ധരിക്കുകയും വേണം.