വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന; 1.16 ലക്ഷം രൂപ പിഴ ഈടാക്കി, 12 കേസുകൾ
കോട്ടയം: ചങ്ങനാശേരി, പാലാ, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിൽ ലീഗല്‍ മെട്രൊളജി, വിജിലന്‍സും, പൊതുവിതരണ വകുപ്പുകളും സംയുക്തമായി വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ 12 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. പിഴയിനത്തില്‍ 1.16 ലക്ഷം രൂപ ഈടാക്കി.
കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുക, പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ വിലയും മറ്റു വിവരങ്ങളും പ്രദര്‍ശിപ്പിക്കാതെ വില്‍ക്കുക, മുദ്ര ചെയ്യാത്തതും മതിയായ രേഖകളില്ലാത്തതുമായ ത്രാസ് ഉപയോഗിക്കുക തുടങ്ങിയ ക്രമക്കേടുകള്‍ക്കാണ് നടപടിയെടുത്തത്. പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളുടെ വില തിരുത്തിയ ഒരു വ്യാപാര സ്ഥാപനത്തിനെതിരെയും കേസെടുത്തു.
പതിമൂന്നു രൂപ വില നിശ്ചയിച്ചിട്ടുള്ള കുപ്പിവെള്ളത്തിന് 20 രൂപവരെ വാങ്ങുന്നതായി പരിശോധനയില്‍ കണ്ടെത്തി. വെള്ളം തണുപ്പിച്ചു നല്കുന്നു എന്ന കാരണം പറഞ്ഞാണ് പലരും അമിത വില ഈടാക്കുന്നത്. തണുത്ത വെള്ളത്തിനും 13 രൂപയില്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ലെന്ന് ലീഗല്‍ മെട്രൊളജി വകുപ്പ് അധികൃതര്‍ പറഞ്ഞു.
ലീഗല്‍ മെട്രൊളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ എന്‍.സി സന്തോഷ്, എം. സഫിയ, വിജിലന്‍സ് ഇന്‍സ്പെക്റ്റർമാരായ അജിത്ത് കുമാര്‍, ഇന്ദ്രജിത്ത്, അജീബ്, റേഷനിംഗ് ഇന്‍സ്പെക്റ്റർ ജോമോന് ജോസഫ്, ലീഗല്‍ മെട്രൊളജി ഇന്‍സ്പെക്റ്റർമാരായ ഷിന്റോ ഏബ്രഹാം, കെ. സജീവ്, ബുഹാരി, ജീവനക്കാരായ മനോജ്, ജോണ്സണ്, രാജേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.