വിജിലന്‍സ് കേസ് ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നതിന് തുല്യം: ടി.സിദ്ദിഖ്
കൊച്ചി: കെ.എം ഷാജിക്ക് എതിരായുള്ള വിജിലന്‍സ് അന്വേഷണം ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാത്ത നിസ്സഹായ ഭരണകൂടത്തിന്റെ ഒളിച്ചോട്ടത്തിന്റെ ഭാഗമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ്. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നതിന് തുല്യമാണിത്.
സ്പ്രിങ്ക്ലർ ഡാറ്റ അഴിമതി, കൊലപാതകികള്‍ക്കും ക്രിമിനലുകള്‍ക്കും വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍നിന്നും ചെലവഴിച്ച കോടികള്‍, അഴിമതി, ദൂര്‍ത്ത്, പ്രളയ ദുരിതാശ്വാസ വെട്ടിപ്പ് തുടങ്ങിയ പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളില്‍ മറുപടി പറയാന്‍ സാധിക്കാതെ വന്നപ്പോള്‍ ഒറ്റതിരിഞ്ഞ് അക്രമിക്കാന്‍ ശ്രമിച്ച് അതിലും പരാജയപ്പെട്ടതിന് ശേഷമാണ് വിജിലന്‍സിനെ ഉപയോഗിച്ചുകൊണ്ട് ഭീഷണിപ്പെടുത്താനുള്ള ഹീനമായ ഭരണകൂട നടപടികള്‍ക്ക് നേതൃത്വം കൊടുത്തതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു.
കോവിഡ് കാലത്ത് രാഷ്ട്രീയം പറയരുതെന്ന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി തന്നെ രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ സ്വന്തം വകുപ്പിലെ വിജിലന്‍സിനെ ഉപയോഗിച്ച് അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീര്‍ണാവസ്ഥയും ഇരട്ടമുഖത്തിന് ഉത്തമ ഉദാഹരണവുമാണ്. അന്വേഷണത്തിന് പിറകില്‍ രണ്ട് ലക്ഷ്യങ്ങളാണുള്ളത്.
ഒന്ന് പ്രതിപക്ഷത്തിന്റെ വായ അടപ്പിക്കല്‍ രണ്ട് സര്‍ക്കാറിനെതിരെ ഉയര്‍ന്നുവന്ന ഗുരുതരമായ പ്രശ്നങ്ങളില്‍ ജനശ്രദ്ധ തിരിച്ചുവിടലുമാണ്. അരി ആഹാരം കഴിക്കുന്ന യഥാര്‍ത്ഥ കേരളീയന് ഇത് പച്ചയായി മനസിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിബിഐ, എന്‍ഐഎ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി എന്നിവയെ ഉപയോഗിച്ച് നരേന്ദ്ര മോദി എങ്ങിനെയാണോ ജനാധിപത്യ ഭരണകൂടങ്ങളെ അട്ടിമറിക്കാനും രാഷ്ട്രീയ പ്രതിയോഗികളെ തകര്‍ക്കാനും ഭീതിജനിപ്പിക്കാനും ഉപയോഗിക്കുന്നത് അതേ പാത പിന്തുടര്ന്ന് വിജിലന്‍സിനെയും പൊലീസിനെയും ഉപയോഗിച്ച് രാഷ്ട്രീയ ഭീതി ഉണ്ടാക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്.
ജനാധിപത്യ കേരളത്തില്‍ അത് ലവലേശം വിലപോവില്ല. പ്രതിപക്ഷ നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനും അവര്‍ക്കെതിരെ കേസ് എടുക്കാനുമുള്ള നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കും. പ്രഭുദ്ധ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന സാമാന്യബോധം പിണറായി വിജയന് നഷ്ടപ്പെട്ടു.
മുഖ്യമന്ത്രി കസേരയില്‍നിന്നും എന്തും ഏതും പറയാനും ചെയ്യാനും മടിക്കാത്ത പാര്‍ട്ടി സെക്രട്ടറിയിലേക്കുള്ള സ്വാഭാവിക പരിണാമമാണ് പിണറായി വിജയന് ഉണ്ടായിരിക്കുന്നത്. കാക്ക കുളിച്ചാല്‍ കൊക്കാവില്ല, പിണറായി വിജയന് പിണറായി വിജയനാവാനേ സാധിക്കു എന്നും അതാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.