ഷാജിക്കെതിരേ അന്വേഷണത്തിന് ആധാരമായത് ലീഗ് നേതാവിന്റെ പരാതി
കണ്ണൂര്‍: മുസ്ലിം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെ.എം. ഷാജിക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ആധാരമായത് ലീഗ് പ്രാദേശിക നേതാവിന്റെ പരാതി. അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കെ.എം. ഷാജി കൈപ്പറ്റിയെന്നു കാണിച്ച് അഴീക്കോട് മണ്ഡലം മുസ്ലിം ലീഗ് മുന്‍ വൈസ് പ്രസിഡന്റും ലീഗ് അനുകൂല അധ്യാപക സഘടനയുടെ നേതാവുമായ നൗഷാദ് പൂതപ്പാറ 2017ല്‍ ലീഗ് സംസ്ഥാന കമ്മിറ്റിക്കു നല്കിയ പരാതിയാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിലേക്കെത്തിയത്.
സിപിഎം നേതാവും കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കുടുവന്‍ പത്മനാഭന്റെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. നേരത്തേ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ നൗഷാദ് പൂതപ്പാറയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നുവെങ്കിലും അധ്യാപക സംഘടനയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നൗഷാദ് പൂതപ്പാറ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കോഴ ഇടപാട് നടന്നതെന്നാണ് ആരോപണം. അഴീക്കോട് സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സ് അനുവദിക്കാന്‍ പൂതപ്പാറ ശാഖാ കമ്മിറ്റിയെ ഹൈസ്കൂള്‍ കമ്മിറ്റി സമീപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ പ്ലസ് ടു അനുവദിച്ചാല്‍ പൂതപ്പാറ ആസ്ഥാനമായി ലീഗ് ഓഫീസ് കെട്ടിടം നിര്‍മിക്കാന്‍ കെട്ടിട നിര്‍മാണ ചെലവിലേക്ക് ഒരു തസ്തികയ്ക്കു സമാനമായ തുക നല്‍കാമെന്ന് ഹൈസ്കൂള്‍ കമ്മിറ്റി ഉറപ്പുനല്‍കിയെന്നാണ് ആരോപണം.
സ്കൂളില്‍ 2014ല്‍ പ്ലസ് ടു അനുവദിച്ചതിനെ തുടര്‍ന്ന് തുക നല്കാന് സ്കൂള്‍ മാനെജ്മെന്റ് തീരുമാനിച്ചെന്നും എന്നാൽ ഷാജി ഇടപെട്ട് വൈകിച്ചെന്നുമാണ് ആക്ഷേപം. 2017 ജൂണില്‍ സ്കൂള്‍ കമ്മിറ്റി ജനറല്‍ ബോഡിയില്‍ സ്കൂള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് ചെലവാക്കിയ തുകയുടെ കണക്ക് രേഖപ്പെടുത്തിയിരുന്നു.
ഷാജി തുക കൈപ്പറ്റിയതായി ആരോപണം ഉയർന്നത് അതെത്തുടർന്നാണ്. നൗഷാദ് പൂതപ്പാറ 2017 ജൂലൈ 12ന് പാര്‍ട്ടിയുടെ അഴീക്കോട് പഞ്ചായത്ത് കമ്മിറ്റിക്കു പരാതി നല്കി. പരാതി അന്വേഷിച്ചപ്പോള്‍ നിജസ്ഥിതി ബോധ്യപ്പെട്ടെന്നും നടപടിയെടുക്കണമെന്നും അഴീക്കോട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് ഹാരിസ് അന്നത്തെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദിനോട് ശിപാര്‍ശ ചെയ്തിരുന്നു.
പരാതി പുറത്തായതിനാൽ വിജിലന്‍സ് ഷാജിക്കെതിരേ കേസെടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 2018 ഒക്റ്റോബര്‍ അഞ്ചിന് കത്തു നല്കി. 2019 നവംബര്‍ 19ന് നിയമസഭാ സെക്രട്ടറിക്കും കത്ത് നല്‍കിയിരുന്നു. 2020 മാര്‍ച്ച് 13നാണ് സ്പീക്കര്‍ അനുമതി നല്‍കിയത്.