നിയന്ത്രണങ്ങളിൽ അയവ് വരുത്താതെ കേന്ദ്രം; പുതിയ മാർഗനിർദേശം പുറത്തിറക്കി
ന്യൂഡൽഹി: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താതെ കേന്ദ്രം. കർഷകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഇളവ് നൽകിയ കേന്ദ്രം വളങ്ങളും കീടനാശിനികളും വിൽക്കുന്ന കടകളും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകി. വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും നിലനിൽക്കുമെന്നാണ് പുതിയ മാർഗനിർദേശത്തിൽ പറയുന്നത്.
മെയ് മൂന്നു വരെ പൊതുഗതാഗതം ഉണ്ടാവില്ല. ട്രെയ്ൻ, വിമാന സർവീസുകളും ഉണ്ടാവില്ല. സർക്കാർ ഓഫീസുകളും അടഞ്ഞ് തന്നെ കിടക്കും. സർക്കാർ സേവനങ്ങൾ നൽകുന്ന കോൾ സെന്ററുകൾ തുറക്കാം. അവശ്യഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ തുറന്ന് പ്രവർത്തിക്കും.
കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങളിൽ സംസ്ഥാനങ്ങൾ അമിത ഇളവുകൾ നൽകരുതെന്നും മാർഗനിർദേശത്തിൽ പറയുന്നു. എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാർക്കും കേന്ദ്രം മാർഗനിർദേശങ്ങൾ അയച്ചു നൽകി.
ബാങ്ക്, എടിഎം, പത്ര-ദൃശ്യമാധ്യമങ്ങൾ, ടെലികോം മേഖല, മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ, പാചക വിതരണം, സെക്യൂരിറ്റി ഏജൻസീസ്, കാർഷികോപകരണങ്ങൾ, കാർഷിക യന്ത്രങ്ങളുടെ റിപ്പയറിംഗ് തുടങ്ങിയവയ്ക്കാണ് ഇളവ്.
തേയില തോട്ടങ്ങൾ തുറക്കാം. 50 ശതമാനം തൊഴിലാളികളേ മാത്രമേ അനുവദിക്കൂ. മതസ്ഥാപനങ്ങൾ മെയ് മൂന്ന് വരെ നിർബന്ധമായും അടഞ്ഞു കിടക്കണം. കായികവുമായി ബന്ധപ്പെട്ട കാര്യങ്ങളും സാംസ്കാരികമായ പ്രവർത്തനങ്ങളും ലോക്ക്ഡൗൺ അവസാനിക്കുന്നതുവരെ പാടില്ല.