ലോകമെമ്പാടും കോവിഡ് മരണം 1.08 ലക്ഷം കടന്നു; അമെരിക്കയിൽ സ്ഥിതി അതീവ ഗുരുതരം
ന്യൂഡൽഹി: ലോകമെമ്പാടും കോവിഡ് 19 ബാധിച്ചുള്ള മരണം 1.08 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 5,817 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ലോകത്താകെ മരിച്ചവരുടെ എണ്ണം 1,08,504 ആയി ഉയർന്നു. 210 രാജ്യങ്ങളിലായി 17,74,446 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1,08,504 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു.
ഇതിൽ 26,991 കേസുകളും അമെരിക്കയിലാണ് സ്ഥിരീകരിച്ചത്. ലോകത്താകമാനം 4,01,500 പേർ മാത്രമാണ് രോഗവിമുക്തി നേടിയത്.ഇറ്റലിയെ പിന്തള്ളി അമെരിക്കയിൽ കോവിഡ് മരണ നിരക്ക് ഉയരുകയാണ്. 1,746 പേരാണ് ഇന്ന് അമെരിക്കയിൽ മരിച്ചത്.
ഇതോടെ അമെരിക്കയിൽ മരണസംഖ്യ 20,493 ആയി ഉയർന്നു. 5,29,867 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 29,444 പേർക്ക് രോഗം ഭേദമായി. ഇറ്റലി (19,468), സ്പെയിൻ (16,606), ഫ്രാൻസ് (13,832) എന്നീ രാജ്യങ്ങളിൽ പതിനായിരത്തിലധികം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.