ഇടുക്കിയുടെ വിജയം രചിച്ച ലൂണാര്‍
കേരളീയര്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയ പേരുകളിലൊന്നാണ് ലൂണാര്‍. കേരളത്തിലെ ബിസിനസ് രംഗത്തു ലൂണാര്‍ എന്ന പേരു നേടിയതിനു പിന്നില്‍ ഒരു മനുഷ്യന്റെ സ്വപ്നങ്ങളും കഠിനാധ്വാനവും പ്രതീക്ഷകളുമുണ്ട്. മെക്കാനിക്കല്‍ ബിടെക്കുകാരനായ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി ചെരുപ്പു കമ്പനി മുതലാളി ആയതിനു പിന്നില്‍ ഏതു സംരംഭകനും മാതൃകയാക്കാവുന്ന ആത്മവിശ്വാസത്തിന്റെ കഥയുണ്ട്. സംഭവം നടക്കുന്നത് 1970-കളിലാണ്. ബോംബെയില്‍ പ്രീമിയര്‍ ഓട്ടോ മൊബീല്‍ ലിമിറ്റഡില്‍ ജീവനക്കാരനായിരുന്ന ഐസക് ജോസഫ് സ്വന്തമായി ഒരു മെക്കാനിക്കല്‍ വര്‍ക്ക്ഷോപ്പ് തുടങ്ങാനായിരുന്നു ആലോചിച്ചത്. എന്നാല്‍ കേരളത്തിലെ സാധ്യതകള്‍ സംബന്ധിച്ച് ലഭിച്ച അറിവുകള്‍ തീരുമാനം മാറ്റിമറിച്ചുണ റബറിന്റെ നാട്ടില്‍ നിന്ന് അത് അടിസ്ഥാനമാക്കി ഒരു ബിസിനസ് അങ്ങനെയാണ മലയാളിയെ ചെരുപ്പ് ഇടീക്കുവാന്‍ തീരുമാനിക്കുന്നത്.
ആയിരം പഞ്ചായത്തുകളിലൂടെ 10,000 വ്യവസായങ്ങള്‍ ലക്ഷ്യമിടുന്ന മിനി ഇന്‍ഡസ്ട്രിയല്‍ പ്രോഗ്രാമിലൂടെയാണ് വ്യവസായം തുടങ്ങുന്നതും. സിഡ്കോ എന്ന സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനമാണ് അക്കാലത്തു വ്യവസായങ്ങള്‍ക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കിയിരുന്നത്. സിഡ്കോയുടെ പദ്ധതികളും പ്രവര്‍ത്തനങ്ങളും കേട്ടറിഞ്ഞാണ് ഐസക് ജോസഫ് സ്വന്തം പ്രൊജക്റ്റ് റിപ്പോര്‍ട്ടുമായി ഡിസ്കോയെ സമീപിച്ചത്. അവിടെ നിന്ന് ആരംഭിക്കുകയാണ് കേരളത്തിന്റെ നേട്ടമായി മാറിയ ലൂണാറിന്റെ കഥ.
സര്‍ക്കാര്‍ സഹായം എത്തിയെങ്കിലും തുടക്കത്തില്‍ തന്നെ മൂലധനം വില്ലനായി. മൂന്നു ലക്ഷം രൂപയായിരുന്നു അക്കാലത്ത് ചെറുകിട വ്യവസായത്തിനുള്ള മുതല്‍മുടക്ക്. ഒരു ലക്ഷം രൂപ സിഡ്കോ നല്‍കിയെങ്കിലും രണ്ടു ലക്ഷം രൂപ സ്വന്തമായി കണ്ടെത്തണമായിരുന്നു. ബാങ്കില്‍ നിന്ന് ഒരു ലക്ഷം വായ്പയെടുത്തതോടെ ഐസക് ജോസഫിനു മുമ്പില്‍ നിന്ന് പ്രതിസന്ധിയുടെ കടമ്പകള്‍ മാഞ്ഞുതുടങ്ങി. ഒരു വ്യവസായിയുടെ ജനനം കൂടിയായിരുന്നു ഇത്.
കേരള സര്‍ക്കാരിന്റെ ഇന്‍ഡസ്ട്രിയല്‍ കമ്മീഷണറായിരുന്ന എസ്. കൃഷ്ണകുമാറായിരുന്നു ഐസക്കിന് വ്യവസായവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സഹായിയായി നിന്നിരുന്നത്. വായ്പ ലഭിച്ച് വ്യവസായം തുടങ്ങാനിരുന്ന സമയത്ത് നിയമപ്രശ്നങ്ങള്‍ വേട്ടയാടിയപ്പോഴും വിശ്വാസ വഞ്ചന കാട്ടാതിരുന്നതാണ് തന്റെ വിജയത്തിന്റെ രഹസ്യമെന്ന് ഐസക് ജോസഫ് പറയുന്നു.
1975-ലാണ് വൈക്കിങ് റബേഴ്സ് എന്ന പേരില്‍ കമ്പനി സ്ഥാപിച്ച് വ്യവസായം തുടങ്ങുന്നത്. പിന്നീട് 1982-ല്‍ കമ്പനിയുടെ പേര് ലൂണാര്‍ റബേഴ്സ് എന്നു പുനഃനാമകരണം ചെയ്യുകയായിരുന്നു. ഹവായ് ചപ്പലുകളാണ് ലൂണാര്‍ ആദ്യം ഉത്പാദിപ്പിച്ചു തുടങ്ങിയത്. പിന്നീട് പിവിസി, ഈവ, പിയു, കുട, ബാഗ്, സോള്‍, ഹാന്‍ഡ്മെയ്ഡ് ചപ്പല്സ്, ഷൂസ് തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ ലൂണാറിന്റേതായി വിപണിയിലെത്തി. തുടക്കത്തില്‍ ഐസക് ജോസഫിന്റെ മാത്രം ഉടമസ്ഥതയിലായിരുന്ന കമ്പനിയിലേക്കു പിന്നീട് പങ്കാളികളെത്തി. 1993-ല്‍ ലൂണാര്‍ ലിമിറ്റഡ് കമ്പനിയായി മാറി.
തുടക്കത്തില്‍ ഏതു സ്ഥാപനത്തിനുമുണ്ടാകാവുന്ന ബാലാരിഷ്ടതകള്‍ ലൂണാറിനും നേരിടേണ്ടി വന്നെങ്കിലും മൂന്നു വര്‍ഷത്തിനുള്ളില്‍ വളര്‍ച്ചയുടെ പടവുകള്‍ താണ്ടാന്‍ കമ്പനിക്കു കഴിഞ്ഞു. തുടക്കമിട്ട് 45 വര്‍ഷം പിന്നിടുമ്പോള്‍ 500 കോടിയലധികം രൂപയുടെ വാര്‍ഷിക വിറ്റുവരവാണ് ലൂണാര്‍ ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിനു പുറത്ത് ലൂണാറിന്റെ ആദ്യ വിപണി ആരംഭിച്ചത് കര്‍ണാടകയിലായിരുന്നു. പിന്നീട് തമിഴ്നാട്, ആന്ധ്ര, ഗോവ, ഗുജറാത്ത്, ഒറീസ എന്നിവിടങ്ങളിലേക്ക് കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇപ്പോള്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ലൂണാര്‍ ചെരുപ്പുകള്‍ കമ്പനി ലഭ്യമാക്കുന്നു. കര്‍ണാടക, കോയമ്പത്തൂര്‍, മുണ്ടക്കയം എന്നിവിടങ്ങളിലാണ് കമ്പനിക്ക് നിര്‍മാണ യൂണിറ്റുകളുള്ളത്. ലൂണാറിന്റെ വിപണി ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നില്ല. അറബ് രാജ്യങ്ങളും ഓസ്ട്രേലിയയുമടക്കം ആറു രാജ്യങ്ങളില്‍ ലൂണാറിന്റെ ഉത്പന്നങ്ങളെത്തുന്നു.
അവസരങ്ങള്‍ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തിയാണ് ലൂണാര്‍ ഓരോ ചുവടും മുന്നേറുന്നത്. സാധാരണക്കാരനു താങ്ങാനാവുന്ന ബജറ്റിലാണ് ലൂണാര്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തുപോലും ലൂണാറിന് പിടിച്ചുനില്ക്കാനാവുന്നതും അറബ് രാജ്യങ്ങളില്‍ നിര്‍ണായക സാന്നിധ്യമാകാനും കഴിഞ്ഞതിനു പിന്നില്‍ താങ്ങാനാവുന്ന വിലയും ഉത്പന്നങ്ങളുടെ ഗുണനിലവാരവും തന്നെയാണ്.
എല്ലാ പ്രായത്തിലുമുള്ള ജനങ്ങള്‍ക്കും ഉപയോഗിക്കാനാവുന്ന ഉത്പന്നങ്ങളാണ് ഇന്നും കമ്പനി വിപണിയിലെത്തിക്കുന്നത്. ഇതോടൊപ്പം ഉത്പന്നത്തിന്റെ ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ലൂണാര്‍ തയാറല്ല. കൈപ്പിടിയിലൊതുങ്ങുന്ന വിലയാണ് ഞങ്ങളുടെ മറ്റൊരു ആകര്‍ഷണം. സാമ്പത്തിക മാന്ദ്യത്തില്‍ രാഷ്ട്രങ്ങള്‍ ആടിയുലഞ്ഞപ്പോഴും ലൂണാര്‍ അവിടെ വിപണി തുറക്കാന്‍ കഴിഞ്ഞു. വിലയും ഗുണനിലവാരവും ഒത്തിണങ്ങിയ ലൂണാറിനെ ജനങ്ങള്‍ സ്വീകരിക്കുകയായിരുന്നു,' ഐസക് ജോസഫ് കൊട്ടുകാപ്പള്ളി പറയുന്നു.
കേരളത്തിനു പുറത്ത് ലൂണാറിന്റെ ആദ്യ വിപണി ആരംഭിച്ചത് കര്‍ണാടകയിലായിരുന്നു. പിന്നീട് തമിഴ്നാട്, ആന്ധ്ര, ഗോവ, ഗുജറാത്ത്, ഒറീസ എന്നിവിടങ്ങളിലേക്ക് കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ലൂണാറിന്റെ വിപണി ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നില്ല. അറബ് രാജ്യങ്ങളും ഓസ്ട്രേലിയയുമടക്കം ആറു രാജ്യങ്ങളില്‍ ലൂണാറിന്റെ ഉത്പന്നങ്ങളെത്തുന്നു.
ഒരു ചെറിയ ഉപദേശം
വ്യവസായത്തില്‍ വിശ്വാസ്യതയാണ് പരമ പ്രധാനം. നമ്മള് വിശ്വസിക്കാന്‍ കൊള്ളാവുന്ന ആളാണെന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കുക. ഇത് പ്രവൃത്തിയിലൂടെ തെളിയിക്കുകയും വേണം. നമ്മുടെ ഉത്പന്നത്തിനും ഇടപാടുകളിലും സമൂഹത്തില്‍ വിശ്വാസം ആര്‍ജിക്കണം. നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവനായിരിക്കണം സംരംഭകന്. ഏതു കോണില്‍ നിന്ന് എതിര്‍പ്പുകളുണ്ടായാലും മുന്നേറാന്‍ കഴിയണം. അവഗണിക്കുന്നവരെക്കൊണ്ട് ആദ്യം അംഗീകരിപ്പിക്കണം. ഇത്തരക്കാര്‍ക്കു മാത്രമേ തൊാഴില്‍ മേഖലയില്‍ കൂടുതല്‍ മികച്ച സംഭാവനകള്‍ ചെയ്യാനാവൂ.
അവാര്‍ഡുകള്‍
ബെസ്റ്റ് എന്റര്‍പ്രണര്‍ അവാര്‍ഡ് 2011-12, ഡയറക്റ്റർ ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സ്, ഗവ. ഓഫ് കേരള, ബിസിനസ് എക്സലന്‍സ് അവാര്‍ഡ് 2012-13, സ്റ്റേറ്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അവാര്‍ഡ് ഫോര്‍ മാനുഫാക്ച്ചറിങ്, കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് വാണിജ്യ രത്ന അവാര്‍ഡ്, സൗത്തേണ്‍ വാണിജ്യ ഫെഡറേഷന്- തിരുവന്തപുരം, ബിസിനസ് മാന്‍ ഓഫ് കേരള, ഇന്ത്യന്‍ ജൂണിയര്‍ ചേംമ്പര്‍, സോണ്‍ 20 ബെസ്റ്റ് എന്റര്‍പ്രെണര്‍ അവാര്‍ഡ്, കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന് (കെഎസ്എസ്ഐഎ) ,വിജയശ്രീ അവാര്‍ഡ്.