സർഗശക്തി കൊണ്ട് കൊറോണയെ നേരിടാൻ കലാരൂപങ്ങൾ
ഇടുക്കി:ചിത്രകല, നൃത്തം, നാടകം, ഹ്രസ്വചിത്രം, സംഗീതം
തുടങ്ങി കലാകഴിവുകൾ എന്തുമാകട്ടെ, അവയെല്ലാം കോവിഡ്- 19 എന്ന മഹാവ്യാധിയെ പ്രതിരോധിക്കാനുള്ള പ്രവർത്തന ഉപകരണങ്ങളാക്കി മാറ്റുകയാണ്
കേരള സാംസ്കാരിക വകുപ്പിൻ്റെ വജ്രജൂബിലി പദ്ധതിയിൽ ഉൾപ്പെട്ട ഇടുക്കി ജില്ലയിലെ കലാകാരൻമാർ.
വജ്രജൂബിലി പദ്ധതി നടപ്പിലുള്ള
അടിമാലി, തൊടുപുഴ, കട്ടപ്പന ബ്ലോക്കുകളിലും കട്ടപ്പന മുനിസിപ്പാലിറ്റിയിലുമായി വിവിധ കലാരൂപങ്ങൾ അഭ്യസിപ്പിക്കുന്നതിന് പതിനെട്ട് കലാകാരൻമാരാണ് പ്രവർത്തിക്കുന്നത്.
രോഗ പ്രതിരോധ, മുൻകരുതലുകളാണ് ഇവർ തങ്ങളുടെ കലകളിലൂടെ പ്രധാനമായും പൊതുസമൂഹത്തിന് നല്കുന്നത്.
ശാരീരിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ ശുചീകരിക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക , ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക തുടങ്ങി കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ സന്ദേശങ്ങൾ നൽകുന്നതിനായി ഇവർ തയ്യാറാക്കിയ കൈയ്യെഴുത്തുപ്രതികൾ ,ചിത്രങ്ങൾ, പോസ്റ്ററുകൾ, നൃത്തം, നാടകം, ഹ്രസ്വചിത്രം തുടങ്ങിയവ
സോഷ്യൽ മീഡിയ കാമ്പയിനിലൂടെ പ്രചരിപ്പിച്ചു വരുന്നു.
മോഹിനിയാട്ടം കലാകാരി ആർ എൽ വി ഷൈബി കൃഷ്ണയുടെ കൊറോണ പ്രതിരോധ നൃത്തവിഷ്കാരവും ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററുകളിലും, പഞ്ചായത്തുകളിലും റേഷൻ കടകളിലും
കോവിഡ്- 19 പ്രതിരോധ പ്രവർത്തനത്തിന് വേണ്ടിയിട്ടുള്ള നിർദ്ദേശങ്ങൾ അടങ്ങിയ കൈയെഴുത്ത് പോസ്റ്ററുകൾ പതിച്ചു.
വജ്രജൂബിലി പദ്ധതിയിലെ ചിത്രകലാ അധ്യാപകരാണ് ചിത്രം വരച്ചതും പോസ്റ്റർ റെഡിയാക്കിയതും. ചിത്രകല അഭ്യസിക്കുന്ന കുട്ടികളും വീട്ടിലിരുന്ന് ചിത്രങ്ങൾ വരച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.
മോഹിനിയാട്ടം കലാകാരി ശാന്തികൃഷ്ണയുടെ കൊറോണ പ്രതിരോധ നൃത്താവിഷ്ക്കാരവും സോഷ്യൽ മീഡിയയിൽ തരംഗമാണ്.
കട്ടപ്പന മുനിസിപ്പാലിറ്റിയിലെ നാടകകലാകാരന്മാർ കോവിഡ് 19 ബോധവത്കരണവുമായി ബന്ധപ്പെട്ട് ഒരു ഹൃസ്വചിത്രം തയ്യാറാക്കി സാമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു വരുന്നു.