ആശങ്കയോടെ ലോകം: കോവിഡ് മരണം 69,000 കടന്നു
വാഷിംഗ്ടൺ ഡിസി: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. രോഗബാധയേറ്റു മരിച്ചവരുടെ എണ്ണം 69,424 ആയി ഉയർന്നു. 24 മണിക്കൂറിനിടെ ആഗോളതലത്തിൽ 4734 പേരാണ് മരണത്തിന് കീഴടങ്ങിയത്. ലോകത്താകമാനം 71,000 ത്തിലേറെപ്പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ലോകവ്യാപകമായി 12,72,860 പേർക്കാണ് കോവിഡ് ബാധിച്ചത്. 2,62,217 പേർക്ക് മാത്രമാണ് ലോകത്ത് ഇതുവരെ വൈറസിൽ നിന്ന് മുക്തി നേടാനായത്.
അമെരിക്കയാണ് രോഗബാധയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. 3,36,673 പേർക്കാണ് ഇവിടെ രോഗബാധയുള്ളത്. 25,316 കോവിഡ് കേസുകളാണ് അമെരിക്കയിൽ പുതിയതായി രേഖപ്പെടുത്തിയത്. ന്യൂയോർക്കിൽ 1,23,018 പേർക്ക് രോഗം ബാധിച്ചു. ന്യൂജേഴ്സിയിൽ 37,505 പേർക്കും രോഗം ബാധിച്ചു. സ്പെയിനിലും, ഇറ്റലിയിലും, ബ്രിട്ടനിലും, ഫ്രാൻസിലുമെല്ലാം മരണസംഖ്യയും വൈറസ് ബാധിതരുടെ എണ്ണവും അനിയന്ത്രിതമായി ഉയരുകയാണ്. സ്പെയിനിൽ 1,31,646 ലാണ് രോഗം ബാധിച്ചിട്ടുള്ളത്.
ഇതിൽ 12,641 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 694 പേരാണ് ഇവിടെ 24 മണിക്കൂറിനിടെ മരണത്തിനു കീഴടങ്ങിയത്. 5,478 പേർക്കാണ് ഏറ്റവും പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ രോഗ ബാധയേത്തുടർന്ന് 525 പേരാണ് 24 മണിക്കൂറിനിടെ മരണമടഞ്ഞത്. രാജ്യത്ത് 4,316 പേർക്ക് കൂടി കോവിഡ് ബാധിച്ചതോടെ ഇവിടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 1,28,948 ആയി ഉയർന്നു.
ബ്രിട്ടനിലും സ്ഥിഗതികൾ വ്യത്യസ്ഥമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 621 പേരാണ് ബ്രിട്ടനിൽ പുതുതായി മരണത്തിനു കീഴടങ്ങിയത്. 47,806 പേർക്കാണ് ഇവിടെ വൈറസ് ബാധയുള്ളത്. ഫ്രാൻസിൽ രോഗം ബാധിച്ചവർ 92,839 ആയി. മരണസംഖ്യ 2,886 ഉയരുകയും ചെയ്തു. 24 മണിക്കൂറിനിടെ 518 പേർ മരിക്കുകയും ചെയ്തു.