മുതിര്‍ന്ന സിപിഐ എം നേതാവ് കെ.കെ മാമക്കുട്ടി അന്തരിച്ചു
തൃശൂര്‍: മുതിര്‍ന്ന സിപിഐ എം നേതാവ് കെ.കെ മാമക്കുട്ടി (95) അന്തരിച്ചു. എലൈറ്റ് ആശുപത്രിയില്‍ രാവിലെ 10.50 നായിരുന്നു അന്ത്യം. പത്തുദിവസമായി ആശുപത്രിയിലായിരുന്നു. 35 വര്‍ഷം സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. ഏറ്റവും കൂടുതല്‍ കാലം പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന നേതാവാണ്. നാല്‍പ്പത് വര്‍ഷം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.
1921 ഏപ്രില്‍ 13ന് എട്ടുമുന കളപ്പുരയില്‍ കുഞ്ഞാപ്പുവിന്റെയും ചിരിയക്കുട്ടിയുടെയും നാലു മക്കളില്‍ നാലാമത്തെയാളായാണ് ജനനം. ഭാര്യ ലക്ഷ്മിക്കുട്ടി 1996ല്‍ നിര്യാതയായി. ഈ ദമ്പതികള്‍ക്ക് മക്കളില്ല. ഭാര്യാ സഹോദരിയുടെ മക്കളായ മധു, സതി (ദേശാഭിമാനി) എന്നിവരോടൊപ്പം ഊരകത്തുള്ള വസതിയില്‍ മാമക്കുട്ടിയോടൊപ്പമാണ് താമസം. ആഗസ്ത് 28ന് ചേര്‍പ്പില്‍ സി ഒ പൌലോസ് സ്മാരക അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ഏറ്റുവാങ്ങിയതാണ് മാമക്കുട്ട്യേട്ടന്‍ ഒടുവില്‍ പങ്കെടുത്ത പൊതുപരിപാടി.
മൂര്‍ക്കനാട് സെന്റ് ആന്റണീസ് സ്കൂള്‍, ചേര്‍പ്പ് സിഎന്‍എന്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ച മാമക്കുട്ടി, ചെറുപ്പത്തിലേ കമ്യൂണിസ്റ്റ് – തൊഴിലാളിവര്‍ഗ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. കുറച്ചുകാലം സിലോണിലും പ്രവര്‍ത്തിച്ചു. 1953ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ കരുവന്നൂര്‍ ബ്രാഞ്ചംഗമായി. തൊഴിലാളികളെ സംഘടിപ്പിക്കാനും സമരം നയിക്കാനും മുന്നിട്ടിറങ്ങി. 1958ല്‍ കമ്യൂണിസ്റ്റ് പാര്‍ടി തൃശൂര്‍ താലൂക്ക് ജോയിന്റ് സെക്രട്ടറിയായി. ’60–65 കാലഘട്ടത്തില്‍ പാര്‍ടിയുടെ ഒല്ലൂര്‍ ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
1964ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയിലെ പിളര്‍പ്പിന്റെ ഭാഗമായി ജില്ലാ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന അഞ്ചുപേരില്‍ അവേശഷിച്ചയാളാണ് മാമക്കുട്ടി. സി.പി.എം രൂപീകൃതമായശേഷം ആദ്യ ജില്ലാ സെക്രട്ടറിയായ എ വി ആര്യനെ 1969ല്‍ പാര്‍ടിയില്‍ നിന്ന് പുറത്താക്കിയശേഷം കെ കെ മാമക്കുട്ടിയെയാണ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. അന്ന് മുതല്‍ 2002 ജനുവരിയില്‍ നടന്ന സി.പി.എം ജില്ലാ സമ്മേളനം വരെ (ഒരുവര്‍ഷത്തില്‍ താഴെ ചെറിയ ഇടവേള ഒഴികെ) മാമക്കുട്ടിതന്നെയായിരുന്നു ജില്ലാ സെക്രട്ടറി.
ഇ.എം.എസ്, എ.കെ.ജി, സി.എച്ച് കണാരന്, വി.എസ് അച്യുതാനന്ദന്, ഇ.കെ നായനാര്‍, ചടയന്‍ ഗോവിന്ദന്, പിണറായി വിജയന് എന്നിവര്‍ സംസ്ഥാന സെക്രട്ടറിമാരായപ്പോള്‍ മാമക്കുട്ടി തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.
1962ല്‍ ചൈനാ യുദ്ധകാലത്തും 1972ല്‍ അഴീക്കോടന്‍ തൃശൂരില്‍ കൊലചെയ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ കേസിലുമായി രണ്ടുവര്‍ഷത്തോളം ജയില്‍വാസമനുഭവിച്ചു. 1975 – 77ല്‍ അടിയന്തരാവസ്ഥക്കാലത്ത് ഒളിവിലും തെളിവിലുമായി പ്രസ്ഥാനത്തെ നയിച്ചു. പാര്‍ലമെന്ററി രംഗത്ത് അവസരങ്ങളേറെയുണ്ടായിട്ടും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചു. അതുല്യമായ സംഘടനാശേഷി, താരതമ്യങ്ങളില്ലാത്ത നേതൃപാടവം, ഇളകാത്ത നിശ്ചയദാര്‍ഢ്യം എന്നിവ മാമക്കുട്ടിയെ വ്യത്യസ്തനാക്കി. ഇതുവരെ നടന്ന 21 പാര്‍ടി കോണ്‍ഗ്രസുകളില്‍ 19ലും പങ്കെടുത്ത സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ കെ.കെ മാമക്കുട്ടി 2006ല്‍ കോട്ടയത്തു നടന്ന സി.പി.എം സംസ്ഥാന സമ്മേനളത്തില്‍ പതാക ഉയര്‍ത്തി.
ദേശാഭിമാനിയുടെ ആറാമത് എഡിഷന് തൃശൂരില്‍ 2000ല്‍ തുടങ്ങുന്നതിനു പിന്നിലുള്ള മുഖ്യ ശക്തിസ്രോതസ്സും ഇദ്ദേഹമാണ്. ദേശാഭിമാനി തൃശൂര്‍ യൂണിറ്റിന്റെ മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.