സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 6 പേർക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ച അഞ്ചു പേർ ദുബായിൽ നിന്നും (കാസർഗോഡ്-3, കണ്ണൂർ-1, എറണാകുളം -1) വന്നവരാണ്. ആലപ്പുഴ, കൊല്ലം, കാസർഗോഡ് എന്നീ ജില്ലകളിലെ രോഗം സ്ഥിരീകരിച്ച മൂന്നു പേർ നിസാമുദ്ദീനിൽ പോയിരുന്നു. പാലക്കാട് രോഗം സ്ഥിരീകരിച്ചയാൾ നാഗ്പൂറിൽ നിന്നു വന്നയാളാണ്. കാസർഗോഡ് സ്വദേശികളായ രണ്ടു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്.
കേരളത്തിൽ 306 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് കേരളത്തിൽ എട്ടു പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കണ്ണൂരിൽ നിന്ന് ഏഴു പേരുടെയും തിരുവനന്തപുരം ജില്ലയിലെ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. നിലവിൽ 254 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതുവരെ ആകെ 50 പേർ രോഗമുക്തി നേടി ഡിസ്ചാർജായി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,355 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,70,621 പേർ വീടുകളിലും 734 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇന്ന് 174 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.