ഗവ. പ്ലീഡര്‍ നിയമനത്തിലും സിപിഐഎം നേതാക്കന്മാരുടെ ബന്ധുക്കള്‍ക്ക് മുന്‍ഗണന; നിയമനം ഓള് ഇന്ത്യ ലോയേഴ്സ് യൂണിയനിലെ പ്രമുഖരെ ഒഴിവാക്കി
കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളിലെ ബന്ധുനിയമന വിവാദം സി.പി.ഐ.എമ്മിനെയും സര്‍ക്കാരിനേയും പ്രതിക്കൂട്ടിലാക്കിയതിന് പിന്നാലെ ഗവണ്മെന്റ് പ്ലീഡര്‍ നിയമനത്തിലും സി.പി.ഐ.എം നേതാക്കളുടെ ബന്ധുക്കള്‍ കൂട്ടത്തോടെ ഇടംപിടിച്ചത് ചര്‍ച്ചയാകുന്നു. എറണാകുളം ജില്ലയിലെ സി.പി.ഐ.എമ്മിന്റെ പ്രമുഖ നേതാക്കളായ ഗോപി കോട്ടമുറിക്കല്‍, സി.എന്‍ മോഹനന്, സി.എം ദിനേശ് മണി, എന്നിവരുടെ അടുത്ത ബന്ധുക്കളാണ് ഗവണ്മെന്റ് പ്ലീഡര്‍മാരായി നിയമിതരായത്.
തിരുവനന്തപുരം ജില്ലാ സെക്രട്ടറി കോലിയക്കോട് കൃഷ്ണന് നായരുടെ ബന്ധുവും ഗവണ്മെന്റ് പ്ലീഡര്‍മാരുടെ ലിസ്റ്റില്‍ കയറിക്കൂടിയിട്ടുണ്ട്. നേരത്തെ കോലിയക്കോടിന്റെ മകനെ കിന്‍ഫ്രയിലെ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിച്ചതും വിവാദമായിരുന്നു. ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ ഭാര്യയേയും സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ചു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊതുമേഖലാ സ്ഥാപനമായ ടെല്‍ക്കിന്റെ ചെയര്‍മാനായി നിയമിച്ച എന്‍.സി മോഹനന്റെ ഭാര്യയേയും പ്ലീഡറായി നിയമിച്ചു.
സി.പി.ഐ.എം അനുകൂല അഭിഭാഷക സംഘടനയായ ഓള് ഇന്ത്യ ലോയേഴ്സ് യൂണിയനിലെ പ്രമുഖരെ പലരേയും ഒഴിവാക്കി നേതാക്കള്‍ തന്നെ ബന്ധുക്കളെ പ്ലീഡര്മാരാക്കിയതില് സംഘടനയ്ക്കുള്ളില്‍ തന്നെ അമര്‍ഷം പുകയുകയാണ്.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി പികെ ശ്രീമതി എംപിയുടെ മകന് സുധീര്‍ നമ്പ്യാരെ നിശ്ചയിച്ച തീരുമാനം വിവാദമായതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഇതുകൂടാതെ ഇ.പി. ജയരാജന്റെ സഹോദരീഭര്‍ത്താവിന്റെ സഹോദരപുത്രനും സഹോദരിയുടെ മകനും വ്യവസായ വകുപ്പില്‍ ജോലി നല്‍കിയിരുന്നു. ഇവരെ കൊച്ചിയിലെയും കോഴിക്കോട്ടെയും സ്ഥാപനങ്ങളിലാണ് നിയമിച്ചിരിക്കുന്നതും. ഇത് കൂടാതെ ജയരാജന്റെ സഹോദരന് റിട്ട. എസ്.ഐ: ഇ.പി. ഭാര്‍ഗവന്റെ മകന് നിഷാന്തിന്റെ ഭാര്യ ദീപ്തിയെ കണ്ണൂര്‍ കണ്ണപുരത്തെ ക്ലേ ആന്‍ഡ് സിറാമിക്സില്‍ ജനറല്‍ മാനേജരായും നിയമിച്ചിരുന്നു.
ബിരുദം മാത്രമാണ് ഇവരുടെ യോഗ്യത. മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ ചെറുമകന്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ മകന്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി കോലിയക്കേട് കൃഷ്ണന് നായരുടെ മകന് എന്നിവര്‍ ഉള്‍പ്പടെ സംസ്ഥാന നേതാക്കളുടെ ബന്ധുക്കളെ വിവിധ വകുപ്പുകളില്‍ നിയമിക്കുന്ന കാര്യം നേരത്തെ പുറത്തു വന്നിരുന്നു. നായനാരുടെ മകള്‍ ഉഷയുടെ മകന് സൂരജ് രവീന്ദ്രനെ കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിന്റെ എംഡിയായാണ് നിയമിക്കുക. കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ സുപ്രധാന തസ്തികയിലാണ് ആനത്തലവട്ടം ആനന്ദന്റെ മകന് ജീവനെ നിമയിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കിന്‍ഫ്രയില്‍ തന്നെ ജനറല്‍ മാനേജര്‍ തസ്തികയിലാണ് കോലിയക്കോടിന്റെ മകന് നിയമനം. പൊതുമേഖലാ സ്ഥാപനങ്ങളിലെ അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കുമെന്ന് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനവും സര്‍ക്കാര്‍ ചുമതലയേറ്റ ശേഷമുള്ള പ്രഖ്യാപനവുമായിരുന്നു. ഇതിന്റെ ഭാഗമായി വിവിധ തസ്തികളില്‍ പുതിയ നിയമനം നടക്കുമ്പോഴാണ് നേതാക്കളുടെ ബന്ധുക്കള്‍ യോഗ്യരായി വരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ റിക്രൂട്ടിങ് സംവിധാനമായ റിയാബ് മുഖേന അഭിമുഖം നടത്തിയാണ് പുതിയ നിയമനങ്ങള്‍.