യുപിഎ സർക്കാർ എന്തു ചെയ്തെന്ന് ഇപ്പോൾ മനസിലായിക്കാണും: കെ.വി. തോമസ്
കൊച്ചി: കൊവിഡ് വ്യാപന ദുരിതത്തിൽ കഴിയുന്ന ജനങ്ങൾക്ക് ഭക്ഷണവും മറ്റ് ആശ്വാസ സഹായ ധനവും നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു സാധിക്കുന്നത് യു പി എ സർക്കാർ നടപ്പാക്കിയ ജനക്ഷേമ പരിപാടികൾ കൊണ്ടാണെന്ന് മുൻ കേന്ദ്ര ഭക്ഷ്യ വിതരണ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രൊഫ. കെ.വി.തോമസ്.
2013 ലെ രണ്ടാം യുപിഎ സർക്കാരിൽ ഭക്ഷ്യ പൊതു വിതരണ മന്ത്രിയായിരിക്കെ താൻ കൊണ്ടുവന്ന ദേശീയ ഭക്ഷ്യ സുരക്ഷ നിയമമാണ് ഇന്ന് ജനങ്ങൾ പട്ടിണിയും, പ്രയാസവുമില്ലാതെ കഴിയുന്നതിന് അടിസ്ഥാനമായത്. രാജ്യത്തെ മുഴുവൻ ജനങ്ങളെയും മുൻഗണന- ഇതര പട്ടികയിൽപ്പെടുത്തി, വീട്ടമ്മമാരുടെ പേരിൽ റേഷൻ കാർഡുകൾ നൽകി, അവർക്ക് നിശ്ചിത അളവിൽ ഭക്ഷ്യധാന്യം ഉറപ്പാക്കി. സംഭരണ കേന്ദ്രം-റേഷൻ കടകൾ - ഉപഭോക്താവ് വരെ എല്ലാം നെറ്റ് വർക്കിലൂടെ ബന്ധിപ്പിച്ചു.
തങ്ങൾക്ക് അവകാശപ്പെട്ട ഭക്ഷ്യധാന്യങ്ങൾ എത്രയെന്നും, അതിന്റെ ഗുണനിലവാരം, ഏത് കടയിൽ നിന്നും വാങ്ങാനാവും തുടങ്ങിയവയും മൊബൈൽ ഫോണിലൂടെ ഉപഭോക്താവിന് വീട്ടിലിരുന്ന് അറിയാൻ കഴിയുന്ന സംവിധാനമൊരുക്കി. ഗർഭിണികൾക്കും, പ്രായമായവർക്കും, കുട്ടികൾക്കും പ്രത്യേക പരിരക്ഷ നൽകി.
2013 ൽ രാഷ്ട്രീയമായി ഈ നിയമത്തെ എതിർത്തവരെല്ലാം ഇന്ന് ഈ നിയമം അടിസ്ഥാനമാക്കിയാണ് സഹായം നൽകുന്നത്. അരി, ഗോതമ്പ്, കടല, പയർ, പരിപ്പ്, റാഗി, മില്ലെറ്റ് എന്നിവ മൂന്നു വർഷത്തേക്ക് സംഭരിച്ചുവയ്ക്കാനുള്ള സൈലോകളും, കൂറ്റൻ സംഭരണശാലകളും യുപിഎ ഗവൺമെന്റ് സ്ഥാപിച്ചു. എഫ്സിഐ ഗോഡൌണുകളിൽ മൂന്നു മാസത്തേക്കുള്ള സ്റ്റോക്ക് നിലനിർത്തണമെന്ന് നിഷ്കർഷിച്ചു.
കൊറോണയുടെ കെടുതിയിൽ എല്ലാ വിഭാഗത്തെയും കരുതലോടെ കാത്തു സംരക്ഷിക്കാൻ ഇടയാക്കുന്നത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പഴുതടച്ച ചട്ടങ്ങളാണ്. ബാങ്കുകളിൽ എല്ലാവർക്കും സീറോ ബാലൻസ് അക്കൗണ്ട് ആരംഭിക്കുന്നതിനും, സബ്സിഡികൾ നേരിട്ട് ഓരോ വ്യക്തിയുടെയും വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റുന്നതിനുമുള്ള സംവിധാനം കൊണ്ടു വന്നതും മൻമോഹൻ സിങ് ഗവൺമെന്റാണ്. ഇന്ന് എല്ലാ ക്രമീകരണങ്ങളുടേയും കേന്ദ്രബിന്ദു ആധാറാണ്. ആധാറിനെതിരെ തെരുവിലും പാർലമെന്റിലും നിരവധി പ്രക്ഷോഭങ്ങൾ നടന്നെങ്കിലും ഇന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ജനങ്ങളെ കണ്ടെത്താനും സഹായം നൽകാനും കൈത്താങ്ങാവുന്നത് ആധാറാണ്.
ഗ്രാമങ്ങളിലെ നിർധനരായ ജനങ്ങളെ സഹായിക്കുന്നതിനു കൊണ്ടുവന്ന തൊഴിലുറപ്പു പദ്ധതിയാണ് കൊറോണയുടെ കശക്കിയേറിൽ ദുരിതബാധിതരെ ചേർത്ത് പിടിക്കാൻ സർക്കാരിന് പിടിവള്ളിയായത്. പല ബജറ്റുകളിലും തൊഴിലുറപ്പ് പദ്ധതി വിഹിതം കുറച്ചു കൊണ്ടു വന്ന് ഇല്ലായ്മ ചെയ്യാൻ ശ്രമിച്ച ബിജെപി സർക്കാരിന് ഇപ്പോൾ ആ പദ്ധതിയിലൂടെ ജനങ്ങൾക്ക് സഹായമെത്തിക്കേണ്ടി വന്നിരിക്കുന്നുവെന്നും കെ.വി. തോമസ്.
യുപിഎ - കോൺഗ്രസ് സർക്കാരുകൾ രാജ്യത്തിന് എന്തു ചെയ്തു, ജനങ്ങൾക്ക് എന്തു നൽകിയെന്ന ചോദ്യത്തിൻ്റെ ഉത്തരം ഇപ്പോൾ ബോധ്യപ്പെടുന്നുണ്ടാവും. ഇന്ന് 130 കോടി ജനങ്ങളെ മൂന്നു വർഷം മൂന്നു നേരം ഊട്ടാനുള്ള ഭക്ഷ്യധാന്യങ്ങൾ നമ്മുടെ സംഭരണ കേന്ദ്രങ്ങളിൽ ഉണ്ടെന്നത് തന്നെയാണ് യുപിഎ ഗവൺമെൻ്റ് നൽകിയ നേട്ടം. മഞ്ഞ, വെള്ള, നീല, പിങ്ക്, കാർഡുടമകൾക്ക് സൗജന്യ റേഷൻ കൃത്യമായി റേഷൻ കടകളിൽ നിന്ന് വാങ്ങാൻ ഇടയാക്കുന്നത് ഭക്ഷ്യ സുരക്ഷാ നിയമമാണ്. ഭക്ഷ്യ സുരക്ഷാ നിയമം കേരളത്തിന്റെ ഭക്ഷ്യവിതരണ രംഗം തകർത്തുവെന്ന് ഇനി ആരും ആക്ഷേപം ഉന്നയിക്കാനിടയില്ല.
ആധാർ, കിസാൻ കാർഡ്, ജൻധൻ അക്കൗണ്ട് , ദേശീയ ഭക്ഷ്യ സുരക്ഷ നിയമം, തൊഴിലുറപ്പ് പദ്ധതി, ദേശീയ ആരോഗ്യ മിഷൻ തുടങ്ങി യുപിഎ ഗവൺമെന്റ് ദീർഘദൃഷ്ടിയോടെ കൊണ്ടുവന്ന ജനക്ഷേമകരവും സുതാര്യവുമായ പദ്ധതികളാണ് ഈ കൊറോണക്കാലത്ത് ഇന്ത്യയിലെ ജനങ്ങളെ കരുതലോടെ ചേർത്ത് നിർത്താൻ ഇടയാക്കിയതെന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയണമെന്നും അദ്ദേഹം