ജമ്മു കാശ്മീരിൽ ആദ്യ കൊറോണ മരണം, രാജ്യത്ത് മരണ സംഖ്യ 15 ആയി ഉയർന്നു
ന്യൂഡൽഹി: രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ നടപ്പിലാകുന്നതിനിടയിലും ഇന്ത്യയിൽ ഇതുവരെ കൊറോണ ബാധിതരുടെ എണ്ണം 630 ആയി. മരണപ്പെട്ടവരുടെ സംഖ്യ പതിനഞ്ചായി ഉയർന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ രോഗികളുടെ എണ്ണം വ്യാഴാഴ്ച ഈ സമയം വരെ മാത്രം പത്താണ്. സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്കുകൾ ഇപ്രകാരമാണ്.
വിനോദസഞ്ചാരകളുടെ പ്രിയപ്പെട്ട ഗോവയിൽ മൂന്ന് പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. മൂവരും വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയവരാണ്. ഇൻഡോറിൽ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടുകൂടി കൊറോണ ബാധിച്ചവരുടെ എണ്ണം ഇൻഡോറിൽ 10 ആയി ഉയർന്നിട്ടുണ്ട്. മദ്ധ്യപ്രദേശിൽ 14 പേർക്കാണ് വ്യാഴാഴ്ച കൊറോണ റിസൾട്ട് പോസിറ്റീവ് ആയത്.
ബംഗാളിൽ 10 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഒടുവിലായി 66കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾ സംസ്ഥാനത്തിന് പുറത്ത് യാത്ര ചെയ്തിട്ടില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ഡൽഹിയിൽ വ്യാഴാഴ്ച രാവിലയോടെ രോഗം ബാധിച്ചവരുടെ എണ്ണം 36 ആയി. ഒരു ഡോക്ടർക്കും അദ്ദേഹത്തിന്റെ ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തിനാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. സൗദി അറേബ്യയിൽ നിന്നെത്തിയ സുഹൃത്തു വഴിയാണ് ഇദ്ദേഹത്തിന് രോഗം പകർന്നതെന്നാണ് സൂചന.കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന വിവരം അനുസരിച്ച് മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 128 പേർക്ക് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചു കഴിഞ്ഞു. 118 എന്ന നമ്പരുമായി തൊട്ടുപിറകെയാണ് കേരളം. ഇതിൽ എട്ടുപേർ വിദേശ പൗരന്മാരാണ്.
കർണാടക (41), ഗുജറാത്ത് (38), ഉത്തർപ്രദേശ (37), രാജസ്ഥാൻ (38), തെലങ്കാന (42), പഞ്ചാബ് (33), ഹരിയാന (29), ലഡാക്ക് (13), തമിഴ്നാട് (26), അന്ധ്രാപ്രദേശ് ജമ്മു കാശ്മീർ 11 വീതം, ചണ്ഡീഗഡ് (7), ഹിമാചൽപ്രദേശ്, ഛത്തീസ്ഗഢ് മൂന്ന് വീതം, ഒഡീഷ, പുതുച്ചേരി, മിസോറാം, മണിപ്പൂർ എന്നിവിടങ്ങളിൽ ഓരോന്ന് വീതവും കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സമ്പൂർണ ലോക്ക്ഡൗണിനിടയിലും രാജ്യത്ത് ബുധനാഴ്ച മാത്രം 101 പുതിയ കേസുകളിലെ റിപ്പോർട്ടുകളാണ് പോസിറ്റീവ് ആയത്. ഇതിനിടയിൽ ജമ്മു കാശ്മീരിൽ ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചു. ശ്രീനഗർ സ്വദേശിയായ 65കാരനാണ് മരിച്ചത്. സംസഥാനത്താകെ 11പേർക്ക് കൊറോണ ഫലം പോസിറ്റീവ് ആണ്.