കൊറോണ മറവിൽ പച്ചക്കറി വില കുതിച്ചുയരുന്നു ; ഇങ്ങനെ പോയാൽ അടുക്കളയും ലോക്ക് ഡൗൺ
തിരുവനന്തപുരം: കൊറോണ ജാഗ്രത നിർദേശത്തിന്റെ ഭാഗമായി നടപ്പാക്കിയ ലോക്ക് ഡൗണിന്റെ മറവിൽ പച്ചക്കറി വില കുതിക്കുന്നു. ഒറ്റദിവസം കൊണ്ട് ഉള്ളിക്ക് കൂടിയത് 40 രൂപ, തക്കാളിക്ക് 20രൂപ. തീർന്നില്ല അവശ്യ സാധനങ്ങൾക്ക് 10 മുതൽ 50 രൂപ വരെ കൂടി മുന്നോട്ട് പോവുകയാണ്. ഇങ്ങനെയായാൽ ഈ ആഴ്ച തന്നെ കേരളത്തിലെ മുഴുവൻ അടുക്കളകളും കൂടി ലോക്ക് ഡൗണാകുന്ന സ്ഥിതി. തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള ചരക്കു നീക്കം നിലച്ചതാണു സാധനങ്ങൾക്കു വില ഉയരാൻ കാരണമെന്നു കച്ചവടക്കാർ. തമിഴ്നാട്ടിൽ നിന്നുമുളള ലോഡുകൾ വരുന്നത് കുറഞ്ഞുതോടെ മൊത്തവിൽപനക്കാർ വില കൂട്ടിയതിനാൽ മറ്റ് വഴിയില്ലെന്നാണ് ചില്ലറ വിൽപ്പനക്കാരുടെ വാദം.
ഉള്ളി വിലയാണ് കൂടുതൽ കരയിക്കുന്നത്. കഴിഞ്ഞയാഴ്ച ചെറിയ ഉള്ളി കിലോയ്ക്ക് 60 രൂപയെങ്കിൽ ഇപ്പോൾ 100 മുതൽ 110 വരെ. സവാള കിലോയ്ക്ക് 28-30 രൂപ എന്നത് 40 ആയി. ഉരുളക്കിഴങ്ങ് 28ൽ നിന്ന് 40. തക്കാളിക്ക് വില 20 രൂപയിൽ നിന്ന് 40, ബീൻസ്, പച്ചമുളക്, ക്യാരറ്റ്, ചേമ്പ് , വഴുതന എന്നിവയ്ക്കും വില ക്രമാതീതമായി ഉയർന്നിട്ടുണ്ട്. 28 രൂപയായിരുന്ന പച്ചമുളകിന് 45 കൂട്ടി. കാരറ്റിനും ബീന്‍സിനും പത്ത് രൂപവച്ച് കൂട്ടി. തക്കാളിക്കും ഉരുളക്കിഴങ്ങിനും വെണ്ടയ്ക്കയ്ക്കുമൊന്നും കാര്യമായ വില വർധനവില്ല. വില എല്ലാം തോന്നുപടിയാക്കിയതോടെ വലഞ്ഞിരിക്കുകയാണ് സാധാരണക്കാര്‍.
അതേസമയം കേരളത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കാൻ പോയ അതിർത്തിക്കപ്പുറത്തേക്ക് പോയ ലോറികൾ അവിടങ്ങളിൽ കുടുങ്ങി. രാജ്യത്ത് സമ്പൂർണ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതാണ് ഇവർക്ക് പ്രശ്നമായത്. ലോറി തൊഴിലാളികളിൽ ചിലരെ മഹാരാഷ്ട്രയിലും തെലുങ്കാനയിലും ഐസൊലേഷനിലാക്കുകയും ചെയ്തുവത്രേ. നാലുദിവസം മുമ്പ് കോഴിക്കോട്ടുനിന്നുപോയ ലോറികളിൽ ഭൂരിഭാഗവും കുടുങ്ങിക്കിടക്കുകയാണ്. ഇതെല്ലാം വിലവർധവിനു കാരണമായതായി ചൂണ്ടിക്കാട്ടുന്നു.
ലോക്ഡൗൺ എങ്കിലും തിരുവനന്തപുരത്തെ ഏറ്റവും തിരക്കുള്ള ചാല മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ നീണ്ട നിരതന്നെയാണ്. ഏറെക്കാലം കേടുകൂടാതിരിക്കുന്ന പച്ചക്കറികൾ കൂടുതൽ വാങ്ങിക്കൂട്ടുകയാണ് ആളുകൾ. ഉള്ളി, സവാള എന്നിവയും ഉരുളക്കിഴങ്ങുമൊക്കെയാണ് ആളുകൾ ഏറെ വാങ്ങി വയ്ക്കുന്നത്. അതുകൊണ്ടു തന്നെ ഇവയ്ക്കു വില കൂടുന്നതു സ്വാഭാവികമെന്നു വ്യാപാരികൾ. സാധനങ്ങൾ കിട്ടില്ലെന്നു കരുതി എല്ലാവരും സാധാരണയിൽക്കൂടുതൽ സാധനങ്ങളാണു വാങ്ങിക്കൂട്ടുന്നത്. അവശ്യസാധനങ്ങൾക്ക് ക്ഷാമമുണ്ടാകില്ലെന്ന് പല തവണ സർക്കാർ ആവർത്തിച്ച് പറഞ്ഞിട്ടും വിപണിയിൽ ഇതൊന്നും കാണുന്നില്ല എന്നതാണ് നാട്ടുകാരുടെ പരാതി. വൈകിട്ട് അഞ്ചു മണിക്ക് മാർക്കറ്റുൾപ്പടെ സകല കടകളും അടയ്ക്കണം എന്ന നിർദേശമുള്ളതിനാൽ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ കടുത്ത തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇതുമൂലം സാമൂഹിക അകലം എന്നതു പാലിക്കാൻ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നു.
അതേസമയം, എറണാകുളത്ത് കൂടുതൽ സൂപ്പർ മാർക്കറ്റുകളും ത്രിവേണി ഉൾപ്പടെയുള്ള പൊതു വിതരണ കേന്ദ്രങ്ങളും ഹോം ഡെലിവറി സംവിധാനത്തിലേക്കു മാറിയിട്ടുണ്ട്. ത്രിവേണിയുടെ ആദ്യ ഹോം ഡെലിവറി എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ ലാൽജി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ചരക്കു വാഹനങ്ങൾ പരിശോധനകൾ പൂർത്തിയാക്കി എത്താനുള്ള താമസം മാത്രമാണ് നേരിടുന്നത്. അടുത്ത ദിവസം തന്നെ ഈ ലോഡുകളെല്ലാം എത്തുന്നതോടെ ഭക്ഷ്യ സാധനങ്ങൾക്ക് യാതൊരു ദൗർലഭ്യവുമുണ്ടാകില്ലെന്ന് അധികൃതർ.