ലോക്ക്ഡൗൺ: തുറന്നു പ്രവർത്തിക്കുക ഇവയെല്ലാം...
ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സമ്പൂർണ ലോക്ക്ഡൗൺ നിലവിൽ വന്നു. ഇതേത്തുടർന്ന് കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്ക് അടക്കം അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ജനജീവിതത്തെ ബാധിക്കാത്ത കേന്ദ്രസർക്കാരിന്റെ എല്ലാ ഓഫീസുകളും അടച്ചിടും. അവശ്യസേവനങ്ങൾ അല്ലാത്ത സംസ്ഥാന സർക്കാരിന്റെ ഓഫീസുകൾക്കും അവധി നൽകിയിട്ടുണ്ട്.
ഇന്റർനെറ്റ്, ബ്രോഡ്കാസ്റ്റിങ്, കേബിൾ ടിവി, ഐടി മേഖലകൾ കഴിയുന്നതും വീട്ടിൽ നിന്ന് പ്രവർത്തിക്കുന്ന (വർക്ക് അറ്റ് ഹോം) രീതിയിലാക്കണം. സേവനമേഖലയും അടച്ചിടണം. അതേസമയം പൊലീസ്, പ്രതിരോധ സേനകൾ, ഇന്ധനവിതരണം, ദുരന്തനിവാരണം, ഊർജം, തപാൽ വിവര വിതരണം, മുന്നറിയിപ്പ് ഏജൻസികൾ എന്നിവയ്ക്ക് ലോക്ക്ഡൗൺ നിയന്ത്രണം ബാധകമല്ല.
സംസ്ഥാനങ്ങളിൽ പൊലീസ്, ഹോംഗാർഡ്, പ്രാദേശിക സേന, അഗ്നിശമന സേന, ജയിൽ, ദുരന്തനിവാരണ സേന, ജില്ലാഭരണകൂടം, ട്രഷറി, ശുചീകരണം, വൈദ്യുതി, വെള്ളം എന്നിവയക്കും നിയന്ത്രണം ബാധകമല്ല. നഗരസഭകളിൽ ശുചീകരണം, ജലവിതരണം എന്നിവയുമായി ബന്ധപ്പെട്ടവർ മാത്രം പ്രവർത്തിക്കണം. ബാങ്കുകൾ, ഇൻഷുറൻസ് ഓഫീസുകൾ, എടിഎം എന്നിവയ്ക്ക് അടച്ചിടൽ ബാധകമല്ല. റേഷൻ കടകൾ, പച്ചക്കറി വിൽപ്പനക്കാർ, പാൽ - പാലുത്പന്ന വിതരണക്കാർ, ഇറച്ചി-മീൻ വിൽപ്പനക്കാർ എന്നിവ പ്രവർത്തിക്കും.
പെട്രോളിയം ഉത്പന്നങ്ങൾ, പാചക വാതകം, സംഭരണ ശാലകൾ, ഊർജ വിഭവം, മൂലധനകട വിപണികൾ, ശീതീകരണ കേന്ദ്രങ്ങൾ, സ്വകാര്യ സുരക്ഷാ ഏജൻസികൾ എന്നിവയ്ക്ക് നിരോധനം ബാധകമല്ല. അച്ചടി ഇലക്ട്രോണിക് മാധ്യമങ്ങൾ എന്നിവയ്ക്കും ലോക്ക് ഡൗണിൽ ഇളവുണ്ട്. ഇവയ്ക്ക് പതിവുപോലെ പ്രവർത്തിക്കാം.