കൊറോണ വിലക്ക്: ഇരുന്നൂറോളം മലയാളി മെഡി. വിദ്യാർത്ഥികൾ മനിലയിൽ കുടുങ്ങി
തിരുവനന്തപുരം: കൊറോണ ബാധയെ തുടർന്നുള്ള യാത്രാവിലക്കിൽ ഫിലിപ്പൈൻസ് തലസ്ഥാനമായ മനിലയിൽ കുടുങ്ങിയ ഇരുന്നൂറോളം മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ നാട്ടിലെത്താൻ വഴി കാണാതെ ദുരിതത്തിലായി. ലാസ് പിനാസിലെ യൂണിവേഴ്സിറ്റി ഒഫ് പെർപെച്യുവൽ ഹെൽപ് സിസ്റ്റമിൽ പഠിക്കുന്ന പെൺകുട്ടികൾ ഉൾപ്പെടെയുള്ള എം.ബി.ബി.എസ് വിദ്യാർത്ഥികളാണ് ഫിലിപ്പൈൻസ് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കു പിന്നാലെ, വിമാനങ്ങൾ റദ്ദാക്കാൻ ഇന്ത്യാ ഗവൺമെന്റും തീരുമാനിച്ചതോടെ കുടങ്ങിയത്.
കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ഫിലിപ്പൈൻസിൽ നിയന്ത്രണങ്ങൾ നിലവിൽ വരുന്നതിനു മുൻപു തന്നെ, അവധിക്കു നാട്ടിൽ വരാൻ ഒരുങ്ങിയിരുന്നവരാണ് മിക്കവരും. ഇന്നലെയും ഇന്നുമായി ടിക്കറ്ര് റിസർവ് ചെയ്തിരുന്നവരുടെ ഫ്ളൈറ്റുകൾ അതിനിടെ എയർ ഏഷ്യ റീഷെഡ്യൂൾ ചെയ്ത് 20 ലേക്കു മാറ്റി. അപ്പോഴാണ് ഇന്ത്യക്കാർ ഉൾപ്പെടെ വിദേശപൗരന്മാർ 72 മണിക്കൂറിനകം രാജ്യം വിടണമെന്ന് ഫിലിപ്പൈൻസ് സർക്കാർ ഉത്തരവിട്ടത്. അതനുസരിച്ച് നാളെയെങ്കിലും ഇവർക്ക് മനിലയിൽ നിന്ന് മടങ്ങണം. അതിനിടെ അഫ്ഗാനിസ്ഥാൻ, ഫിലിപ്പൈൻസ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികരെ വിലക്കാൻ ഇന്ത്യ തീരുമാനിച്ചതാണ് വിദ്യാർത്ഥികൾക്കു കുരുക്കായത്.
20 ന് മനില വിമാനത്താവളം അടയ്ക്കുന്നതോടെ ഇത്രയും വിദ്യാർത്ഥികൾക്ക് അവിടെ തുടരുന്നത് ദുരിതമാകും. ഫിലിപ്പൈൻസിൽ മാളുകൾ ഉൾപ്പെടെയുള്ളവ അടയ്ക്കാൻ ഉത്തരവിട്ട സർക്കാർ, ആളുകൾ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് ടാക്സിയിൽ യാത്ര ചെയ്യാൻ പോലും വിലക്കുണ്ടെന്ന് യൂണിവേഴ്സിറ്റി ഒഫ് പെർപെച്യുവൽ ഹെൽപിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയും കോട്ടയം സ്വദേശിനിയുമായ ലിയ മോൾ വാട്സ് ആപ് കാൾ വഴി കേരളകൗമുദിയോടു പറഞ്ഞു. ലിയയ്ക്കൊപ്പം താമസിക്കുന്ന എറണാകുളം സ്വദേശിനി അന്ന, തൃശൂർ സ്വദേശിനി അഭിരാമി എന്നിവർ വാട്സ് ആപ് വഴി നാട്ടിലെ സുഹൃത്തുക്കൾക്ക് സന്ദേശമയച്ച് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
മാർച്ച് 12 മുതൽ ഏപ്രിൽ 12 വരെ സർവകലാശാലയിൽ അവധിക്കാലമാണ്. അവധിക്കു പോകാൻ തയ്യാറെടുത്തിരുന്നതു കാരണം പലരും ആവശ്യത്തിന് ഭക്ഷണസാധനങ്ങൾ കരുതിവച്ചിട്ടില്ലെന്നും, നാട്ടിലേക്ക് അടുത്ത ദിവസമെങ്കിലും പുറപ്പെടാനായില്ലെങ്കിൽ എല്ലാവരും ദുരിതത്തിലാകുമെന്നും ലിയ മോൾ പറയുന്നു. വിമാനയാത്ര പ്രതിസന്ധിയിലായതിനെ തുടർന്ന് എംബസി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും, ഭയക്കാതിരിക്കാനും കുടുങ്ങിപ്പോയാൽ ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താമെന്നുമായിരുന്നു മറുപടിയെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
സർവകലാശാലയിലെ മലയാളി വിദ്യാർത്ഥികളുടെ ഗ്രൂപ്പിൽത്തന്നെ ഇരുന്നൂറു പേരുണ്ട്. ഇവരിൽ കുറച്ചു പേർ മാത്രമെ പ്രതിസന്ധി തുടങ്ങുന്നതിനു മുമ്പേ നാട്ടിലെത്തിയിട്ടുള്ളൂ. മറ്റുള്ളവർ ഹോസ്റ്റലിലും വാടകയ്ക്കെടുത്ത വീടുകളിലുമായി തങ്ങുകയാണ്. കുറേപ്പേർ വിമാനത്താവളത്തിലുള്ളതായാണ് വിവരം. നാട്ടിലെത്താൻ വഴിയില്ലാതെ തങ്ങൾ അന്യരാജ്യത്ത് കുടുങ്ങിയതോടെ വീട്ടുകാരും ഭീതിയിലും ഭയാശങ്കകളിലുമാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.