ഉച്ചക്ക് മീൻ വറുത്തത് കൂട്ടി ഊണ്, ഇടവേളകളിൽ ജ്യൂസ്; കളമശേരിയിലെ ഐസൊലേഷൻ വാർഡ് ഇങ്ങനെയൊക്കെയാണ്
കൊച്ചി: കളമശേരി മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നവരുടെ ഭക്ഷണ ക്രമത്തിൽ കുറച്ചൊന്നുമല്ല അധികൃതരുടെ ശ്രദ്ധ. ഉണർന്നു കഴിയുമ്പോൾ ഒഴിവാക്കാനാവാത്ത ചായ മുതൽ മലയാളിയുടെ പ്രിയപ്പെട്ട മീൻ വറുത്തതും ദോശയും സാമ്പാറും എന്തിനേറെ പറയാൻ ജ്യൂസും വരെ ഉൾപ്പെടുത്തിയാണ് മെനു തയാറാക്കിയിട്ടുള്ളത്. രുചിക്കൊപ്പം ആരോഗ്യത്തിനായി പഴങ്ങളും മുട്ടയും ഉൾപ്പടെയുള്ള വിഭവങ്ങളുമുണ്ട്.
വിദേശത്ത് നിന്നുള്ളവർക്കും ഭക്ഷണം അവരുടേ സ്റ്റൈലിൽ കിട്ടും. ടോസ്റ്റ് ചെയ്ത ബ്രെഡും ഓംലെറ്റും സൂപ്പും രാവിലെ ചൂടോടെ തീന്മേശകളിൽ എത്തും. രോഗബാധ മൂലം ആഹാര നിയന്ത്രണങ്ങൾ ഇല്ലെങ്കിലും പോഷക സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുക എന്ന ലക്ഷ്യത്തിലാണ് മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന്റെ നിർദേശ പ്രകാരം പുതിയ മെനു തയാറാക്കിയിട്ടുള്ളത്. കുട്ടികൾക്കാണെങ്കിലോ പാലും ലഘു ഭക്ഷണവും ഉൾപ്പെടുത്തിയുള്ള മെനു ആണ് തയാറാക്കിയിരിക്കുന്നത്. അവ സൂക്ഷിക്കാനായി പ്രത്യേക സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഐസൊലേഷൻ വാർഡുകളിൽ കഴിയുന്ന ആളുകളോട് ചോദിച്ച ശേഷം അവരുടെ നിർദേശം കൂടി സ്വീകരിച്ചാണ് കോവിഡ് 19 നോഡൽ ഓഫീസർ ഡോ. ഫത്താഹുദീൻ അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ. ഗണേഷ് മോഹൻ, ഫുഡ് ഇൻചാർജ് ഡോ. ദീപ, സീനിയർ നഴ്സ് അമൃത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഭക്ഷണ ക്രമം തയാറാക്കിയത്. മെഡിക്കൽ കോളെജ് സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ മെൻസ് ഹോസ്റ്റലിലാണ് ഭക്ഷണം തയാറാക്കുന്നത്. 30 പേർക്ക് വരെയുള്ള ഭക്ഷണം തയാറാക്കാനാണ് തീരുമാനം.
ഐസൊലേഷനിൽ കഴിയുന്ന ഇന്ത്യക്കാരുടെ ഭക്ഷണ ക്രമം
രാവിലെ 7.30 : ദോശ, സാമ്പാർ, ചായ, മുട്ട പുഴുങ്ങിയത്, ഓറഞ്ച്, ഒരു ലിറ്റർ വെള്ളം
10.30 : പഴച്ചാർ
12.00: ചപ്പാത്തി, ചോറ്, തോരൻ, കറി, മീൻ പൊരിച്ചത്, തൈര്, ഒരു ലിറ്റർ വെള്ളം
വൈകീട്ട് 3.30: ചായ, ബിസ്ക്കറ്റ് /പഴംപൊരി /വട
രാത്രി 7.00: അപ്പം, വെജിറ്റബിൾ സ്റ്റു, രണ്ട് ഏത്തപ്പഴം, ഒരു ലിറ്റർ വെള്ളം
വിദേശത്ത് നിന്നുള്ളവരുടെ ഭക്ഷണ ക്രമം
രാവിലെ 7.30: ടോസ്റ്റ് ചെയ്ത ബ്രെഡ്, മുട്ട പുഴുങ്ങിയത്, പഴങ്ങൾ, സൂപ്പ്
11.00: പഴച്ചാർ
12.00: ടോസ്റ്റ് ചെയ്ത ബ്രെഡ്, ചീസ് (ആവശ്യമുള്ളവർക്ക് ), പഴങ്ങൾ
വൈകിട്ട് 4.00: പഴച്ചാർ
രാത്രി 7.00: ടോസ്റ്റ് ചെയ്ത ബ്രെഡ്, മുട്ട, പഴങ്ങൾ