ഭോപ്പാല്‍: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ മദ്ധ്യപ്രദേശിൽ വിശ്വാസവോട്ടെടുപ്പ് നടത്താതെ നിയമസഭ സമ്മേളനം മാർച്ച് 26 വരെ പിരിഞ്ഞു. ഗവർണർ ലാൽജി ടണ്ഡന്റെ ഒരു മിനിറ്റ് മാത്രം നീണ്ട നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെയായിരുന്നു നിയമസഭ 26 വരെ പിരിഞ്ഞതായി സ്പീക്കർ എൻ.പി. പ്രജാപതി പ്രഖ്യാപിച്ചത്. കൊറോണവൈറസിന്റെ പശ്ചാത്തലത്തിലാണ് സഭ നിറുത്തിവച്ചതെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
അതേസമയം, രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കോവിഡ് 19 നിരീക്ഷണത്തിലാണെന്ന് പാര്‍ട്ടി അറിയിച്ചു.ബംഗളൂരു, ഹരിയാന, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ എം.എല്‍.എ.മാര്‍ക്ക് നിര്‍ബന്ധിത പരിശോധന വേണമെന്നും ഈ സാഹചര്യത്തില്‍ വിശ്വാസവോട്ട് മാറ്റണമെന്നുമാണ് കോണ്‍ഗ്രസ് വാദിച്ചിരുന്നു. കൂടാതെ കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ സഭാസമ്മേളനം മാറ്റിവയ്ക്കണമെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ശുപാര്‍ശ.
സഭാസമ്മേളനത്തിന്റെ അജണ്ടയില്‍ സ്പീക്കര്‍ വിശ്വാസവോട്ടെടുപ്പ് ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നില്ല. ഭരണഘടന പ്രകാരമുള്ള നിയമങ്ങള്‍ എല്ലാവരും പാലിക്കേണ്ടതുണ്ടെന്നും, മദ്ധ്യപ്രദേശിന്റെ അന്തസ്സ് സംരക്ഷിക്കപ്പെടുമെന്നും ഗവർണർ പറഞ്ഞു. കോണ്‍ഗ്രസ് വിമതരായ 22 എം.എല്‍.എമാര്‍ സഭയിലെത്തിയിരുന്നില്ല. കേവലഭൂരിപക്ഷം നഷ്ടമായ കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ചതന്നെ നിയമസഭയില്‍ വിശ്വാസംതേടണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു.