പുലിയിറങ്ങി; ഇതു ലാലിന്റെ മാസ് പൂരം!!!
ടോമിച്ചന് മുളകുപാടത്തിന് ഇതെന്ത് അസുഖമാണ്. മുപ്പതു കോടിയോളം രൂപ മുടക്കി ഒരു മലയാളം സിനിമയെടുക്കുന്നതു കൈ പൊള്ളാനാണ്. ഉള്ള കാശു കളഞ്ഞു കുളിക്കാനുള്ള ഓരോ വട്ടുകള്‍- എന്നൊക്കെ പറഞ്ഞവര്‍ ആദ്യ ഷോ കഴിഞ്ഞിറങ്ങി, ആരാലും തിരിച്ചറിയപ്പെടാതെ എറണാകുളം കവിതാ തിയേറ്ററിന്റെ കോണില്‍ നിന്ന ടോമിച്ചനോട് പറഞ്ഞു- നൂറുകോടി കടക്കും!! മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാശുവാരിപ്പടമായിരിക്കും പുലിമുരുകന് എന്ന് സിനിമയുടെ ആദ്യഷോ കഴിഞ്ഞപ്പോള്‍ തന്നെ ഉറപ്പായി. മറ്റൊന്നു കൂടി ഉറപ്പായി- ഇത് സിനിമയല്ല ലാല്പ്പൂരം!!
സത്യത്തില്‍ സിനിമ രണ്ടു ദിവസത്തെ കഥയാണ്. ട്രെയ്ലറില് കണ്ട ചോരപുരണ്ട ആ കൈകള്‍ വലിച്ചു കൊണ്ടു പോകുന്ന പുലിയില്‍ നിന്ന് തുടങ്ങുകയാണ് സിനിമ. മണിക്കുട്ടിയെന്ന കുഞ്ഞാട്ടിന്‍ കുട്ടി ആ കുരുന്നിന്റെ കയ്യില്‍ നിന്നും കുതറി രാക്കാട്ടിലേയ്ക്കോടി പോവുകയാണ്. കാടുവിട്ടിറങ്ങിയ നരഭോജിയുടെ നാവിലേയ്ക്ക്. അതേ ദിവസമൊരാള് പുലിമുരുകനെ തേടി പുലിയൂരിലെത്തുന്നു. അയാളോട് മൂപ്പന് പറയുകയാണ് പുലിമുരുകന്റെ കഥ. കുട്ടിയായ മുരുകന് ആദ്യമായി പുലിയെ കൊന്ന കഥ. ആ കഥയ്ക്കൊടുവിലുയരുന്ന ചോദ്യം ഇപ്പോള്‍ മുരുകന് എവിടെയാണെന്നതാണ്. ആ കഥ തുടങ്ങുന്നത് മുരുകന്റെ അനുജന്റെ സുഹൃത്തുക്കള്‍ ഈ നാട്ടിലെത്തുന്ന കഥയാണ്.
മംഗലാപുരത്തു നിന്നുള്ള സുഹൃത്തുക്കള്‍ കുഴപ്പം പിടിച്ചൊരു കാര്യത്തിനാണെത്തുന്നത്. അതിനിടയില്‍ തിയേറ്റര്‍ കാത്തിരുന്ന പുലിമുരുകന്റെ മാസ് എന്‍ട്രി. എത്രയോ കാലങ്ങള്‍ക്കു ശേഷം ‘കാശ് കൊടുക്കാതെ’ ഫാന്‍സ് തിയേറ്ററില്‍ അര്മാദമാക്കുന്ന നിമിഷം. പിന്നാലെ പുലിക്കു കൊടുക്കാതെ മുരുകന് കാത്ത അനുജനുമെത്തും. മൈനയെന്ന ഭാര്യ, കുഞ്ഞു സാധാരണത്വത്തിന്റെ കാട്ടുഭംഗിയുള്ള അന്തരീക്ഷം. തൊട്ടടുത്ത വീട്ടില്‍ മാമനും മക്കളും. സുരാജ് വെഞ്ഞാറമ്മൂടും ഒളിഞ്ഞു നോട്ടങ്ങളും. അപ്പോഴതാ പാലത്തിലെതിരെ എത്തുന്നു മാദകയായി നമിത. മുരുകനോടൊരു കണ്ണുള്ളവള്‍. പിന്നെയക്കഥയാണ്.
അതു മൈനയോടുള്ള പ്രണയത്തിന്റെ കഥയാണ്. കൊല്ലപ്പെട്ട പുലിയുടെ ഘാതകനെ തിരക്കിയെത്തുന്ന റെയ്ഞ്ചര്‍ക്ക് മുരുകനോട് പഴയൊരു പകയുണ്ട്. ആ പക മുരുകനെ മംഗലാപുരത്തെത്തിക്കുന്നു. ഡാഡി ഗിരിജയയുടെ അടുത്ത്- കഥ തുടങ്ങുമ്പോള്‍ മുരുകന് എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. തിരക്കി വന്നയാള്‍ താനാരാണെന്ന് വ്യക്തമാകുന്നിടത്താണ്, മുരുകനിലല്ല ഇടവേള. കാട്ടിലല്ല, സിനിമയുടെ ഒടുവില്‍ മുരുകന് പറയുന്നതു പോലെ വന്യമൃഗങ്ങളെക്കാള്‍ അപകടകാരികളായ മനുഷ്യര്‍ക്കിടയിലാണ്. വന്യമൃഗങ്ങള്‍ ആരേയും ചതിക്കാറില്ലല്ലോ… ജീവന് രക്ഷിക്കാനും തിന്നാനുമല്ലാതെ ആരേയും കൊല്ലാറില്ലല്ലോ… പക്ഷെ മനുഷ്യര്‍ അങ്ങിനെയല്ലല്ലോ. ആ മനുഷ്യര്‍ക്കിടയില്‍ നിന്നു മുരുകന്, വീണ്ടും പിലിയിറങ്ങിയ പുലിയൂരിലേയ്ക്ക് മടങ്ങിയെത്തുമോയെന്ന സസ്പെന്സില് കഥ നീളുകയാണ്.കവിതാ തിയറ്ററിൽ സിനിമ കാണാൻ എത്തിയവർ
ഇനിയൊന്നു പറയാം- ഈ സിനിമയിലെ കഥയല്ല പ്രധാനം. കഥയെന്തുമാകട്ടെ. കാഴ്ചയാണ്; അഥവ മോഹന്‍ലാല്‍ വീണ്ടും മുണ്ടുമടക്കി കുത്തുകയും മീശ പിരിക്കുകയും ചെയ്തിരിക്കുന്നു. നരസിംഹസകാലത്ത് ആകെ മൊത്തം ലാലിന്റെ ബോഡി ലാംഗ്വേജില്‍ സൂം ചെയ്തു പിടിച്ചതു പോലെയല്ല വൈശാഖ് ഒരു മാസ് പടം ഒരുക്കിയിരിക്കുന്നത്. വിനോദത്തിന് ലാലെന്ന ലഹരിയോടൊപ്പം ചേര്‍ത്ത ഘടകങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. അതിനെ ഒരു പേരിലൊതുക്കണമെങ്കില് പീറ്റര്‍ ഹെയ്ന് എന്നു വിളിക്കാം. സിനിമയുടെ ആക്ഷന്‍ നിമിഷങ്ങളുടെ സംവിധാകന്. പീറ്ററിന്റെ ആക്ഷന്‍ ചിത്രീകരണത്തിന്റെ അത്യുജ്ജ്വല നിമിഷങ്ങളുണ്ടായിരുന്ന സിനിമയാണ് സൂര്യയുടെ ഏഴാം അറിവ്. ഏഴാം അറിവിലേതിലും വേഗവും വഴക്കവുമുള്ള ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ ലാല്‍ സ്പൈഡര്‍ മാനായി പറക്കുകയാണ്.
രജനീകാന്ത് സിനിമകളിലെ പോലെ ഈ ആക്ഷനുകൾ ഒരു മനുഷ്യന് ചെയ്യാനാവില്ലെന്ന് തോന്നിപ്പിക്കുന്നതല്ല. സ്പൈഡര്മാന് അമാനുഷികനെങ്കില് മുരുകന് കുഞ്ഞുങ്ങളുടെ മനുസുള്ള, കള്ളുകുടിച്ചാല്‍ ഭാര്യയെ പേടിക്കുന്ന പാവമല്ലേ. അയാള്‍ക്കായി ആക്ഷനൊരുക്കുമ്പോള് കഥാപാത്രം വിട്ടു പോകരുതല്ലോ- പീറ്റര്‍ ഹെയ്ന് അത് സാധിച്ചിരിക്കുന്നു. വേല് എന്ന ആയുധമാണ് തിരക്കഥാകൃത്ത് മുരുകന് കൊടുക്കുന്നതെങ്കിലും അറ്റത്ത് കത്തി ഘടിപ്പിച്ച ലതര്‍ പട്ടയിലുള്ള മറ്റൊരായുധമാണ് മുരുകനെ പറത്തിക്കുന്നത്. ആ ആയുധത്തിന്റെ അപാരസാധ്യതകളാണ് ആക്ഷനെ വേറിട്ടതാക്കുന്നത്. രക്ഷിക്കാനും ശിക്ഷിക്കാനും ആ ആയുധം മുരുകനൊപ്പമുണ്ട്.
പോക്കിരി രാജ മുതല്‍ വൈശാഖ് സൃഷ്ടിക്കുന്നത് ജനപ്രിയ വിനോദ ചിത്രങ്ങളാണ്. കസിന്‍സ് പോലുള്ള നിരാശപ്പെടുത്തിയ ശ്രമങ്ങള്‍ക്കു ശേഷം പുലിമുരുകനിലേയ്ക്ക് വൈശാഖെത്തുമ്പോള് അദ്ദേഹം മലയാളത്തിന്റെ ‘പുതിയ ജോഷി’യാവുകയാണ്. കാശെറിഞ്ഞ് കാശുവാരുന്ന സിനിമകള്‍ ചെയ്യാന്‍ വൈശാഖിനെ തേടി മലയാളവും കടന്ന് അവസരങ്ങളെത്തുമെന്ന് ഉറപ്പാക്കുന്ന സിനിമയാണ് പുലിമുരുകന്.
തിരക്കഥ, ക്യാമറ, ആക്ഷന്‍, ഗ്രാഫിക്സ്- തുടങ്ങിയവയെയും മറ്റ് വിഭാഗങ്ങളേയും ചേര്‍ത്തുണ്ടാക്കിയ ഈ വിഭവം ഒരു മികച്ച കപ്പിത്താനാണ് വൈശാഖെന്നുറപ്പിക്കുന്നു. നോണ്‍ ലീനിയറായ കഥപറച്ചിലാണ് സിനമയിലേത്. സിനിമയുടെ കാഴ്ചയുടെ ഗാംഭീര്യത്തോളം ഉയരാത്തതാണ് സംഭാഷണങ്ങളില്‍ പലതുമെന്ന് പറയാതെ വയ്യ. സംഭാഷണങ്ങള്‍ക്ക് ദൃശ്യത്തിനപ്പുറത്തേയ്ക്ക് സിനിമയുടെ ഫീലുയര്ത്താനാവുമെങ്കിലും ചില ചളിപ്പുകളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഇല്ലെന്ന് പറയാതിരിക്കാനുമാവില്ല. പക്ഷെ അതൊന്നും ‘മായാമോഹിനി’യോളമാകുന്നില്ലെന്നത് വലിയ ആശ്വസമാണ്. സിനിമയ്ക്ക് അത്രയൊന്നും ആവിശ്യമില്ലാതിരുന്ന നമിതയുടെ മേനിപ്രദര്‍ശനം കണ്ടു തുടങ്ങിയപ്പോള്‍ ഇനിയതൊരു ഐറ്റം ഡാന്സിലെത്തുമോ എന്നു തോന്നിപ്പിച്ചുവെങ്കിലും അതുണ്ടായില്ല. നമിതയെ ഉപയോഗിച്ചു നടത്തിയ ശരീര പ്രദര്‍ശനം അരോചകമായി പലപ്പോഴും.
കമാലിനിയുടെ മൈനയ്ക്ക് സിനിമയില്‍ അത്ര വലിയ സാധ്യതകളില്ലായിരുന്നു. എങ്കിലും മുരുകന് പേടിയുള്ള കാട്ടിലെ പെണ്ണായി കമാലിനി സ്ക്രീനില്‍ നിറഞ്ഞു. ലാലിന്റെ മാമനും വിനു മോഹന്റെ അനുജനും മുരുകന്റെ സ്നേഹത്തിന്റെ ആള്‍രൂപങ്ങളായി ഒപ്പമുണ്ട്. സുധീര്‍ കരമനയല്പ്പനേരം കൊണ്ട് സൃഷ്ടിക്കുന്ന സാന്നിധ്യം ശ്രദ്ധേയമായി. പ്രതിനായക വേഷത്തിലെത്തുന്ന എല്ലാവരും മുരുകന്റെ വീര്യം കൂട്ടി.
കുഞ്ഞു മുരുകന്റേതാണ് ആദ്യ ആക്ഷന്‍. പിന്നീട് ‘ലാല്മുരുക’ന്റെ പുലിയുമായുള്ള മാസ് എന്‍ട്രി. റെയ്ഞ്ചറുമായുള്ള ഹെവി ഫൈറ്റ്, തൊട്ടു പിന്നാലെ കാട്ടുപാതകളിലൂടെ മയില്‍ വാഹനവുമായി ഏസിപിയുടെ റോഡ് ചെയ്സ്, മംഗലാപുരത്താണ് പിന്നീടുള്ള നീളമേറിയ കാട്ടിലല്ലാത്ത മുരുകനടി, അനുജനേയും ചുമലേറ്റിയുള്ള ഫാക്ടറിയിലെ ഫൈറ്റില്‍ സ്നേഹവും കരുത്തും സമാസമം ചേരുന്നു- പിന്നെ അരമണിക്കൂറോളം നീളമുള്ള അവസാനത്തെ ആക്ഷന്‍ രംഗം. തരിച്ചിരുന്നു പോകും ഓരോ ഫൈറ്റിലും തിയേറ്റര്‍. കമലദളത്തില്‍ അഭിനയിക്കാന്‍ ഭരതനാട്യം പഠിച്ച വാനപ്രസ്ഥം സിനിമയില്‍ അര്ജ്ജുനനാകാന് കഥകളി പഠിച്ച മോഹന്‍ ലാല്‍ പുലിമുരുകനു വേണ്ടി നടത്തിയ ഫൈറ്റ് സീനുകള്‍ കണ്ടാലറിയാം അദ്ദേഹം മെയ് അഭ്യാസവും പഠിച്ചിരിക്കുന്നു. ഡ്യൂപ്പില്ലാതെ ഇങ്ങനെ ആക്ഷന്‍ ചെയ്യാന്‍ ഇന്ത്യയിലേത് സൂപ്പര്‍ സറ്റാറിന് കഴിയും.
കേരളത്തിന്റെ സിനിമാ വ്യവസായത്തില്‍ കൂടുതല്‍ പണം മുടക്കാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുന്ന വിജയങ്ങളാണ് തുടര്‍ച്ചായി ഉണ്ടാകുന്നത്. പ്രേമവും ഒപ്പവുമെല്ലാം സൃഷ്ടിക്കുന്ന വിജയങ്ങളെ പുലിമുരുകന് മറികടക്കുമ്പോള്‍ തിയേറ്ററുകള്‍ വീണ്ടും നിറയും- മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തില്‍ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റ് പോലും സൃഷ്ടിക്കാന്‍ 45 ലക്ഷം പ്രേക്ഷകര്‍ മതിയാകുമത്രേ. തിയേറ്ററിലെത്തി സിനിമ കാണാത്ത, ഡിവീഡിയിലും പൈറേറ്റഡ് കോപ്പികളിലും ചാനലില്‍ വരുമ്പോഴും സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് പുലിമുരുകന്റെ കാര്യത്തില്‍ വീട്ടിലുറച്ചിരിക്കാനാവില്ല. കാരണം, പുലിമുരുകന് ശരിക്കും തിയേറ്റര്‍ എക്സ്പീരിയന്‍സാണ്. നരനില്‍ സിനിമയിലൂടനീളം നനവാണുണ്ടായിരുന്നതെങ്കില് കാട്ടില്‍ പോയ ഫീലാണ് പുലിമുരുകന് നല്‍കുന്നത്. ക്യാമറാമാന് ഷാജി പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. ഗ്രാഫിക്സ് ഏതാണ് അല്ലാത്തത് ഏതാണെന്ന് തിരിച്ചറിയാനാവാത്ത വിധം സാങ്കേതികത്തികവൊത്തതാണ് ഓരോ നിമിഷവും. പുലിയുമായുള്ള ഒട്ടനവധി സംഘട്ടന രംഗങ്ങളുണ്ട്. ശരിക്കും പുലിയേത് ഗ്രാഫിക് പുലിയേതെന്ന് പലപ്പോഴും മനസിലാക്കാന്‍ പ്രേക്ഷകന് സാധിക്കില്ല.
എറണാകുളം കവിതാ തിയേറ്ററില്‍ രാവിലെ എട്ടിന് ആരാധകര്‍ക്കായി നടത്തിയ പ്രത്യേക ഷോ കാണാന്‍ നടുനിരയുടെ പിന്നില്‍ അപ്രതീക്ഷിതമായി ഒരു കാഴ്ചക്കാരിയെത്തി- സുചിത്ര മോഹന്‍ലാല്‍. ഇനി ആദ്യ ഷോ കാണാന്‍ ലാലേട്ടനെത്തുമോയെന്ന് പെട്ടെന്ന് തോന്നിപ്പിച്ച നിമിഷം. സ്വന്തം സിനിമകള്‍ തിയേറ്ററില്‍ പ്രേക്ഷകര്‍ക്കൊപ്പമിരുന്ന് മോഹന്‍ ലാല്‍ കണ്ടിട്ട് കാലമേറെയായി. ഒച്ചയും ബഹളവും കയ്യടികളും നിറഞ്ഞ തിയേറ്ററിലിരുന്ന് പുലിമുരുകന് കാണാന്‍ മോഹന്‍ലാല്‍ എത്തുമെന്നുറപ്പ്. കുടുംബ പ്രേക്ഷകരേയും കുട്ടികളേയും ആക്ഷന്‍ പ്രേമികളേയും മോഹന്‍ലാല്‍ ഫാന്‍സിനേയും ഒരേപോലെ തൃപ്തിപ്പെടുത്തുന്ന പുലിമുരുകന്റെ ദിവസങ്ങളാണിനി. ആകെയൊരപകടം തോന്നിയത് ദേവാസുരം മുതല്‍ തുടങ്ങിയ മുണ്ടുമടക്കി കുത്തലും മീശ പിരിക്കലും മാത്രമുള്ള മോഹന്‍ലാല്‍ സിനിമകള്‍ ഇനിയുണ്ടാകുമോയെന്നതാണ്. ജയ്ബോലോ വിളികളുമായി തിയേറ്ററിലെത്തിയ പ്രേക്ഷകര്‍ അത്തരം ആണ് കഥാപാത്രങ്ങളെ മോഹന്‍ലാലില്‍ നിന്നും ഇനിയും പ്രതീക്ഷിച്ചേക്കും. അവരെ തൃപ്തിപ്പെടുത്താന്‍ പുലിയ്ക്കു ശേഷം മറ്റേതെങ്കിലും ശത്രുവിനെ എതിരെ നിര്‍ത്തി പുതിയ നരസിംഹങ്ങളും രാവണപ്രഭുക്കളും ഇറങ്ങാതിരിക്കണേ എന്ന ആഗ്രഹത്തോടെ തന്നെ തിയേറ്ററിലേയ്ക്ക് പോകാം. കറുത്തവനെ ഇകഴ്ത്തുന്നതും പഴത്തൊലി തമാശകളും മറന്ന്- 2.35 മിനിറ്റ് തിയേറ്ററിനെ ഉത്സവമാക്കാം.