പക്ഷിപ്പനി ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ...
കോഴിക്കോടിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. മലപ്പുറം തിരൂരങ്ങാടിയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ വീട്ടില്‍ വളര്‍ത്തുന്ന കോഴികളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും കലക്റ്റര്‍ ജാഫര്‍ മാലിക് അറിയിച്ചു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി അധികൃതർ മുൻകരുതലുകളും നിർദേശങ്ങളും പുറപ്പെടുവിച്ചു.
പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ
1.ചത്തതോ രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടനക്കിളികളെയോ ഇവയുടെ കാഷ്ഠമോ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാൽ അതിനു മുൻപും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ കഴുകി വൃത്തിയാക്കണം.
2.രോഗത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ളതോ രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ കൈയുറയും മാസ്കും ധരിക്കണം.
3. കോഴികളുടെ മാംസം കൈകാര്യം ചെയ്യുന്നതിന് മുൻപും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം.
4. മുട്ട, മാംസം എന്നിവ പ്രഷർകുക്കറിൽ പാചകം ചെയ്ത് മാത്രം ഉപയോഗിക്കുക.
5. നിങ്ങളുടെ തൊട്ടടുത്ത് അസാധാരണമാം വിധം പക്ഷികളുടെ കൂട്ടമരണം ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള മൃഗസംരക്ഷണവകുപ്പ് സ്ഥാപനത്തിൽ അറിയിക്കുക.
6. പക്ഷികളെ കൈകാര്യം ചെയ്തശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ അടുത്തുള്ള ഡോക്ടറെ ബന്ധപെടുക.
7. വ്യക്തിശുചിത്വം പാലിക്കുക.
8. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വളർത്തുപക്ഷികളോ അന്യ പക്ഷികളോ വീടുനുളളിൽ പ്രവേശിക്കുകയോ കാഷ്ഠിക്കുകയോ ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക. വളർത്തുപക്ഷികളുമായുളള അടുത്ത സമ്പർക്കം പരമാവധി ഒഴിവാക്കുക.
9. ഉയർന്ന അന്തരീക്ഷോഷ്മാവുളള കാലാവസ്ഥയായതിനാൽ വളർത്തുപക്ഷികൾക്ക് ആവശ്യത്തിന് ശുദ്ധജലവും തണലും തുറസായ വായുസഞ്ചാരമുളള കൂടും ഉറപ്പാക്കുക.
10. ജലസ്രോതസ്സുകളും ജലസംഭരണികളും ശുദ്ധിയാക്കി സൂക്ഷിക്കുകയും മറ്റു പക്ഷികൾ അശുദ്ധമാക്കാതെ വലകളും മൂടികളുമുപയോഗിച്ച് സംരക്ഷിക്കുകയും ചെയ്യുക.
11. രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിതപ്രദേശങ്ങൾ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.
12. എല്ലാ പക്ഷിമരണങ്ങളും പക്ഷിപ്പനിമൂലമാകണമെന്നില്ല. ഉയർന്ന അന്തരീക്ഷോഷ്മാവുളള കാലാവസ്ഥയായതിനാൽ കാക്കകളോ മറ്റു പക്ഷികളോ നിർജ്ജലീകരണം മൂലം മരണപ്പെടാനുളള സാധ്യതയുളളതിനാൽ കാക്കകളോ മറ്റു പക്ഷികളോ ചത്തുവീഴുന്നതായി കണ്ടാൽ പരിഭ്രാന്തി പരത്താതിരിക്കുക. ചത്ത പക്ഷികളുടെ ജഡം കയ്യുറകളുപയോഗിച്ച് നീക്കം ചെയ്യുകയും കുഴിയെടുത്ത് കുമ്മായം, ബ്ലീച്ചിംഗ് പൗഡർ എന്നിവയേതെങ്കിലും വിതറി സംസ്കരിക്കുകയും ചെയ്യുക. പക്ഷികളുടെ അസ്വാഭാവികമായ കൂട്ടമരണം ശ്രദ്ധയിൽപ്പെട്ടാൽ മാത്രം 0495 2762050 എന്ന കൺട്രോൾ റൂം നമ്പറിൽ വിവരമറിയിക്കുക.
13. പരിസരം, പക്ഷിക്കൂട് എന്നിവയുടെ ശൂചീകരണത്തിനായി പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി, കുമ്മായം, ബ്ലീച്ചിംഗ് പൗഡർ എന്നിവ ഉപയോഗിക്കാം.
14. അണുനശീകരണം നടത്തുമ്പോൾ സുരക്ഷിതമായ വസ്ത്രധാരണം ഉറപ്പുവരുത്തണം.