സേലം ബിഷപ്പ് സിംഗരായൻ ഉയർത്തുന്നത് ഒരു വെല്ലു വിളിയാണ്. ക്രിസ്തുവിനാൽ നിർബന്ധിതമാക്കപ്പെടുന്ന വെല്ലുവിളി. പണ്ട് ഫ്രാൻസിസ് സ്വയം നഗ്നനാക്കപ്പെട്ടപ്പോൾ ഏറ്റെടുത്തത് ഇതേ വെല്ലു വിളിയാണ്. മദർ തെരേസ തെരുവീഥികളിൽ ഉയർത്തിയതും ഇതേ വെല്ലുവിളിയായിരുന്നു. ഫ്രാൻസിസ് പാപ്പ ഇടയന് ആടുകളുടെ ചൂരുണ്ടാകണമെന്ന് പറഞ്ഞത് അതേപടി ഏറ്റെടുത്തപ്പോൾ ബിഷപ്പ് സിംഗരായൻ ലോകത്തോട് വിളിച്ചു പറഞ്ഞത് ബിഷപ്പുമാർക്ക് ഇങ്ങിനെയും ജീവിക്കാമെന്നാണ്.
ഇന്ന് ബിഷപ്പിനോടൊപ്പം ജോലി ചെയ്തിരുന്ന ഒരു വൈദികനോട് സംസാരിച്ചു. ആ ജീവിത ശൈലി കണ്ണു നനയിച്ചു. എൻ്റെ രൂപതയിലെ വൈദികർക്ക് ലഭിക്കാത്ത ഒരു സുഖ സൗകര്യങ്ങളും എനിക്കു വേണ്ട എന്ന് ബിഷപ്പ് പറയുമായിരുന്നു. സ്വന്തമായി ഡ്രൈവർ ഇല്ലായിരന്നു. കാർ ഉണ്ടെങ്കിലും ഉപയോഗം കുറവ്. പലപ്പോഴും യാത്രകൾ ലോക്കൽ ബസ്സിലും ട്രെയിനിലുമായിരുന്നു. ബൈക്ക് ഇഷ്ട വാഹനമെങ്കിലും അതു പോലും ആഡംബരമായി കരുതിയിരുന്നു. ബിഷപ്പ് ഓഫീസിലില്ലെങ്കിൽ ഏതെങ്കിലും ഇടവകയിലോ സ്ഥാപനങ്ങളിലോ ആയിരിക്കും. രൂപതയിലെ ഓരോ ജോലിക്കാരനെയും വ്യക്തിപരമായി അറിയാമായിരുന്നു.
അപ്പോയിൻ്റ്മെൻ്റ്കൾ എടുക്കേണ്ടതില്ല. ബിഷപ്പ് ഹൗസ് ആർക്കും എപ്പോഴും കടന്നു വരാവുന്ന തുറന്ന വീട്. ചില വൈദികർക്ക് അസൗകര്യമുണ്ടാകുമ്പോൾ ഇടവകകളിൽ സബ്സ്റ്റിറ്റ്യൂട്ട് വൈദികനായി കുർബാന ചൊല്ലാൻ പോയിരുന്നു പോലും. അവൻ മരിച്ചിട്ടില്ല. നിരാശപ്പെടേണ്ടതില്ല. ജീവിക്കുന്ന ക്രിസ്തുമാർ സഭയിൽ അന്യം നിന്നു പോയിട്ടില്ല.
68 ആം വയസ്സിൽ റിട്ടയർമെൻ്റ് ചോദിച്ചു വാങ്ങി ഒരു ഇടവകയിൽ അസി. വികാരിയായി നിയമനം വാങ്ങി പോകുമ്പോൾ ഈ മനുഷ്യൻ കത്തോലിക്കാ സഭയിലെ ബിഷപ്പുമാരെ മുഴുവൻ വെല്ലുവിളിക്കുകയാണല്ലോ ദൈവമേ. ആഢംബരകാറുകളിൽ അഭിരമിക്കുന്ന വൈദികർ, കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സുഖശീതളിമ ആസ്വദിക്കുന്ന വൈദികർ, വലിയ ഇടവകക്കും സ്ഥാനമാനങ്ങൾക്കും വേണ്ടി പിടിവലി നടത്തുന്ന പാതിരിമാർ, കേസുകളും വാറണ്ടുകളും കൈമുതലാക്കിയ ബിഷപ്പുമാർ, പീഢനക്കേസുകളിലെ പ്രതികൾ, റിയൽ എസ്റ്റേറ്റ് ബിഷപ്പുമാർ തുടങ്ങി സഭയിലെ പ്രമുഖരെല്ലാം ബിഷപ്പ് സിംഗരായൻ്റ മുന്നിൽ ശൂന്യവൽക്കരിക്കപ്പെട്ടിരിക്കുന്നു.
ദൈവപരിപാലനയിലാശ്രയിക്കുന്ന ജീവിതങ്ങൾ ഇനിയും സഭയിലുണ്ട് എന്നത് ആശാവഹമാണ്. ഇത്തരം മനുഷ്യരുടെ ഹൃദയങ്ങളിൽ നിന്നാണ് ജീവജലത്തിൻ്റെ അരുവികൾ ഉറവയെടുക്കുന്നത്. ഈ അരുവികൾ ഭാരത സഭയുടെ ഊഷരഭൂമികൾ നനക്കട്ടെ. ആർദ്രതയുള്ള ഹൃദയങ്ങൾ പെരുകട്ടെ. അങ്ങിനെ മാത്രമെ സുവിശേഷം ജീവിക്കുകയും പടരുകയും വളരുകയും ചെയ്യൂ.
"എന്തു തിന്നുമെന്നോ എന്തു കുടിക്കുമെന്നോ അന്വേഷിക്കേണ്ടാ; ആകുലചിത്തരാവുകയും വേണ്ടാ. ഈ ലോകത്തിന്‍െറ ജനതകളാണ് ഇതെല്ലാം അന്വേഷിക്കുന്നത്. നിങ്ങള്‍ക്ക് ഇതെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ പിതാവിനറിയാം.
നിങ്ങള്‍ അവിടുത്തെ രാജ്യം അന്വേഷിക്കുവിന്‍. ഇവയെല്ലാം അതോടൊപ്പം നിങ്ങള്‍ക്കു ലഭിക്കും."
ലൂക്കാ 12 : 28-31
ഷൈജു ആൻ്റണി.