കോവിഡ് പാൻഡെമിക് ആകുമ്പോൾ വേണ്ടത് ജാഗ്രത
ലോകാരോഗ്യ സംഘടന കോവിഡ് 19 നെ ഒരു പാൻഡെമിക് ആയി പ്രഖ്യാപിച്ചു. അർഥം മനസ്സിലാവുന്നുണ്ടോ ? സംഭവം വളരെ സിംപിൾ ആണ്. കൈ വിട്ടു പോകാൻ വളരെ വളരെ വളരെ സാധ്യതയുണ്ട് എന്നർഥം. അതിർവരമ്പുകൾ ഇല്ലാത്ത ഈ ലോകത്ത് ഒത്തൊരുമിച്ചു ശ്രമിക്കാതെ തടയാൻ പറ്റില്ല എന്നർഥം. ഒരു രാജ്യത്തിനോ, ഒരു സംസ്ഥാനത്തിനോ, ഒരു ജില്ലയ്ക്കോ മാത്രമായി ഒന്നും ചെയ്യാൻ സാധിക്കില്ല എന്നർഥം.
ഒരു കേസിൽ നിന്നാണ് ഒന്നേകാൽ ലക്ഷം കേസ് ആയത്. 4500-ൽ അധികം മരണങ്ങൾ ഉണ്ടായത്. ഒരേ ഒരു വ്യക്തിയിൽ നിന്ന്. പകർച്ചവ്യാധികൾ അങ്ങനെയാണ്. ഏതു പൂട്ടും തകർത്ത് ഉള്ളിൽ കയറും. പൂട്ടിന്റെ പ്രശ്നമല്ല. പകർച്ചവ്യാധികളുടെ പ്രശ്നമാണ്.അപ്പോൾ നമ്മൾ കൂടുതൽ ശക്തിയായ പൂട്ടിട്ട് പൂട്ടും. മനുഷ്യർ ഒരുമിച്ചു നിന്ന് പൂട്ടും. അതാണ് ഇനി വേണ്ടത്.
* ഇറ്റലിയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം - 2313, മരണങ്ങൾ - 196, അവിടെ ഇതുവരെ ആകെ 12462 കേസുകളിൽ 827 മരണങ്ങൾ.
* ഇറാനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ - 958, മരണങ്ങൾ - 64. ആകെ 9000 കേസുകളിൽ 354 മരണങ്ങൾ.
* തെക്കൻ കൊറിയയിൽ പുതിയ കേസുകൾ - 242, മരണം - 0. ആകെ 7755 കേസുകളിൽ നിന്ന് 60 മരണങ്ങൾ.
* ഫ്രാൻസിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 497 കേസുകൾ, ഇന്നലെ മാത്രം മരണങ്ങൾ 15. ഇതുവരെ ആകെ 2281 കേസുകൾ, 48 മരണങ്ങൾ.
* സ്പെയിനിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 582, ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങൾ 19. ഇതുവരെ ആകെ 2277 കേസുകളിൽ 55 മരണങ്ങൾ.
* ജർമനിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 343 ഇതുവരെ ആകെ 1908 കേസുകൾ, മരണം 3.
* അമെരിക്കയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 306, മരണങ്ങൾ 8. ഇതുവരെ ആകെ 1300 കേസുകളിൽ 38 മരണങ്ങൾ.
* സ്വിറ്റ്സർലൻഡിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 155, ഇതുവരെ ആകെ 652 കേസുകൾ നാല് മരണം.
* ജപ്പാനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 52 കേസുകൾ, ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 639 കേസുകൾ, മരണങ്ങൾ 15.
* നോർവേയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 229 കേസുകൾ, ആകെ കേസുകൾ 629.
* ഡെന്മാർക്കിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 252 കേസുകൾ, ആകെ കേസുകൾ 514.
* നെതർലൻഡ്സിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 121 കേസുകൾ, ആകെ കേസുകൾ 503.
* സ്വീഡനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 145 കേസുകൾ, ആകെ കേസുകൾ 500.
* യുകെയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 73 കേസുകൾ, ആകെ കേസുകൾ 456.
* ഖത്തറിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 238 കേസുകൾ, ആകെ കേസുകൾ 262.
ചൈനയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പടുന്ന കേസുകൾ നാമമാത്രമാണ്. ഇതുവരെ ആകെ 80790 കേസുകളിൽ നിന്നും 3158 മരണങ്ങൾ. 61000-ലധികം പേർ രോഗവിമുക്തരായി. ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 4500-ൽ താഴെയെത്തി. 24 രാജ്യങ്ങളിൽ നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുകളിൽ കണക്കുകൾ എഴുതിയ രാജ്യങ്ങളെ കൂടാതെ ബെൽജിയം, സിങ്കപ്പൂർ, ഓസ്ട്രിയ, ഓസ്ട്രേലിയ, ക്യാനഡ, മലേഷ്യ, ഹോങ്കോങ്, ബഹ്റൈൻ, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിൽ നൂറിൽ കൂടുതൽ കേസുകളായി.
ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും ലോക്കൽ ട്രാൻസ്മിഷൻ ആരംഭിച്ചുകഴിഞ്ഞു. ചൈനയിൽ മാത്രം അല്ലേ ഇങ്ങനെ, കേരളത്തിൽ ഇങ്ങനെ വരില്ല എന്ന് ഇപ്പോഴും അഭിപ്രായം പറയുന്നവരുണ്ട്. ചൂട് കൂടിയതു മുതൽ കോണകം പാറ്റിയ കഥകൾ വരെ ഇതു സമർഥിക്കാൻ വേണ്ടി തള്ളുന്നവരുണ്ട്. ഇറ്റലിയിലെ കേസുകളുടെ രീതി ഒന്ന് പരിശോധിക്കാം.
ഫെബ്രുവരി 21- 1 കേസ്
മാർച്ച് 3 വരെ ആകെ 2500 കേസുകൾ
പിന്നീട് ഓരോ ദിവസവും പുതിയ എത്ര കേസുകൾ വന്നു എന്ന് പരിശോധിക്കാം.
മാർച്ച് 4 - 587,
മാർച്ച് 5 - 769
മാർച്ച് 6 - 778
മാർച്ച് 7 - 1247
മാർച്ച് 8 - 1492
മാർച്ച് 9 - 1797
മാർച്ച് 10 - 977
മാർച്ച് 11 - 2313
പല സ്രോതസുകളിൽ നിന്ന് ശേഖരിച്ച കണക്കുകളാണ്. ചെറിയ വ്യത്യാസങ്ങൾ അങ്ങോട്ടുമിങ്ങോട്ടും വന്നേക്കാം. കേരളത്തിൽ ഇങ്ങനെ വരില്ല എന്ന് അഭിപ്രായം പറയുന്നവർ ഇത് കൂടി വായിക്കണം. വരരുത് എന്ന ആഗ്രഹം എനിക്കുമുണ്ട്. പക്ഷേ നമ്മൾ പഠിക്കും എന്നു തോന്നുന്നില്ല. ഉത്സവത്തിൽ ആനയുടെ വാലിൽ ആൾക്കൂട്ടം തൂങ്ങിക്കളിക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ട വിഡിയോയിൽ ഉണ്ടായിരുന്നത്. നാളെയും ഉത്സവങ്ങളിൽ പങ്കെടുക്കണമെന്നുണ്ടെങ്കിൽ ഒന്ന് ഒതുങ്ങുന്നത് നല്ലതാണ്. പക്ഷേ നമ്മൾ പഠിക്കില്ല.
ആനയുടെ ചവിട്ട് കൊണ്ടുള്ള അപകടം മാത്രമല്ല പ്രശ്നം, വലിയ ആൾക്കൂട്ടങ്ങളിൽ കൊറോണ പടർന്നാൽ ഉണ്ടാകുന്ന പ്രശ്നം വളരെ വലുതാണ്. എത്ര തവണ പറഞ്ഞാൽ ആണ് മനസ്സിലാവുക എന്നറിയില്ല. ചിലർ അനുഭവം കൊണ്ടു മാത്രമേ പഠിക്കൂ... നമ്മൾ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം കേരളത്തിൽ മാത്രമായി പ്രതിരോധം നടത്താനാവില്ല എന്നതാണ്.
ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങൾക്ക് ഉടമയായ രാജ്യങ്ങളിൽ പോലും ഒരു ദിവസം ഇരുന്നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു. ആദ്യം എഴുതിയ കണക്കുകൾ നോക്കിയാൽ അറിയാം. അതുകൊണ്ട് ഇന്ത്യ ഒന്നടങ്കം തയാറെടുക്കണം. ഇന്ത്യ മാത്രമല്ല ലോകരാജ്യങ്ങൾ ഒന്നടങ്കം തയാറെടുക്കണം.
പല രാജ്യങ്ങളും പൂർണമായ ഷട്ട്ഡൗൺ ഉണ്ടാകുമെന്ന അറിയിപ്പ് നൽകി കഴിഞ്ഞു. ചിലപ്പോൾ എയർപോർട്ടുകൾ അടക്കം അടച്ചിടുന്ന സാഹചര്യം പോലും ഉണ്ടായേക്കാം. പലരാജ്യങ്ങളിലും യാത്രാവിലക്ക് നിലവിൽ വന്നു കഴിഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. അവിടെ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ഏതൊക്കെ രീതിയിൽ എന്നും വിലയിരുത്തേണ്ടതുണ്ട്.
കൃത്യമായ ആശയവിനിമയത്തിലൂടെ ഏറ്റവും മികച്ച സൗകര്യങ്ങൾ എല്ലാ സ്ഥലങ്ങളിലും ഉണ്ടാവും എന്ന് ഉറപ്പു വരുത്താനുള്ള ചുമതല കേന്ദ്രസർക്കാരിനുണ്ട്. ഇപ്പോൾ ചെയ്യേണ്ട കാര്യമാണ്. ഒന്നോ രണ്ടോ മീറ്റിങ്ങുകൾ കൂടി അറിയിപ്പുകൾ പുറത്തിറക്കി എന്നതു കൊണ്ടു മാത്രം കാര്യമില്ല. കൃത്യമായ ആസൂത്രണവും ഏകോപനവും ഉണ്ടാകണം. ഒരു ഇരുട്ടറയ്ക്കുള്ളിൽ പ്രകാശം വീഴാൻ ചെറിയൊരു സുഷിരം മതി എന്നതു മറക്കരുത്. ഒരു സുഷിരവും ഉണ്ടാകാത്ത പ്രതിരോധപ്രവർത്തനങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്.
പല സംസ്ഥാനങ്ങളിലുമുള്ള സുഹൃത്തുക്കളോട് സംവദിച്ചതിൽനിന്ന് മനസ്സിലാവുന്നത് മുന്നൊരുക്കങ്ങൾ വളരെ ഊർജിതമായി നടക്കുന്നില്ല എന്നാണ്. അത് പാടില്ല. വിദേശരാജ്യങ്ങളിലെ സാഹചര്യമല്ല. ഇന്ത്യയിലെ മെട്രൊകളിൽ, വലിയ നഗരങ്ങളിൽ ഒരു കേസ് വന്നാൽ അത് പതിനായിരമാകാൻ ഇറ്റലിയിൽ എടുത്ത അത്ര സമയം പോലും വേണ്ടിവരില്ല. പതിനായിരം ഒരുലക്ഷം ആകാൻ അത്ര പോലും സമയം വേണ്ടിവരില്ല. അവിടെയൊക്കെ വന്നാൽ കൊച്ചുകേരളത്തിൽ പടരാൻ തീരെ സമയം വേണ്ടിവരില്ല.
ഇപ്പോഴുള്ള കേസുകൾ നിയന്ത്രിച്ചാൽ മാത്രം പോരാ എന്നു ചുരുക്കം. എല്ലാ സ്ഥലങ്ങളിലും പ്രതിരോധ നടപടികൾ സ്വീകരിക്കണം. വൈറസ് ബാധയുള്ള ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് തടയണം. രോഗലക്ഷണങ്ങൾ ആരംഭിക്കാത്തവരും ചിലപ്പോൾ രോഗം നൽകാൻ കാരണമായേക്കാം. അതുകൊണ്ട് ആൾക്കൂട്ട ആഘോഷങ്ങൾ പരമാവധി ഒഴിവാക്കണം. അതിൽ വിഭാഗീയ ചിന്തകൾ ഒന്നും പാടില്ല. ബാറുകളുടെ കാര്യം പലരും ചോദിച്ചു കണ്ടു. അതുപോലെതന്നെ ബിവ്റേജസിലെ കാര്യവും. ലളിതമായ വിഷയമല്ല. എന്തൊക്കെ പറഞ്ഞാലും വലിയ ആൾക്കൂട്ടം എവിടെയും ഉണ്ടാകാതിരിക്കുതാണ് നല്ലത്.
എന്നാൽ സ്ഥിരമായി മദ്യപിക്കുന്നവർ ഒറ്റ ദിവസം പെട്ടെന്ന് നിർത്തുന്നത് ചിലപ്പോൾ പ്രശ്നമാകാം. Delirium tremens ഉണ്ടാവാൻ സാധ്യതയുണ്ട്. നിലവിലെ അവസ്ഥയിൽ അത് കൂടി കൈകാര്യം ചെയ്യാൻ നമ്മൾ സജ്ജമല്ല. ആശുപത്രികളിലെ തിരക്ക് വളരെയധികം കൂടാൻ സാധ്യതയുണ്ട്. ഒന്നുകിൽ ഹോം ഡെലിവറി ആലോചിക്കണം. നടപ്പാക്കാൻ സാധിക്കുമോ എന്ന് അറിയില്ല. പ്രായോഗികമാവില്ല എന്നാണ് അഭിപ്രായം. എന്തായാലും ബിവ്റേജസ് ഔട്ട്ലെറ്റിൽ വരി നിൽക്കുന്നവർ വ്യക്തിഗത ശുചിത്വ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. എല്ലാവരും മദ്യപിക്കണം എന്നല്ല ഈ എഴുതിയതിന് അർഥം.
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ് എന്നത് മാറ്റിപ്പറയുകയുമല്ല. സ്ഥിരമായി മദ്യപിക്കുന്നവർ എല്ലാവരും ഒറ്റയടിക്ക് ഇപ്പോൾ നിർത്തുന്നത് അത്ര നന്നാവില്ല എന്നു മാത്രമാണു പറഞ്ഞത്. ഒന്നോ രണ്ടോ പേർ, അല്ലെങ്കിൽ കുറച്ചു പേർ ഒറ്റയടിക്കു നിർത്തുന്നു എന്നത് കൈകാര്യം ചെയ്യാനുള്ള സജ്ജീകരണം നമുക്കുണ്ട്. മദ്യം കുടിച്ചു എന്ന് കരുതി വൈറസ് പകരില്ല എന്നുള്ള പ്രചരണം വെറും തെറ്റിദ്ധാരണയാണ്. എന്തായാലും മദ്യപിച്ച് വാഹനം ഓടിക്കരുത്, ഇങ്ങനെയൊരു സാഹചര്യത്തിൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തി ആശുപത്രിയിലാകരുത്.