സമ്മേളനങ്ങൾ നിർത്തിവച്ച് എൻഎസ്എസ്, എസ്എൻഡിപി യോഗം, കെസിബിസി
കൊച്ചി: കൊറോണയുടെ പശ്ചാത്തലത്തിൽ സംഘടനാതലത്തിലെ എല്ലാ യോഗങ്ങളും കൂട്ടായ്മകളും പരിപാടികളും താത്കാലികമായി നിർത്തിവയ്ക്കാൻ എസ്എൻഡിപി യോഗം, എൻഎസ്എസ്, കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) എന്നിവർ തീരുമാനിച്ചു. താലൂക്ക് യൂണിയനുകളും ശാഖായോഗങ്ങളും കൂടുതലാളുകൾ പങ്കെടുക്കുന്ന ഒരു പരിപാടികളും ഒരാഴ്ചത്തേക്ക് നടത്തരുതെന്ന് നിർദേശം നൽകിയതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. 31 വരെയുള്ള തന്റെ എല്ലാ പരിപാടികളും വെള്ളാപ്പള്ളി റദ്ദാക്കിയിട്ടുമുണ്ട്.
കോവിഡ് 19 വൈറസ് സംസ്ഥാനത്ത് വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ എൻഎസ്എസ് യൂണിയൻ, കരയോഗ പൊതുയോഗങ്ങളും സമ്മേളനങ്ങളും ഇനി അറിയിക്കുന്നതുവരെ ഒഴിവാക്കാൻ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നിർദേശിച്ചു. സർക്കാർ നിർദേശിക്കുന്ന മുൻകരുതലുകൾ പാലിക്കാൻ സമുദായാംഗങ്ങളെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം.
എൻഎസ്എസ് കോളെജുകളിലെ യാത്രയയപ്പ് സമ്മേളനങ്ങൾ, പൊതുയോഗങ്ങൾ, ടൂർ പരിപാടികൾ എന്നിവയും മാറ്റി. എൻഎസ്എസ് കോളെജുകളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള ഇന്റർവ്യൂവും (ഇംഗ്ലിഷ്, സ്റ്റാറ്റിസ്റ്റിക്സ്, ബോട്ടണി) മാറ്റിയതായി സെക്രട്ടറി അറിയിച്ചു. കോവിഡ് 19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍, കണ്വെന്ഷന്, തീര്‍ഥാടനം എന്നിവയ്ക്കെല്ലാം നിയന്ത്രണമേര്‍പ്പെടുത്തി കെസിബിസി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഭീതിയും പരിഭ്രമവും പരത്തുകയല്ല, ആവശ്യമായ മുന്‍കരുതലുകളെടുക്കുകയും ജാഗ്രത പാലിക്കുകയുമാണ് ആവശ്യമെന്ന് സര്‍ക്കുലര്‍ പറയുന്നു.
രോഗം പടരാതിരിക്കുന്നതിന് ആരോഗ്യവകുപ്പു നൽകിയിട്ടുള്ള മുന്നറിയിപ്പുകളും നിർദേശങ്ങളും കൃത്യമായി പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. രോഗാണുക്കള്‍ വേഗത്തില്‍ നിയന്ത്രണവിധേയമാകുന്നതിനും, കൂടുതല്‍ ആളുകളിലേക്കും രാജ്യങ്ങളിലേക്കും രോഗം പടരാതിരിക്കുന്നതിനും യാത്രകളെയും പ്രവര്‍ത്തനശൈലികളെയും നിയന്ത്രിക്കേണ്ടതുണ്ടെന്നും സ്ഥിതിഗതികള്‍ പഠിച്ച ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. സിബിസിഐ പ്രസിഡന്റും ബോംബെ ആര്‍ച്ചുബിഷപ്പുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ബോംബെ അതിരൂപതയില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് വൈദികര്‍ക്കും സ്ഥാപനമേധാവികള്‍ക്കും അയച്ചിട്ടുള്ള നിര്‍ദേശങ്ങളുടെ ഭാഗമായാണ് സര്‍ക്കുലര്‍.
അതേസമയം കോവിഡ്19 സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ വിശ്വാസികള്‍ക്കു ബോധവത്കരണ, ജാഗ്രതാ നിര്‍ദേശങ്ങളുമായി ചില പള്ളികള്‍ രംഗത്തെത്തി. കുര്‍ബാനക്ക് നല്കുന്ന അപ്പം കൈകളില്‍ വിശുദ്ധിയോടെ സ്വീകരിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. കുരിശുരൂപം, മറ്റ് രൂപങ്ങള്‍ ചുംബിക്കുകയോ തൊട്ടു മുത്തുകയോ ചെയ്യാതെ കൈകൂപ്പി വണങ്ങിയാല്‍ മതിയാകും. ഹന്നാന്‍ വെള്ളം ഇനിമുതല്‍ പൊതുവായി പള്ളിയില്‍ വയ്ക്കുന്നതല്ല. പ്രാര്‍ഥനാ സമയത്ത് എല്ലാവരും പരസ്പരം കൈകള്‍ കൂപ്പി നല്‍കണം. ദേവാലയത്തില്‍ ഇടപെടുന്ന ശുശ്രൂഷികള്‍ കൈകള്‍ വൃത്തിയാക്കി ശുശ്രുഷകള്‍ നിര്‍വഹിക്കണം. മുതലായ നിര്‍ദേശങ്ങളാണു വിശ്വാസികള്‍ക്കു നല്‍കിയിട്ടുള്ളത്. മുംബൈ, ഫരിദാബാദ്, മാണ്ഡ്യ രൂപതകളില്‍ സമാനമായ നിര്‍ദേശങ്ങളുമായി സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചിരുന്നു.