അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്താന്‍ 4 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി രാജ്നാഥ് സിംഗ് ഇന്ന് കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. ജമ്മു കശ്മീര്‍, രാജസ്ഥാന്, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ആഭ്യന്തരമന്ത്രിമാരുമായും രാജ്നാഥ് സിംഗ് ഇന്നും നാളെയുമായി ചര്‍ച്ച നടത്തും. രാജസ്ഥാനിലെ ജയ്സാല്‍മറിലാണ് യോഗം ചേരുന്നത്. പാക് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുന്നത് സംബന്ധിച്ചാണ് പ്രധാന ചര്‍ച്ച.
ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി, രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ, പഞ്ചാബിലെ ഡെപ്യൂട്ടി മുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. പൊലീസും ബിഎസ്എഫും തമ്മിലുള്ള കൂട്ടായ പ്രവര്‍ത്തനം ലക്ഷ്യംവെച്ചാണ് യോഗമെന്ന് ആഭ്യന്തരവകുപ്പിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
പാകിസ്താനുമായി 3323 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇന്ത്യക്കുള്ളത്. ഇതില്‍ 508 കിലോമീറ്റര്‍ ഗുജറാത്തിലും, 1037 കിലോമീറ്റര്‍ രാജസ്ഥാനിലും 553 കിലോമീറ്റര്‍ പഞ്ചാബിലും 1225 കിലോമീറ്റര്‍ ജമ്മുകശ്മീരിലുമാണ്. എന്നാല്‍ 2289.66 കിലോമീറ്റര്‍ മാത്രമാണ് ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിയില്‍(ഐബി) അതിരടയാളം രേഖപ്പെടുത്തിയിരിക്കുന്നത്. ബാക്കിയുള്ള അതിരടയാളം ജമ്മു കശ്മീരിലാണ്. ഇതാണ് നിയന്ത്രണ രേഖ.
2034 കിലോമീറ്റര്‍ വേലികെട്ടിയും മറ്റുമാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. ബാക്കിയുള്ള 254.80 കിലോമീറ്റര്‍ അതിര്‍ത്തി കൂടി കൊട്ടിയടക്കാനാണ് സര്‍ക്കാരിന്റെ ആലോചന.
മുഖ്യമന്ത്രിമാരും ആഭ്യന്തരമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം രാജ്നാഥ് സിംഗ് ജയ്സാല്മറില് മുറാര്‍ ബോര്‍ഡര്‍ ഔട്ട്പോസ്റ്റ് സന്ദര്‍ശിച്ച് ബിഎസ്എഫ് ജവന്മാരുമായി സംവദിക്കും. ബാര്‍മറിലെ മുനബാവോ ബോര്‍ഡര്‍ ഔട്ട്പോസ്റ്റില്‍ നാളെ രാജ്നാഥ് സിംഗ് സന്ദര്‍ശിക്കുന്നുണ്ട്.